ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയിലെ ഉണ്ണിമോളെയും കുസൃതിക്കുറുപ്പിലെ ഇന്ദിരയെയും പ്രേക്ഷകർ മറന്നിട്ടില്ല. പെട്ടെന്ന് സെലിബ്രിറ്റി ലേബലിൽ നിന്നും അപ്രത്യക്ഷയായ കനകയെക്കുറിച്ച് സുഖകരമല്ലാത്ത നിരവധി വാർത്തകളാണ് കുറച്ചുനാളുകളായി പുറത്തുവരുന്നത്.
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി അന്പതോളം സിനിമകളിൽ കനക അഭിനയിച്ചിട്ടുണ്ട്. ഗോഡ്ഫാദറിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് വസൂധ, എഴര പൊന്നാന, വിയറ്റ്നാം കോളനി, ഗോളാന്തരവാർത്ത, വാർധക്യപുരാണം, കസൃതിക്കാറ്റ്, മംഗല്യസൂത്രം, ഭൂപതി, മന്ത്രിക്കൊച്ചമ്മ, നരസിംഹം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.
മുൻനിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, മുകേഷ് രജനികാന്ത്, വിജയകാന്ത്, പ്രഭു, കാർത്തിക് തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു. 2006-ൽ സൂര്യ-ജ്യോതിക ജോഡികളുടെ സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും കനക എത്തി. എന്നാൽ അതിനു ശേഷം കനക വെള്ളിത്തിരയിൽ നിന്നും പൊതുജീവിതത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു.
എങ്കിലും ഇടയ്ക്കിടെ കനക വാർത്തകളിൽ നിറയാറുണ്ട്. അച്ഛനുമായുള്ള സ്വത്ത് തർക്കം, അമ്മയുടെ മരണം എന്നിങ്ങനെ പല സംഭവങ്ങളം കേട്ടു. വീടിനു തീപിടിച്ചതറിഞ്ഞ് വീട്ടിലെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് കനക ദേഷ്യപ്പെടുകയും തട്ടിക്കയറുകയും ചെയ്തു. ഈ സംഭവം പുറത്ത് വന്നതോടെ കനകയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.
ഇപ്പോഴിതാ, വീണ്ടും വീടിനെക്കുറിച്ചുള്ള ചില റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ചെന്നൈയി ല ആർകെ പുരത്താണ് കനകയുടെ വീട്. വളരെക്കാലമായി ജീർണാവസ്ഥയിലാണ് വീടെന്നു ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും കാറുകൾ വീടിന് സമീപത്ത് പൊടിപിടിച്ച് നാശമായി കിടക്കുന്നു.
മുന്പ് കനകയെക്കുറിച്ച് പത്മിനി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കുറെയേറെ പൂച്ചകളും നായ്ക്കളും കനകയുടെ വീട്ടിലുണ്ടെന്നും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുകയാണെന്നും അവർ പറഞ്ഞു. കനകയുടെ മുൻ വീട്ടുജോലിക്കാരിയാണ് ഇക്കാര്യങ്ങൾ തന്നോടു പറഞ്ഞതെന്നായിരുന്നു പത്മിനിയുടെ വെളിപ്പെടുത്തൽ.
പ്രശസ്തിയുടെ നെറുകയിൽ നിൽക്കെ അപ്രതീക്ഷിത തിരിച്ചിടികളാണ് കനകയെ സിനിമയിൽ നിന്ന് അകറ്റിയതെന്നാണ് തമിഴകത്തെ സംസാരം. തമിഴിലെ മുൻനടിയായിരുന്ന ദേവികയുടെ മകളാണ് കനക. അച്ഛനും അമ്മയും വേർപിരിഞ്ഞാണു കഴിഞ്ഞിരുന്നത്.
അമ്മയുടെ മരണമാണ് കനകയെ തളർത്തിക്കളഞ്ഞതെന്നു തമിഴ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു ഒരിക്കൽ പറഞ്ഞിരുന്നു. അമ്മയെ നഷ്ടപ്പെട്ട ശേഷം കരാർ ചെയ്ത സിനിമകൾ പോലും ചെയ്തില്ല. അമ്മയുടെ ഓർമകളിൽനിന്നു കനകയ്ക്കു പുറത്തുകടക്കാൻ കഴിഞ്ഞില്ല. തന്റെ കല്യാണം കഴിഞ്ഞുവെന്നും ഭർത്താവിന്റെ പേര് പുരുഷോത്തമൻ എന്നാണെന്നും അദ്ദേഹം ന്യൂയോർക്കിലാണെന്നും അമ്മയുടെ മരണശേഷം കനക ഒരുവേള പറഞ്ഞിരുന്നു. മാധ്യമങ്ങൾ ഫോട്ടോ ചോദിച്ചെങ്കിലും കൊടുത്തില്ല. പിന്നീട് ആ വെളിപ്പെടുത്തൽ കള്ളമാണെന്ന് വ്യക്തമായി.
അമ്മ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും കനക അതിന്റെ ആഘാതത്തിൽനിന്നു വിമുക്തയായിട്ടില്ല. എപ്പോഴും ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചോദിച്ചാൽ ഭർത്താവിനെ കാത്തിരിക്കുന്നുവെന്ന മറുപടി മാത്രമാണ് പറയുന്നത്. അവരുടെ പെരുമാറ്റവും അങ്ങനെതന്നെയാണെന്നു സംവിധായകനും യുട്യൂബറുമായ ബയിൽവൻ രംഗനാഥനും അടുത്തയിടെ പറഞ്ഞിരുന്നു.
ഏതാനും വർഷം മുന്പു കനക മരിച്ചതായും കിംവദന്തി വന്നിരുന്നു. കാൻസർ രോഗം ബാധിച്ചു കനക മരിച്ചു എന്നാണ് പ്രചരിച്ചത്. അന്ന് ആ അഭ്യൂഹങ്ങൾ അവസാനിപ്പിക്കുന്നതിനായി കനകതന്നെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. വളരെ വൈകാരിമായി സംസാരിക്കുന്ന കനകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തനിക്കു കാൻസർ ഇല്ലെന്നു കനക മാധ്യമങ്ങളോടു വ്യക്തമാക്കുകയും ചെയ്തു. കാൻസർ ചികിത്സയ്ക്കായി കേരളത്തിലെ ആലപ്പുഴയിൽ ഞാൻ വന്നു എന്നാണു വാർത്തകൾ വന്നത്.
താൻ ആരോഗ്യവതിയാണെന്നും വിയറ്റ്നാംകോളനി ഷൂട്ടിംഗിനു വേണ്ടി ഒരിക്കൽ മാത്രമാണ് ആലപ്പുഴയിൽ വന്നിട്ടുള്ളതെന്നും അവർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇപ്പോൾ സിനിമയിൽനിന്നു വിട്ടുനിൽക്കുന്നത്. വൈകാതെ സിനിമയിൽ തിരിച്ചെത്തുമെന്നും കനക വ്യക്തമാക്കിയിരുന്നു.
പ്രദീപ് ഗോപി