"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന്ന കണ്പോളകളുടെ വിടവിലൂടെ മൂടല്മഞ്ഞിലൂടെയെന്നോണം അവ്യക്തമായി ആ കാഴ്ച കണ്ടു. മിന്നുന്ന കുര്ബാനക്കുപ്പായമണിഞ്ഞ വൈദികന് ഉണ്ണീശോയെ കൈയിലെടുത്തു ദേവാലയത്തിന്റെ പ്രധാന വാതിൽക്കലേക്കു നടന്നുവരുന്നു.
പള്ളിയിൽനിന്ന് അപ്പോള്‍ തിരുപ്പിറവിയുടെ മംഗളഗാനങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ഇനി ഉണ്ണീശോയെ തീ കായ്ക്കുന്ന ചടങ്ങാണ്. വിശ്വാസികളെല്ലാവരും പള്ളിയുടെ വെളിയിലേക്കിറങ്ങി. കുരിശിന്തൊട്ടിയുടെ സമീപം അടുക്കിവച്ച ചുള്ളിക്കമ്പുകളില്‍ തീപിടിച്ചുതുടങ്ങി. വൈദികന് ഉണ്ണീശോയെ തീക്കുണ്ഡത്തിനു മീതെ ഉയര്‍ത്തിപ്പിടിച്ചു. തണുത്തുവിറച്ചിരിക്കുന്ന ഉണ്ണീശോയ്ക്ക് ചൂടുപകരട്ടെ.. പെട്ടെന്ന് അച്ചന്റെ കുര്ബാനക്കുപ്പായത്തിലേക്കു തീ ആളിപ്പടര്‍ന്നു. അച്ചന്റെ ആര്‍ത്തനാദങ്ങള്‍ക്കിടയില്‍ വിശ്വാസികള്‍ ഭയപ്പാടോടെ ചിതറിയോടി.
അലര്‍ച്ചയോടെ ചാടിയെണീറ്റു. ഇപ്പോള്‍ ഉണ്ണീശോയും വികാരിയച്ചനുമില്ല. മമ്മിയും മറ്റുള്ളവരുമില്ല. പള്ളിയോ കുരിശിന്തൊട്ടിയോ ഇല്ല. ഏതോ ദുഃസ്വപ്നത്തിന്റെ കയങ്ങളില്‍ വീണുകിടക്കുകയായിരുന്നു താനെന്ന് അപ്പോഴാണ് മനസ്സിലായത്. ഇനി ഉറങ്ങാന്‍ വയ്യ.. അല്ലെങ്കിലും മനസമാധാനത്തോടെ ഉറങ്ങിയിട്ട് എത്ര നാളുകളായി! ഉറങ്ങാന്‍ തുടങ്ങുമ്പോഴെല്ലാം കുത്തിയൊലിച്ചുവരുന്ന ജലപ്രളയത്തിന്റെ ഇരമ്പലാണ് കാതുകളില്‍.. ചിതറിത്തെറിച്ചു വരുന്ന പെരുങ്കല്ലുകളാണ് കണ്മുമ്പില്.. ഓര്‍മ്മകളിലേക്ക് ഒരു മലയിടിഞ്ഞുവരുന്നു... എങ്ങനെ ഉറങ്ങാനാണ്.. വല്ലാത്ത ഭയംതോന്നുന്നു, ഉറങ്ങാന്‍ വയ്യാത്ത ജീവിതം.
ചില നിമിഷങ്ങള്‍ കടന്നുപോകാനാണ് പാട്. ചില നിമിഷങ്ങളില്‍ സംഭവിച്ചവയുടെ അര്‍ഥമറിയാനാണ് അതിലേറെ പാട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.. അവയുടെയെല്ലാം പിന്നിലെന്താണുള്ളത് ? ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്നവര്‍ക്ക് ഒരിക്കലും അവയുടെ അര്‍ഥം പിടികിട്ടാറില്ല. എന്നാല്‍, ദുരന്തം പടികടന്നുവന്നിട്ടില്ലാത്തവര്ക്കാകട്ടെ അത്തരം സംഭവങ്ങളെ വ്യാഖ്യാനിക്കാന്‍ പ്രത്യേക വശവുമുണ്ട്. ദൈവഹിതം. ദൈവത്തിന്റെ പദ്ധതി. ദൈവം.
