ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ആദിവാസികളെയും ക്രൈസ്തവരെയും അവഹേളിക്കുന്ന ആർഎസ്എസ് മേധാവിയുടെ വാക്കുകൾ നിന്ദ്യവും ന്യൂനപക്ഷവിരുദ്ധവും ചരിത്രനിഷേധവുമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ പുതിയ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നവർ, മതപരിവർത്തന ആരോപണത്തിന്റെ മറവിൽ രാജ്യദ്രോഹമെന്നതിനു പുതിയ ഇരകളെ കണ്ടെത്താനും ശ്രമിക്കുകയാണ്. രാമക്ഷേത്ര പതിഷ്ഠാദിനത്തിലാണ് ഈ രാജ്യത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും, ‘ഘർ വാപസി’ നടത്തിയതുകൊണ്ട് അത്രയും പേർ ദേശദ്രോഹികളായില്ലെന്ന് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി പറഞ്ഞതായും അവകാശപ്പെട്ടത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതാണ്.
രാജ്യസ്നേഹത്തിന്റെ കുത്തകയേറ്റെടുക്കുന്നതിനുള്ള സംഘപരിവാറിന്റെ കുറുക്കുവഴികൾ ചരിത്രാവബോധവും മതേതര-ജനാധിപത്യ ചിന്തയുമുള്ളവർ വിശ്വസിക്കില്ല. പക്ഷേ, ഇതരമതവിദ്വേഷത്തിനും വികലമാക്കപ്പെട്ട ദേശീയബോധത്തിനും അടിമകളായവർക്ക് അത് ഊർജമായേക്കാം. അത് ആപത്ത് മാത്രമല്ല, സ്വാതന്ത്ര്യസമര രക്തസാക്ഷികളോടും ആദിവാസികളോടും ക്രൈസ്തവരോടുമുള്ള നിന്ദയും ചരിത്രനിഷേധവുമാണ്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും നൂറ്റാണ്ടുകളായി ആക്രമണം നേരിട്ട ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ച ത് ഈ ദിനത്തിലാണെന്നുമാണ് കഴിഞ്ഞദിവസം മോഹൻ ഭാഗവത് പറഞ്ഞത്. ഭരണഘടനയുടെ അടിസ്ഥാനാദർശങ്ങൾ നടപ്പായിട്ടില്ലെന്നും അദ്ദേഹം ഖേദിക്കുന്നു. 10 വർഷത്തിലേറെയായി ബിജെപിയാണ് ഭരിക്കുന്നതെന്ന് അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ഭരണഘടനാ ആദരവിന്റെ ചരിത്രം അവിടെ നിൽക്കട്ടെ. പക്ഷേ, സമാനതകളില്ലാത്ത അഹിംസാമാർഗങ്ങളിലൂടെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഈ രാജ്യം കൈവരിച്ച സ്വാതന്ത്ര്യത്തിനു മുന്നിൽ ലോകം അദ്ഭുതാദരവുകളോടെ നിൽക്കുന്പോൾ, അതിനെ കേവലം ‘രാഷ്ട്രീയ സ്വാതന്ത്ര്യ’വും രാമക്ഷേത്ര പ്രതിഷ്ഠയെ ‘യഥാർഥ സ്വാതന്ത്ര്യ’വുമായി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണ്.
1947 ഓഗസ്റ്റ് 15നല്ല്ല, 2014ലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതെന്ന് മുന്‍പു പറഞ്ഞിട്ടുള്ളത് നടി കങ്കണ റണൗത്ത് ആണ്. നൂറ്റാണ്ടു നീണ്ട ഐതിഹാസിക സമരത്തിൽ പങ്കെടുത്തില്ലെന്ന ആരോപണം നേരിടുന്നവരുടെ അപകർഷതാബോധം മാത്രമാണോ ഇത്തരം നിന്ദകൾക്കു പിന്നിൽ? അതോ ന്യൂനപക്ഷവിരുദ്ധതയിലൂന്നിയ മതധ്രുവീകരണ രാഷ്ട്രീയത്തിന്റെ സാധ്യതകൾ അന്വേഷിക്കുന്ന വിചാരധാരകളോ? ഏതു നിലയിലായാലും ജനകോടികളുടെ വിശ്വാസകാര്യമായ രാമക്ഷേത്രത്തെയും, രാഷ്ട്രീയമില്ലാതെ രാഷ്ട്രത്തിനുവേണ്ടി ജനകോടികൾ നടത്തിയ പോരാട്ടഫലമായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും അവഹേളിക്കരുത്.
