ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്. മൂന്നുദിവസത്തിനപ്പുറം, ഓഗസ്റ്റ് 28ന് അവരുടെ ജന്മദിനം- 90 വയസ്! ആരോഗ്യത്തോടെ, സന്തോഷത്തോടെ നവതി ആഘോഷിക്കാൻ അവർ ഒരുങ്ങുകയായിരിക്കുമല്ലോ എന്നു കരുതിയത് വെറുതെയായി. ദ ഹിന്ദു ദിനപത്രത്തിന്റെ ഓണ്ലൈനിൽ അവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. നാലുമാസം മുന്പ്, ഏപ്രിൽ 26ന് അവർ ഈ ലോകംവിട്ടു..
ഈ സംഭവം അറിയാതെപോയല്ലോ എന്നുകരുതിയിരിക്കുന്പോഴാണ് സംഗീതഗവേഷകനും ഗ്രന്ഥകാരനുമായ രവി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്- ആ മരണവിവരം അധികമാരുമറിഞ്ഞില്ല. ചെന്നൈയിലെ ചുരുക്കം പത്രങ്ങളിൽ അപ്രധാനമായി ആ വിഖ്യാതഗായികയുടെ വിയോഗ വാർത്ത ഒതുങ്ങിപ്പോയി.
തേൻമഴ ചൊരിഞ്ഞ്
പി. സുശീലയുടെയും എസ്. ജാനകിയുടെയും ഗാനങ്ങൾ മലയാളിയുടെ മനസുകളിൽ കൂടുകൂട്ടുന്നതിനുമുന്പേയുണ്ട് എ.പി. കോമളയുടെ ലളിതസുന്ദരമായ പാട്ടുകൾ. ഈ പാട്ടുകൾ ഓർക്കുക- കണ്ണാ താമരക്കണ്ണാ, വെളുക്കുന്പോൾ കുളിക്കുവാൻ പോകുന്ന, കിഴക്കുദിക്കിലെ ചെന്തെങ്ങിൽ, ദൈവമേ കൈതൊഴാം, കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി, അപ്പോഴേ ഞാൻ പറഞ്ഞില്ലേ, വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും, സിന്ധുഭൈരവി രാഗരസം... ഒപ്പം ആ സുന്ദരസുരഭിലഗാനം- ശർക്കരപ്പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തികുമാരാ... (നാടകത്തിൽ കെപിഎസി സുലോചന പാടിയ ഗാനമാണ് റെക്കോർഡിംഗിൽ കോമള പാടിയത്).
ഈ പാട്ടുകളൊക്കെ പാടിയത് കോമളയാണോ എന്നു വിസ്മയിക്കുന്നവരും കുറവാകില്ല. ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ 1973ൽ പുറത്തിറങ്ങിയ തനിനിറം എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അവരുടെ സ്വരംകേട്ടത്.
ആന്ധ്രയിൽ ജനിച്ച് തമിഴ്നാട്ടിലേക്കു പറിച്ചുനടപ്പെട്ട് പാട്ടിൽ ജീവിച്ച ഗായികയാണ് കോമള. തമിഴ് സിനിമയിൽ പിന്നണിഗാനശാഖ ആരംഭിച്ചകാലംമുതൽ ആർക്കാട് പാർഥസാരഥി കോമള എന്ന എ.പി. കോമള രംഗത്തുണ്ടെന്നു പറയാറുണ്ട്. തമിഴിലും തെലുങ്ക്, കന്നഡ, മലയാളം എന്നിവയിലുമായി ആയിരത്തിലേറെ ഗാനങ്ങൾ പാടി. പിതാവ് പാർഥസാരഥിതന്നെയായിരുന്നു ആദ്യ ഗുരു.
പാട്ടുപഠിച്ചു പാടുന്നവരേക്കാൾ പാട്ടുകേട്ടാൽ അതു പുനരാവിഷ്കരിക്കാൻ കോമളയ്ക്കു കുട്ടിക്കാലംമുതൽതന്നെ കഴിവുണ്ടായിരുന്നു. പാർഥസാരഥിയുടെ സ്നേഹിതനായിരുന്ന സംഗീതജ്ഞൻ ജി. ഭൈടിസ്വാമിയുടെ കീഴിൽ രാജമുന്ദ്രിയിൽ ഗുരുകുല സന്പ്രദായത്തിൽ പാട്ടുപഠിച്ചുതുടങ്ങുന്പോൾ കോമളയ്ക്ക് ഏഴുവയസ്. (എസ്. ജാനകി അടക്കം പലരുടെയും ഗുരുവായിരുന്നു ഭൈടിസ്വാമി). പിന്നീട് നരസിംഹലു എന്ന മറ്റൊരു ഗുരുവിനു കീഴിലും കോമള അഭ്യസിച്ചു.
ആകാശവാണിയിൽ പാടാൻ ഇതിനിടെ ഒട്ടേറെ അവസരങ്ങൾ കിട്ടിയിരുന്നു. അവരുടെ കഴിവുതിരിച്ചറിഞ്ഞ അധികൃതർ സ്ഥിരംപാട്ടുകാരിയായി നിയമിക്കുകയും ചെയ്തു.