ഇപ്പോള്‍ ഈ ലോകത്തിലേക്കുവച്ചേറ്റവും ഉപയോഗശൂന്യമായ പദമാണ് അതെന്നു തോന്നി. ആര്‍ക്കും ഉപദ്രവം ചെയ്യാതെയും ആരെയും ദ്രോഹിക്കാതെയും ജീവിച്ചിരുന്ന ഒരുപറ്റം മനുഷ്യരെ ഒറ്റയടിക്ക് ഉറക്കത്തില്‍ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ദൈവം എത്രത്തോളം നല്ലവനാകും? അതൊരു തണുത്ത, കുളിരുള്ള പാതിരാത്രിയായിരുന്നു. അപ്പോഴാണ് 'എണീല്ക്ക്, നിന്നോട് ഒരു കാര്യം പറയാനുണ്ട്, എന്ന മട്ടില്‍ ഫോണ്‍ ബെല്ലടിച്ചത്. ഒട്ടുമേ തിടുക്കമോ ആകാംക്ഷയോ ഇല്ലാതെയാണ് കട്ടിലില്‍ കിടന്നുകൊണ്ട് ഫോണെടുത്തത്.
ആരാണ് എന്നുപോലും നോക്കാതെ "പറയെടീ നീയെന്തു തീരുമാനിച്ചു' എന്നു കണ്ണടച്ചുകിടന്നുകൊണ്ടുതന്നെ സംസാരിച്ചു.. യുകെയിലെ എക്സിറ്ററില്നിന്ന് നിലീനയുടെ ശബ്ദം കാതുകളിലെത്തി."എടാ ക്രിസ്മസിനു വരണമെന്ന് എനിക്കുമാഗ്രഹമുണ്ട്. പക്ഷേ, ഞാനിവിടെയെത്തിയിട്ട് ആറു മാസം ആയതല്ലേയുള്ളൂ. അതിനുമുമ്പ് എനിക്കെങ്ങനെ ലീവ് കിട്ടാനാ.. നീയെന്റെ അവസ്ഥ മനസിലാക്ക് ' - അവള് സങ്കടത്തോടെ പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ച മറുപടി അതുതന്നെയായതിനാല്‍ കൂടുതലൊന്നും അതേക്കുറിച്ചു പറയാന്‍ തോന്നിയില്ല.
"അലന്, നീ ഹാപ്പിയായിട്ടിരിക്ക്. ഞാന്‍ നിന്റെ അടുത്തുണ്ടെന്നു തന്നെ വിശ്വസിക്ക്..''ഉം' എന്ന് അപ്പോള്‍ മൂളി. ദൂരങ്ങളൊക്കെ അടുത്തായിരിക്കുമ്പോള്‍ എല്ലാവരും അടുത്തുള്ളതുപോലെ തോന്നും. പക്ഷേ, ആവശ്യമുള്ളപ്പോള്‍ ആരും അടുത്തുണ്ടാവില്ല. ജീവിതത്തിലെ ചില അപൂര്‍വനിമിഷങ്ങളില്‍ മാത്രമാണ് ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യവും സാമീപ്യവും ഏറ്റവും കൂടുതലായി ആഗ്രഹിച്ചുപോകുന്നത്.
എന്നെയൊന്ന് അണച്ചുപിടിക്കൂ.. എന്നോടു ചേര്‍ന്നിരിക്കൂ..ഞാന്‍ ഒറ്റയ്ക്കാണ്. എനിക്കാരുമില്ല. നിന്റെ സാന്നിധ്യം എത്രത്തോളം എനിക്ക് വിലപ്പെട്ടതാണെന്നു നീയൊരിക്കലും അറിയുന്നില്ല. പക്ഷേ, അതൊക്കെ ആരു മനസിലാക്കുന്നു..ജീവിതം ഉരുള്‍പ്പൊട്ടലിലെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നുവെന്നു തോന്നുമ്പോള്‍ എവിടെയെങ്കിലും പിടിച്ചുകിടക്കാന്‍, പിടിച്ചുകയറാന്‍ ഒരു വേര്. അതാണ് ചിലരുടെ സാന്നിധ്യങ്ങള്‍. പക്ഷേ, അതുപോലും ഇല്ലാതെയാകുന്നുവെന്നു വരുമ്പോള്‍...