ഹീനമായ മറ്റൊരു പരാമർശം, ക്രൈസ്തവർക്കെതിരേ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ പേരിലാണ് മോഹൻ ഭാഗവത് നടത്തിയത്. മതം മാറിയവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ‘ഘര്‍ വാപസി’ ശ്രമങ്ങളെ പ്രണബ് പിന്തുണച്ചിരുന്നത്രെ. രേഖകളുടെ യാതൊരു പിൻബലവുമില്ലാതെ അദ്ദേഹം ഇൻഡോറിൽ പറഞ്ഞതിങ്ങനെ.
“ഘര്‍ വാപസിയെ ചൊല്ലി പാര്‍ലമെന്റില്‍ വലിയ ബഹളം നടക്കുന്ന കാലത്ത് ഡോ. പ്രണബ് മുഖര്‍ജിയെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. നിങ്ങള്‍ അത് ചെയ്തതുകൊണ്ട് 30 ശതമാനം ആദിവാസികള്‍…. അദ്ദേഹം പറഞ്ഞു. ഞാന്‍ ചോദിച്ചു, ക്രിസ്ത്യാനികള്‍ ആയില്ല എന്നാണോ എന്ന്. അല്ല, ദേശവിരുദ്ധര്‍ ആയില്ല എന്നാണ് പ്രണബ് മുഖര്‍ജി അതിന് മറുപടി നല്‍കിയത്-” ക്രൈസ്തവരെ അവഹേളിക്കാനും ആക്രമിക്കാനും നിർബന്ധിത മതപരിവർത്തനമെന്ന ആരോപണം ഉപയോഗിക്കുകയും, ഘർ വാപസി എന്ന പേരിൽ മതപരിവർത്തനം നടത്തി ക്രൈസ്തവരെയും സ്ഥാപനങ്ങളെയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ താത്പര്യങ്ങൾക്ക് അന്തരിച്ച രാഷ്ട്രപതിയെ ഉപയോഗിച്ചത് നിഷ്കളങ്കമാകാനിടയില്ല. ഇടയ്ക്ക് മതസൗഹാർദത്തിന്റെ വക്താവും ഇതരമതസ്ഥരുടെ ആരാധനാലയ സംരക്ഷകനുമാകുകയും പിന്നീട് കടകവിരുദ്ധമായ പ്രസ്താവനയിലൂടെ അതൊക്കെ പ്രഹസനമാക്കുകയും ചെയ്യുകയാണ് ആർഎസ്എസ് മേധാവി.
ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട്: “ഭരണഘടന അനുശാസിക്കുന്ന അന്തസോടെ ജീവിക്കാൻ അർഹതയുള്ള ആദിവാസികളെയും മറ്റു ദുർബലരെയുമാണ് മോഹൻ ഭാഗവത് ദേശവിരുദ്ധരെന്നു വിളിക്കുന്നത്. മറഞ്ഞിരിക്കുന്ന ഉദ്ദേശ്യവും ക്ഷുദ്രകരമായ അജൻഡയുമാണ് ഇതിലൂടെ പുറത്തു വരുന്നത്. അന്തരിച്ച മുൻ രാഷ്ട്രപതിയുടെ പേരിൽ വ്യക്തിഗത സംഭാഷണം ഉദ്ധരിക്കുന്നതുതന്നെ ഗുരുതരമാണ്. പ്രണബിന്റെ സംഭാഷണം അങ്ങനെയാണെന്നു വിശ്വസിക്കുന്നില്ല.
