സ്കൂൾ കലോത്സവത്തിന്റെ വിജയികൾക്കുവേണ്ടി എഴുതാനിരുന്ന മുഖപ്രസംഗം ആദ്യ കലോത്സവത്തിന്റെ ഒരു വിജയിക്കുവേണ്ടി ദുഃഖഭാരത്തോടെ മാറ്റിയെഴുതേണ്ടിവന്നിരിക്കുന്നു. 1958ൽ നടന്ന രണ്ടാമത്തെ സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തിൽ ഒന്നാംസ്ഥാനം നേടുകയും സമ്മാനദാന വേദിയിൽ യേശുദാസിന്റെ പാട്ടിന് മൃദംഗം വായിക്കുകയും ചെയ്ത മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ വിട പറഞ്ഞിരിക്കുന്നു. പാടാനറിയാത്തവരെയും ഭാവഗായകരാക്കുന്ന 15,000 പാട്ടുകൾ, ഇനി ചരിത്രത്തിന്റെ മഞ്ഞലകളിൽ മുങ്ങിനിവർന്ന് ആ സംഗീതാർച്ചന തുടരും. പി. ജയചന്ദ്രൻ അനശ്വരനായിരിക്കുന്നു.
1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു ജനനം. രവിവര്‍മ്മ കൊച്ചനിയന് തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമൻ. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യ യുവജനോത്സവത്തിൽ പങ്കെടുത്തത്. കാലത്തിന്റെ തികവിൽ കേരളത്തിന്റെ ഗാനഗന്ധർവനായി മാറിയ യേശുദാസും ഭാവഗായകനായ ജയചന്ദ്രനും അന്ന് ഒന്നിച്ചത് കേരളത്തിൽനിന്നും കൗതുകമാണ്.
ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽനിന്നാണ് ജയചന്ദ്രൻ കുട്ടനെന്ന എട്ടാം ക്ലാസുകാരൻ എത്തിയത്. മൃദംഗത്തിൽ ഒന്നാം സ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും അദ്ദേഹത്തിനായിരുന്നു. പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽനിന്നെത്തിയ 10-ാം ക്ലാസുകാരൻ കെ.ജെ. യേശുദാസ് ശാസ്ത്രീയസംഗീതത്തിൽ ഒന്നാമനുമായി.
യേശുദാസിന്റെ സുഹൃത്തായിരുന്ന, ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. 1965ൽ "കുഞ്ഞാലിമരയ്ക്കാര്‍’ എന്ന പടത്തിൽ പി. ഭാസ്കരൻ രചിച്ച് ചിദംബരനാഥ് സംഗീതം നൽകിയ "ഒരുമുല്ലപ്പൂമാലയുമായ് ’എന്ന ഗാനമായിരുന്ന ചലച്ചിത്രഗാനരംഗത്തെ അരങ്ങേറ്റം. പക്ഷേ, "കുഞ്ഞാലി മരയ്ക്കാർ’ പുറത്തിറങ്ങാൻ വൈകിയതിനാൽ കളിത്തോഴൻ എന്ന സിനിമയിൽ ജി. ദേവരാജൻ സംഗീതം നൽകിയ “മഞ്ഞലയിൽ മുങ്ങിത്തോർത്തി’ അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനമായി 1967ൽ പുറത്തുവന്നു. പിന്നീട് ’അനുരാഗഗാനം പോലെ’ പുറത്തുവന്നതോടെ മലയാള ചലച്ചിത്രഗാന മേഖലയ്ക്ക് ജയചന്ദ്രനില്ലാതെ വയ്യെന്നായി.
ലോകം കേട്ട ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന് എ. വിന്‍സെന്റിന്റെ ശിപാര്‍ശ പ്രകാരം സംഗീത സംവിധായകന് ജി. ദേവരാജന്‍ പി. ഭാസ്കരന്റെ രചനയായ "മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം "കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം, പ്രായം നമ്മില്‍ മോഹം നല്കി, നിന് മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ, കല്ലോലിനി, ഏകാന്തപഥികൻ ഞാൻ ... തുടങ്ങിയ ചലച്ചിത്രഗാനങ്ങൾക്കൊപ്പം ഭക്തിഗാനങ്ങളും ലളിതഗാനങ്ങളുമൊക്കെയായി 15,000 പാട്ടുകൾ.
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം പാടുകയും ആസ്വാദകരെ നേടുകയും ചെയ്തു. "കന്നത്തിൽ മുത്തമിട്ടാൽ’ എന്ന ചിത്രത്തിൽ വൈരമുത്തു രചിച്ച് എ.ആർ. റഹ്മാൻ സംഗീതം നൽകി ചിന്മയിക്കൊപ്പം പി. ജയചന്ദ്രൻ പാടിയ "ഒരു ദൈവം തന്ത പൂവേ എന്ന ഗാനം’ ക്ലാസിക്കായി മാറി.
1986ൽ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും 1972, 1978, 2000, 2004, 2015 വർഷങ്ങളിൽ സംസ്ഥാന പുരസ്കാരവും ലഭിച്ചു. 2021ൽ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 1994ൽ മികച്ച ഗായകനുള്ള തമിഴ്നാടിന്റെ പുരസ്കാരവും 1997ൽ തമിഴ്നാടിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചു. സംഗീതപ്രേമികൾക്ക് നിലയ്ക്കാത്തൊരു സംഗീതോത്സവം സമ്മാനിച്ച് ജയചന്ദ്രൻ വേദിയിൽനിന്നിറങ്ങിയിരിക്കുന്നു. കരഘോഷങ്ങൾ നിലച്ചു. സംഗീതലോകം ആദരവോടെ ശിരസു നമിക്കുന്നു. പ്രിയ ഗായകാ വിട.