"മെഡിസിനെടുക്കുന്നില്ലേ'നിലീന ഓര്മപ്പെടുത്തുംപോലെ ചോദിച്ചു."ഞാനിപ്പോ ഒരു സ്വപ്നം കണ്ടതേയുള്ളൂ.'അറിയിച്ചത് മറ്റൊരു കാര്യമാണ്."നല്ല കാര്യം. സ്വപ്നം കാണാന്‍ മാത്രം ഉറക്കമൊക്കെ ഇപ്പോള്‍ നിനക്കു കിട്ടിത്തുടങ്ങിയല്ലോ..' "എന്നിട്ട് പറ,എന്തായിരുന്നു സ്വപ്നം?'"അതോ, മമ്മിയെന്നെ പാതിരാക്കുര്‍ബാനയ്ക്കു വിളിച്ചുകൊണ്ടുപോയതായിരുന്നു. എനിക്ക് എട്ടോ പത്തോ വയസുകാണും.'"നല്ല സ്വപ്നമാണല്ലോ എന്നിട്ട്..'"കുര്‍ബാനയ്ക്ക് ഇടയ്ക്ക് ഉറങ്ങിപ്പോയി. പക്ഷേ, മമ്മി വിളിച്ചെണീല്പിച്ചു. കാരണം പിറവി അപ്പോഴേയ്ക്കും കഴിഞ്ഞിട്ടുണ്ടായിരുന്നു.
വികാരിയച്ചന് ഉണ്ണീശോയെയുംകൊണ്ട് തീ കായിക്കാനായി പുറത്തേക്കു പോയി. അതിന്റെ പിറകെ എന്റെ കൈപിടിച്ചു മമ്മിയും. കുരിശിന്ത്തൊട്ടിയുടെ സമീപത്തു വിറകു കൂട്ടിയിട്ടുണ്ടായിരുന്നു. കപ്യാരു ജോയിച്ചേട്ടന് തീ കൊളുത്തി. അച്ചന് കുളിരാല്‍ വിറയ്ക്കുന്ന ഉണ്ണീശോയ്ക്കു ചുടുപകര്ന്നുകൊണ്ട് കത്തിയെരിയുന്ന തീയ്ക്കു മീതെ ഉണ്ണീശോയെ ഉയര്‍ത്തിപ്പിടിച്ചു. പെട്ടെന്ന് അച്ചന്റെ കുര്ബാനക്കുപ്പായത്തിനു തീ പിടിച്ചു.'
അപ്പുറത്തുനിന്നു കഥ കേള്‍ക്കുന്നുണ്ടോയെന്ന സൂചനയൊന്നും കേട്ടില്ല."നീ ഞാന്‍ പറയുന്നതു കേള്‍ക്കുന്നുണ്ടോ?'"ഉം'.. നേര്‍ത്ത മൂളല്‍ കേട്ടു."അത്രേയുളളൂ.. സ്വപ്നം കഴിഞ്ഞു.'"ഉം..'"വെള്ളമെടുത്തുകൊണ്ടുപോയ മനുഷ്യരെ ദൈവം ഇനി അഗ്നിയിറക്കിയും പരീക്ഷിക്കുമെന്ന് തോന്നുന്നു.'"അങ്ങനെയൊന്നുമില്ലെടാ.. നീ വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നിട്ടാ.. നെറ്റിയില്‍ കുരിശുവരച്ച് ഉണ്ണീശോയോട് പ്രാര്ഥിച്ചിട്ടു കിടന്നോ..'"ഞാന്‍ പ്രാര്‍ഥനകള്‍ അവസാനിപ്പിച്ചു.
ഇനിയെനിക്കു പ്രാര്‍ഥിക്കാന്‍ പുതിയൊരു ദൈവം ഉണ്ടാവണം.'"അങ്ങനെയൊന്നും പറയല്ലേടാ.'"പറയാതെ പിന്നെ? ഒരു തെറ്റും ചെയ്യാത്ത കുറെ മനുഷ്യരെയൊക്കെ കണ്ണടച്ചുതുറക്കുന്ന നിമിഷംകൊണ്ട് തുടച്ചുനീക്കിയ ആളോട് ഇനി ഞാന്‍ പ്രാര്‍ഥിക്കാനോ.. ആ ആളെ ഞാന്‍ ദൈവമെന്ന് വിളിക്കുമെന്നോ..'