അഹിംസയിൽ വിശ്വസിക്കുന്ന സമാധാനപ്രിയരും സേവനത്തിൽ അധിഷ്ഠിതരുമായ ക്രൈസ്തവസമൂഹത്തെ ദേശവിരുദ്ധരെന്ന്, മൂന്നു തവണ നിരോധിക്കപ്പെട്ട സംഘടന വിളിക്കുന്നത് നിർഭാഗ്യകരമാണ്. സ്വാതന്ത്ര്യസമരം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക ഉന്നമനം തുടങ്ങി രാഷ്ട്രനിർമാണത്തിന്റെ വിവിധ മേഖലകളിൽ അഭിനന്ദനാർഹവും പ്രശംസനീയവുമായ പ്രവർത്തനങ്ങൾ നടത്തിയ സമൂഹമാണ് ക്രൈസ്തവരെന്നതു മറക്കരുത്.”
നൂറ്റാണ്ടുകളായി ക്രൈസ്തവർ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള ആദിവാസികൾ ഉൾപ്പെടെയുള്ളവർ മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനികളായിരുന്നെങ്കിൽ ഇന്ത്യയിലെ ഇന്നത്തെ ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനത്തിലും എത്രയോ അധികമാകുമായിരുന്നുവെന്ന് ഭാഗവതിന് അറിയാഞ്ഞിട്ടല്ല. ‘ഘർ വാപസി’യെന്ന ഓമനപ്പേരിൽ നടത്തുന്നതല്ലേ നിർബന്ധിത മതപരിവർത്തനം? ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ബിജെപി നേതാക്കളായ എൽ.കെ. അദ്വാനി, അരുൺ ജയ്റ്റ്ലി, വസുന്ധര രാജെ സിന്ധ്യ, ജെ.പി. നദ്ദ, പിയൂഷ് ഗോയൽ തുടങ്ങിയ നേതാക്കൾക്ക് അറിയാൻ വയ്യാത്ത മതപരിവർത്തന ശ്രമങ്ങളൊന്നും ക്രൈസ്തവർ അന്നുമിന്നും നടത്തുന്നില്ല.
ലക്ഷക്കണക്കിന് സംഘപരിവാറുകാർ ഇന്നും പഠിക്കുന്നത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. മികച്ച വിദ്യാഭ്യാസം നേടി ഹൈന്ദവരായിതന്നെ അവർ പുറത്തിറങ്ങുകയും ചെയ്യുന്നുണ്ട്. ആദിവാസികളിലെ ക്രൈസ്തവർ വിദ്യാഭ്യാസത്തിലും തുല്യതയിലും ജീവിതനിലവാരത്തിലും താരതമ്യേന മുന്നിലാണെങ്കിൽ അതിന്റെ കാരണം അന്വേഷിക്കുന്നതിനു പകരം, തെറ്റിദ്ധാരണ പരത്തരുത്.
ആദിവാസികളെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും ബഹുമാനിക്കാൻ ഭാഗവത് ആദ്യം സ്വന്തം അണികളെ പഠിപ്പിക്കൂ. വിഭാഗീയ രാഷ്ട്രീയത്തേക്കാൾ മഹത്തരമാണ് രാഷ്ട്രമെന്ന തിരിച്ചറിയലാണത്. എന്നിട്ടാവട്ടെ, ദേശസ്നേഹത്തിന്റെ സ്വയംപ്രഖ്യാപിത ബിംബങ്ങളാകുന്നതും മറ്റുള്ളവരെ ദേശദ്രോഹികളായി അപനിര്‍മി ക്കുന്നതും. സ്വാതന്ത്ര്യസമരത്തെയും ഭരണഘടനയെയും ബഹുമാനിക്കുകയും ജാതിമത ഭേദമെന്യേ എല്ലാ പൗരന്മാരെയും തുല്യരായി കാണുകയും ചെയ്യുന്ന യഥാർഥ ഇന്ത്യയെ അവഹേളിക്കാൻ ആർഎസ്എസിന് എന്നല്ല, ആർക്കുമില്ല അവകാശം.