പാ​മാം​കോ​ട് പാ​ല​ം പു​ന​ര്‍നി​ര്‍​മാ​ണം; സ്ഥ​ല​മേ​റ്റെ​ടു​പ്പ് വൈ​കു​ന്നു
Monday, July 29, 2024 6:40 AM IST
നേ​മം: നൂ​റ്റിയി​രു​പ്പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള പാ​മാം​കോ​ട് പാ​ല​ത്തി​ന്‍റെ പു​ന​ര്‍ നി​ര്‍​മാ​ണ​ത്തിനു സ്ഥ​ല​മേ​റ്റെ​ടു​പ്പു ന​ട​പ​ടി​ക​ള്‍ വൈ​കു​ന്നുവെന്ന് ആക്ഷേ പം. നേ​മം, കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​മാം​കോ​ട് തോ​ടി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ പു​ന​ര്‍ നി​ര്‍​മാണ​ത്തി​നാ​യി 6.15 കോടി രൂപയ്ക്കു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടും റ​വ​ന്യൂ​ വ​കു​പ്പി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് ന​യം കാ​ര​ണ​മാ​ണു പ​ണി തു​ട​ങ്ങാ​നാ​വ​ത്ത​തെ​ന്നാ​ണ് ആ​രോപണം.

പു​തി​യ പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം കാ​ര​ണം നി​ല​വി​ലെ പാ​ല​ത്തി​നു ബ​ല​ക്ഷ​യം കൂ​ടി വ​രി​ക​യാണ്. ഇ​രു​വ​ശ​ത്തു​നി​ന്നു വാ​ഹ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ചെ​ത്തു​മ്പോ​ള്‍ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് ക​രി​ങ്ക​ല്ലും ചു​ടു​ക​ല്ലും അ​ടു​ക്കി പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം ആ​ര്‍​ച്ചു​പോ​ലെ വ​ള​ച്ചാ​ണ് നി​ര്‍​മിച്ചി​ട്ടു​ള്ള​ത്.

എ​ഡി 1898-ല്‍ ​നി​ര്‍​മിച്ച​താ​ണ് പാ​ലം. മു​മ്പ് പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ള്‍ പൊ​തു​മ​രാ​മ​ത്ത് അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സ​മാ​ണ് ഇ​നി​യു​ള്ള​തെന്നാണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബ്രി​ഡ് ജ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. പാ​പ്പ​നം​കോ​ട് - മ​ല​യി​ന്‍​കീ​ഴ് റൂ​ട്ടി​ലു​ള്ള പാ​ല​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണു ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്ന​ത്. മ​ല​യി​ന്‍​കീ​ഴ്, മൂ​ക്കു​ന്നി​മ​ല പ്ര​ദേ​ശ​ത്തും എ​ളു​പ്പം എ​ത്താ​നു​ള്ള മാ​ര്‍​ഗം ഈ ​പാ​ല​മാണ്.

ക​ര​സേ​ന​യു​ടെ​യും വാ​യു​സേ​ന​യു​ടെ​യും കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന മൂ​ക്കു​ന്നി​മ​ല​യി​ലേ​ക്കു സൈ​നി​ക വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന​തും ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. വി​ള​വൂ​ര്‍​ക്ക​ല്‍, പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ നേ​മം വാ​ര്‍​ഡിന്‍റെയും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്താ​ണ് ഈ പാ​ലം. പാ​ല​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടും നി​ര്‍​മാണം നീ​ണ്ടു​പോ​കു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.