കൗമാരപ്രതിഭകളേ, കലാ-കായിക വിജയങ്ങളിലൂടെ തിരുവനന്തപുരത്തും റാഞ്ചിയിലും തുറക്കപ്പെട്ട വാതിലുകൾ കടന്ന് അതിരില്ലാത്ത അതിശയങ്ങളിലേക്കു പറക്കുക. വിലക്കല്ല, പറക്കാനുള്ള ചിറകുകളാണ് അവർക്കാവശ്യമെന്ന് തിരിച്ചറിയാൻ സർക്കാർ വൈകരുത്.
തിരുവനന്തപുരത്തും റാഞ്ചിയിലും തലയുയർത്തി നിന്ന് നമ്മുടെ കുട്ടികൾ രാജ്യത്തോടു പറഞ്ഞിരിക്കുന്നു, ഒന്നാമതാണു കേരളമെന്ന്. തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവവും ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സും സമാപിച്ചപ്പോൾ തിളങ്ങുകയാണ് കേരളം. തിരുവനന്തപുരത്ത് കലാകേരളം പീലിവിരിച്ചാടി. കാൽ നൂറ്റാണ്ടിനുശേഷം തൃശൂർ കിരീടം നേടി.
കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാടിനു രണ്ടാം സ്ഥാനം. നേരിയ വ്യത്യാസത്തിൽ കണ്ണൂരിനു മൂന്നാം സ്ഥാനവും ലഭിച്ചു. ഇതേസമയം, റാഞ്ചിയിൽ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ നമ്മുടെ കുട്ടികൾ ചാന്പ്യന്മാരായി. നാടിന്റെ യശസുയർത്തിയ കഠിനാധ്വാനികളായ പ്രതിഭകളേ, അഭിനന്ദനങ്ങൾ! അവരെ പ്രതിഭകളാക്കാൻ അധ്വാനിച്ചവരേ നന്ദി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആറ് പോയിന്റുകളുടെ മാത്രം വ്യത്യാസത്തിലാണ് തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയത്. 1008, 1007, 1003, 1002 എന്നിങ്ങനെയായിരുന്നു യഥാക്രമം പോയിന്റുകൾ. മികവിന്റെ കാര്യത്തിൽ ആരും പിന്നിലല്ല. ഒന്നാം സ്ഥാനത്തോളം പ്രധാനമാണ് ഒന്നാന്തരം മത്സരങ്ങളും.
ആരോഗ്യകരമായ മത്സരം കാഴ്ചവച്ചവരും അതിനു പിന്നിൽ അഹോരാത്രം പണിയെടുത്ത അധ്യാപകരും പരിശീലകരും മാതാപിതാക്കളും, കാര്യമായ പരാതിയില്ലാതെ കലോത്സവം നടത്തിയ സർക്കാരും അഭിനന്ദനമർഹിക്കുന്നു. ഇത് കൂട്ടായ്മയുടെ ഫലമാണെന്നും അതിൽ എല്ലാവരും പങ്കുചേർന്നെന്നുമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്.
കേരളത്തിന്റെ ഈ കൗമാര കലോത്സവം ഗിന്നസ് ബുക്കിൽ ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1956ൽ കേരള സംസ്ഥാനം പിറന്ന വർഷംതന്നെ തുടങ്ങിയതാണ് ഈ കലോത്സവം. ഇടയ്ക്ക് രണ്ടുതവണ കോവിഡ് മൂലം മുടങ്ങി. ഇത്തവണ, 25 വേദികളിലായി 249 ഇനങ്ങളിൽ നടത്തിയ മത്സരത്തിൽ 15,000ത്തിലധികം വിദ്യാർഥികളാണു പങ്കെടുത്തത്.
ഇത്രയും ബൃഹത്തായ ഒരു കലാമേള സംഘടിപ്പിക്കൽ ഒട്ടും എളുപ്പമല്ല. എന്നിട്ടും, മന്ത്രി പറഞ്ഞതുപോലെ പരാതിക്കിടനൽകാതെ വിജയിപ്പിക്കാനായത് നിസാരമല്ല. തിരുവനന്തപുരത്ത് കലയുടെ ആറാട്ട് നടക്കുന്പോൾ ജാർഖണ്ഡിലെ റാഞ്ചിയിൽ കേരളം അങ്കത്തട്ടിലായിരുന്നു. ബിർസാ മുണ്ട സ്റ്റേഡിയത്തിൽ സമാപിച്ച 68-ാമത് സീനിയർ സ്കൂൾ അത്ലറ്റിക്സിൽ ആറു സ്വർണം, ആറു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ നേടി 138 പോയിന്റോടെയാണ് കേരളം ഓവറോൾ ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്.
123 പോയിന്റുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ആദ്യദിനത്തിൽ ഒരു വെങ്കലമെഡൽ മാത്രമാണു ലഭിച്ചതെങ്കിലും ആത്മവിശ്വാസം കൈവിടാത്ത പോരാളികളായിരുന്നു നമ്മുടെ കുട്ടികൾ. രണ്ടാം ദിവസം രണ്ടു മെഡലുകൾകൂടി നേടി. അവസാനത്തെ രണ്ടു ദിവസത്തെ സ്വർണക്കുതിപ്പ് നമ്മെ ഒന്നാമതെത്തിച്ചു.
കേരള സർക്കാർ കായികമേളയിൽനിന്നു വിലക്കിയ മലപ്പുറം തിരുനാവായ നാവാമുകുന്ദയുടെയും കോതമംഗലം മാർ ബേസിലിന്റെയും താരങ്ങൾ റാഞ്ചിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. നാവാമുകുന്ദയുടെ ആദിത്യ അജിയാണ് സീനിയർ 100 മീറ്റർ ഹർഡിൽസിലൂടെ സംസ്ഥാനത്തിനുവേണ്ടി ആദ്യം സ്വർണം നേടിയത്. മികച്ച രണ്ടു സ്കൂളുകളെ വിലക്കിയ തീരുമാനം തിരുത്താൻ ഇനിയൊരു നിമിഷം വൈകരുത്.
രാജ്യത്തിനു മുന്നിൽ കേരളത്തെ നെഞ്ചു വിരിച്ചു നിർത്തിയവരുടെ കൂന്പിനിടിക്കരുത്. വിലക്കു പിൻവലിച്ചുകൊണ്ടു വേണം റാഞ്ചിയിൽനിന്നു വിജയശ്രീലാളിതരായി മടങ്ങിയെത്തുന്ന കായികതാരങ്ങളെ സ്വീകരിക്കാൻ. കലാ-കായിക രംഗത്തെ താരങ്ങളേ, നിങ്ങളുടെ വിജയം വീട്ടലങ്കാരത്തിനുള്ള പതക്കങ്ങളല്ല. ഉന്നതവിജയങ്ങൾക്കു തീ പിടിപ്പിക്കാനുള്ള ഇന്ധനമാകണം.
കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ ആസിഫ് അലി പറഞ്ഞതുപോലെ, സ്കൂള്‍ കാലഘട്ടം കഴിയുമ്പോള്‍ നിങ്ങൾ കലയില്‍നിന്ന് അകന്നുപോകരുത്. ജീവിതം മുഴുവന്‍ കല കൂടെ വേണം. അതിന്റെ പേരില്‍ വേണം അറിയപ്പെടാൻ. തിരുവനന്തപുരത്തും റാഞ്ചിയിലും തുറക്കപ്പെട്ട വാതിലുകൾ കടന്ന് അതിരില്ലാത്ത അതിശയങ്ങളിലേക്കു പറക്കുക; ആശംസകൾ!