"നീ.. നീയിങ്ങനെയൊന്നും പറയാതെ...'"എനിക്ക് നിന്നെയൊന്നു കാണണം. നീ വീഡിയോ കോള്‍ ചെയ്യ്.'"ഇപ്പോ ഡ്യൂട്ടി ടൈമാ. നിനക്കറിയില്ലേ? സൂപ്പര്‍വൈസര്‍ ഇപ്പോ വരും. ആ എത്തി..'നിലീന തിടുക്കത്തില്‍ സംസാരിച്ചതും ഫോണ്‍ കട്ടാക്കിയതും ഒരുമിച്ചായിരുന്നു. കട്ടിലില്‍ എണീറ്റിരുന്നു. ഐഇഎല്‍ടിഎസിന് പഠിക്കുന്നതിനിടയില്‍ ആഴ്ചയില്‍ വീട്ടിലെത്തുമ്പോള്‍ തിരികെ കോഴിക്കോട് വരെ അവളെ ബൈക്കില്‍ കൊണ്ടുപോയി ആക്കിയിരുന്ന ദിവസങ്ങള്‍ ഓര്‍മയില്‍ വന്നു.
ചുരം കയറിയും ഇറങ്ങിയുമുള്ള യാത്രകള്‍. കോഴിക്കോട് ബീച്ചിലും മാനാഞ്ചിറയിലും വര്‍ത്തമാനം പറഞ്ഞുനടന്ന വൈകുന്നേരങ്ങള്‍. ഉണര്‍ന്നിരിക്കുമ്പോഴൊക്കെ, പലതരം ഓര്‍മകള്‍ വന്നു. ചതുരംഗക്കളത്തിലെ കരുക്കളെന്നപോലെ പലതും വെട്ടുന്നു. നിരത്തുന്നു. ചിലപ്പോള്‍ കാതുകളില്‍ മലവെള്ളപ്പാച്ചിലിന്റെ ഇരമ്പലുണ്ടാകും. ഒലിച്ചുപോയത് മണ്ണും മരങ്ങളും കല്ലും പുല്ലുകളും മാത്രമായിരുന്നില്ല, അതിനെല്ലാംഅപ്പുറം വിലയുള്ള കുറെ ജീവിതങ്ങളായിരുന്നു.
അവരുടെ സ്വപ്നങ്ങളായിരുന്നു. മണ്ണിനടിയില്‍ നിന്ന് രണ്ടു കരങ്ങള്‍ എപ്പോഴൊക്കെയോ ഉയര്‍ന്നുനില്‍ക്കുന്നതുപോലെ തോന്നുന്നു. പുല്ലു പറിച്ചും കറിക്കരിഞ്ഞും പാല് കറന്നും തേയിലനാമ്പു നുള്ളിയും കൈരേഖകള്‍ മാഞ്ഞുപോയ മമ്മിയുടെ കൈ. ചിലപ്പോള്‍ ആ കൈവിരലുകള്‍ ചലിച്ചുകൊണ്ടിരിക്കും. മറ്റു ചിലപ്പോള്‍ പുറകില്‍ നിന്നുവന്നു വിളിച്ചുണര്‍ത്തും. അങ്ങനെയാണ് ഉറങ്ങാന്‍ കഴിയാതെയായത്. കണ്ണടയ്ക്കുമ്പോഴെന്നല്ല കണ്ണു തുറന്നുപിടിക്കുമ്പോഴും.. കാതു കൊട്ടിയടയ്ക്കുമ്പോള്‍ പോലും തുളച്ചെത്തുന്ന ശബ്ദവീചികള്‍.
"മനുഷ്യന് മണ്ണാകുന്നു.. മണ്ണിലേക്ക് തന്നെ മടങ്ങുന്നു..'വൈദികന് വിഭൂതിത്തിരുനാളിനു നെറ്റിയില്‍ കുരിശുവരച്ച് പ്രാര്‍ഥിച്ചതിന് ഇങ്ങനെയൊരു അര്‍ഥം കൂടിയുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. മണ്ണുകൊണ്ട് മെനയപ്പെട്ടവന്‍. മണ്ണുതന്നെ വന്ന് അവനെ സംസ്കരിക്കുന്നു. മണ്ണില്‍ വിതച്ചതൊക്കെ മുളച്ചുപൊന്തും. മണ്ണില്‍ മറഞ്ഞ മനുഷ്യരൊക്കെ പിന്നീടു മരമാകും. ഇലയാകും. പൂവാകും. കായ് ആകും. മരം തണലാകും. ഇല നാണം മറയ്ക്കും.