അപൂർവം, സുന്ദരം
വിവാദി രാഗങ്ങളിലും അപൂർവ കൃതികളിലുമുള്ള താത്പര്യമാണ് വിദുഷി എ.പി. കോമളയെ ആകാശവാണിയിൽ വ്യത്യസ്തയാക്കിയതെന്ന് മ്യൂസിക്കോളജിസ്റ്റും നർത്തകിയുമായ വിദ്യ ഭവാനി സുരേഷ് എഴുതുന്നു. ചെന്നൈ ആകാശവാണിക്കാലത്ത് കോമളയുടെ സഹപ്രവർത്തകയും സുഹൃത്തുമായിരുന്ന വിജയലക്ഷ്മി മൂർത്തിയുടെ മകളാണ് വിദ്യ. പതിമൂന്നാം വയസിൽ കോമളയ്ക്കു കീഴിൽ സംഗീതമഭ്യസിച്ചിരുന്നു അവർ. ഇടയ്ക്കു മുടങ്ങിയെങ്കിലും വർഷങ്ങൾക്കുശേഷം പഠനം വീണ്ടും തുടർന്നു.
അപൂർവരാഗങ്ങളോടുള്ള കോമളയുടെ ആഴത്തിലുള്ള ഇഷ്ടം വെളിവാക്കുന്ന ഒരു സന്ദർഭം ഹിന്ദുവിൽ എഴുതിയ കുറിപ്പിൽ വിദ്യ ഓർമിക്കുന്നതിങ്ങനെ: ഒരിക്കൽ ക്ലാസിനിടയ്ക്ക് കല്യാണി രാഗത്തിന്റെ അപൂർവ ജന്യമായ കല്യാണദായിനി രാഗം കോമളയ്ക്ക് ഓർമവന്നു. ഇതേ രാഗത്തിലുള്ള ദേശികരുടെ ഒരു കൃതി പഠിച്ചതും ഓർമിച്ചു. പക്ഷേ അവർക്കതിന്റെ സാഹിത്യം ഒട്ടും ഓർമകിട്ടുന്നില്ലായിരുന്നു. അതിൽ സങ്കടപ്പെടുകയും ചെയ്തു.
ഇന്റർനെറ്റിലും പുസ്തകക്കടകളിലും ലൈബ്രറികളിലും ഒരുപാടുനാൾ തെരഞ്ഞശേഷം എനിക്കാ കൃതിയുടെ വരികൾ കണ്ടെത്താനായി. എന്റെ പരിശ്രമത്തിനു പ്രതിഫലംകിട്ടി- അവരുടെ അളവറ്റ സന്തോഷം! സാഹിത്യത്തിലേക്ക് വെറുതെയൊന്നു നോക്കിയശേഷം അവർ ആ കൃതി മുഴുവനായി പാടിക്കേൾപ്പിക്കുകയും ചെയ്തു. അപ്രശസ്തരായ സംഗീതജ്ഞരുടെ കൃതികൾപോലും അവർക്കറിയാമായിരുന്നു. അവർ മടങ്ങി, പക്ഷേ ആ ശബ്ദം അലയടിച്ചുകൊണ്ടിരിക്കും.
കോമളയിലെ സംഗീതജ്ഞയെ ദേവരാജൻ മാസ്റ്റർ കൃത്യമായി മനസിലാക്കിയിരുന്നു- "ഉറച്ച ശബ്ദം, ശ്രുതിശുദ്ധിയുള്ള ആലാപനം. കർണാടക സംഗീതം ദീർഘകാലം അഭ്യസിച്ചതുകൊണ്ടുള്ള ഗുണമാണ്'- കോമളയെക്കുറിച്ചു ദേവരാജൻ മാസ്റ്റർ പറഞ്ഞത് രവി മേനോൻ ഓർക്കുന്നതിങ്ങനെ.
സിനിമാപ്പാട്ടുകളിൽ തന്റെ ശാസ്ത്രീയ സംഗീതവഴികൾ മുടങ്ങുന്നതിൽ ഖിന്നയായിരുന്നു കോമള. പെട്ടെന്നൊരുനാൾ സിനിമയിൽനിന്ന് ഒഴിഞ്ഞുപോകുകയും ചെയ്തു അവർ. ആകാശവാണിയിലെ ഒൗദ്യോഗിക തിരക്കുകൾ, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ- ഇതെല്ലാമാണ് കാരണങ്ങളായി കോമള രവി മേനോനോടു പറഞ്ഞത്. മറ്റൊന്നിനും നീക്കിവയ്ക്കാൻ സമയമില്ലാതെ പോയി.
ഞങ്ങളുടേത് വലിയൊരു കുടുംബമാണ്. ഒന്പതു സഹോദരങ്ങൾ അടങ്ങിയ കുടുംബം. അച്ഛൻ മരിച്ചശേഷം കൂടപ്പിറപ്പുകളുടെ കാര്യംകൂടി നോക്കേണ്ടിവന്നു. എന്റെ ശന്പളമാണ് അന്ന് കുടുംബത്തിന്റെ പ്രധാന വരുമാനം. രണ്ടു സഹോദരന്മാരെയും രണ്ടു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചു. ബാക്കി എല്ലാവരും (കോമളയടക്കം) അവിവാഹിതരായി തുടർന്നു... ഇവിടെ ഞങ്ങളെല്ലാം ഒരു കുടുംബംപോലെ കഴിയുന്നു. കളിചിരിയും പാട്ടും ഒഴിഞ്ഞ സമയമില്ല ഈ വീട്ടിൽ...
സഹോദരി ഗംഗ, സഹോദരൻ ഗജപതി എന്നിവർക്കൊപ്പം ചെന്നൈ മടിപ്പാക്കത്തെ വീട്ടിലായിരുന്നു കോമളയുടെ താമസം. ഇപ്പോൾ ആ വീട്ടിൽനിന്ന് കളിചിരികളും പാട്ടും അകന്നിരിക്കുന്നു. അവസാനകാലം ഓർമകൾ പിടിവിട്ടുപോയിരുന്നു കോമളയ്ക്ക്. ഒടുക്കംവരെ സംഗീതോപാസന തുടർന്നു. ആ പാട്ടോർമകൾ നമുക്കു സ്വന്തം.
ഹരിപ്രസാദ്