പൂവ് അലങ്കാരമാകും കായ് അന്നമാകും. കണ്ണില്‍നിറയുന്ന മരങ്ങളൊക്കെ മനുഷ്യരായിരിക്കുമോ? അത്തരമൊരു ചിന്തയില്‍ തറഞ്ഞുനില്ക്കവേ എവിടെ നിന്നൊക്കെയോ മരങ്ങള്‍ മണ്ണുപൊട്ടിച്ചു പുറത്തേക്കുവരുന്നതുപോലെ തോന്നി. വലിയ വേരുകള്‍. വളഞ്ഞുംപുളഞ്ഞും പല ആകൃതിയിലുള്ള വേരുകള്‍. മുറിയാത്ത വേരുകളുമായി മരങ്ങള്‍ പിന്നെ ചലിച്ചുതുടങ്ങി. ആയിരമായിരം മരങ്ങള്‍, അല്ല എണ്ണിത്തീര്‍ക്കാനാവാത്ത മരങ്ങള്‍. നാനാവശത്തുനിന്നും മരങ്ങളെത്തി. മരങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടി.
അലര്‍ച്ചയോടെ ചാടിയെണീറ്റു. ഉണര്‍വിലും ഉറക്കത്തിലും മനുഷ്യര്‍ക്ക് ഒരുപോലെ സ്വസ്ഥതയില്ലാതെയാവുന്നതാണ് ഏറെ കഷ്ടം. ഓര്‍മകളുടെ തടവറകളില്‍ ജീവപര്യന്തം വിധിക്കപ്പെട്ടവരാകുന്നു മനുഷ്യരെല്ലാം. പക്ഷേ, ചില ഓര്‍മകള്‍ വേട്ടനായ കണക്കെ പിന്നാലെ വന്നുകൊണ്ടിരിക്കുന്നു. ആര്‍ത്തിയോടെ അവ വലിച്ചുകുടയുന്നു. വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. ഡിസംബറിന്റെ കനത്ത തണുപ്പ് അനുഭവപ്പെട്ടതേയില്ല. കരിയില കൂട്ടി തീ കാഞ്ഞിരുന്ന ഒരു കുട്ടിക്കാലത്തെക്കുറിച്ചു മമ്മി പറഞ്ഞിട്ടുളളത് ഓര്‍മവന്നു.
ഇപ്പോള്‍ തണുപ്പ് ഭീകരമല്ല, അതു സുഖകരമായ അനുഭവം മാത്രമാകുന്നു. പുറത്തേക്കു നോക്കിനില്ക്കുമ്പോള് പ്രപഞ്ചാരംഭത്തിനു മുമ്പുണ്ടായിരുന്നതുപോലെത്തെ ശൂന്യതയാണ് ചുറ്റുമെന്നു തോന്നി. ആഴത്തിനു മീതെ ഇവിടെ ജീവചൈതന്യം എന്നെങ്കിലും പരക്കുമോ?. മാസങ്ങള്‍ക്കു മുമ്പ് ഇവിടെയെങ്ങും മനുഷ്യരുണ്ടായിരുന്നു. അവരുടെ ശ്വാസനിശ്വാസങ്ങളുണ്ടായിരുന്നു. സ്വേദവും സ്വപ്നങ്ങളുമുണ്ടായിരുന്നു. അന്ന് എല്ലാ വീടുകളിലും നക്ഷത്രവിളക്കുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു.
ക്രിസ്മസിന് വേണ്ടി കാത്തിരിക്കുന്ന മനുഷ്യരുണ്ടായിരുന്നു. പക്ഷേ ഇന്ന്.. കടല്‍പോലെ ഉരുള്വന്നപ്പോള് വരിതെറ്റിപ്പോയ ജീവിതങ്ങള്‍. ഒറ്റപ്പെട്ടുപോയ, വെള്ളം മറന്നുവച്ചതുപോലെ ഒരു വീടും അവിടെ ഉപേക്ഷിക്കപ്പെട്ടതുപോലെ താനും.. തനിയെ ജീവിച്ചുതുടങ്ങുന്ന മനുഷ്യന് ഇനിയുള്ള കാലവും തനിച്ചുജീവിക്കാനുള്ള കരുത്തുണ്ടാവുമായിരിക്കും.
പക്ഷേ കൂട്ടുചേര്‍ന്നു ജീവിച്ചുപോയവര്ക്കു തുണയില്ലാതാകുമ്പോള്‍ ജീവിതം ദുസ്സഹമായിത്തോന്നുന്നു. ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നി. ഇരുട്ടും മഞ്ഞും ശൂന്യതയും പരന്ന പാഴ്ഭൂമിയിലേക്കു നോക്കി ഉറക്കെ നിലവിളിച്ചു. ആ നിലവിളിക്കൊപ്പം ബോധാബോധങ്ങള്‍ ഒരുമിച്ചുചേര്‍ന്നു വിഴുങ്ങിക്കളഞ്ഞു.
"മോനേ' എന്ന മമ്മിയുടെ വിളികേട്ടാണ് കണ്ണുതുറന്നത്.'ഇതെന്തൊരു ഉറക്കമാണ്. ഇന്നു ക്രിസ്മസാണെന്നു മറന്നുപോയോ' സ്നേഹം നിറഞ്ഞ ശാസന.'ഓ ക്രിസ്മസ്.'ജീവിതത്തിലെ ഏറ്റവും സന്തോഷംനിറഞ്ഞ ഒരു ആഘോഷം.'പാതിരാക്കുര്‍ബാനയ്ക്കു പോകണ്ടെ.. നീയൊരുങ്ങ്'"മമ്മിയോ'"ഞാനെപ്പോഴേ റെഡി, വേഗം വാ..'മമ്മി കൈയ്ക്കു പിടിച്ചുവലിച്ചു. മമ്മിയുടെ കൈയ്ക്കു പിടിച്ചു പള്ളിയിലേക്ക് ഒറ്റയോട്ടമായിരുന്നു. ഓടുന്ന വഴിയിലെല്ലാം മമ്മി ആകാശം നോക്കി ചിരിച്ചുകൊണ്ടിരുന്നു.
മമ്മിയുടെ ചിരിത്തൂവലുകള് മഞ്ഞുപോലെ പാറിക്കളിച്ചുകൊണ്ടിരുന്നു. ആകാശം നിറയെ നക്ഷത്രങ്ങളുണ്ടായിരുന്നു. അവയിലൊരെണ്ണം വാല്‍നക്ഷത്രമായിരുന്നു. വഴിതെറ്റിപ്പോയവര്‍ക്കു വഴി കാണിച്ചുകൊടുക്കുന്ന വഴിനക്ഷത്രം.'നീയെന്നതാ ചിരിക്കാത്തത്? ഞാന്‍ ചിരിക്കുന്നുണ്ടല്ലോ'മമ്മി പരിഭവം കണക്കെ പറഞ്ഞു.
ഹോ ചിരികളൊക്കെ ഞാന്‍ മറന്നുപോയല്ലോ. ഏറ്റവും അധികം ചിരിക്കാന്‍ പാട് കാമറയ്ക്കു മുമ്പില്‍ നില്‍ക്കുമ്പോഴാണ്. പക്ഷേ, ഇപ്പോള്‍ ചിരിക്കാം. മറ്റൊരു കണ്ണുകളുമില്ല. മറ്റാരുമില്ല. ചിരിച്ചു. ചിരിക്കുമ്പോള്‍ ചങ്കിലെ കെട്ടുകള്‍ അഴിയുന്നതുപോലെ"ങ് അങ്ങനെ..' മമ്മി പ്രോത്സാഹിപ്പിച്ചു.
ചിരിച്ചുകൊണ്ടാണ് പള്ളിനടകള്‍ ഓടിക്കയറിയത്. എത്ര പെട്ടെന്നാണ് പള്ളിയിലെത്തിയത്. എന്നിട്ടും പള്ളിയില്‍ ചെന്നപ്പോഴേയ്ക്കും തിരുപ്പിറവിയുടെ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പള്ളിക്കുള്ളിൽ പ്രത്യേകതരം വെളിച്ചം. ആളുകളെല്ലാം ശുഭ്രവസ്ത്രധാരികള്‍. ഒരു പക്ഷേ അവരുടെ വസ്ത്രങ്ങളിലെ പ്രകാശമായിരിക്കാം പള്ളിക്കകം നിറയെ.
അല്ലാ ഇത് എല്ലാവരുമുണ്ടല്ലോ, കുന്നയ്ക്കലെ അവുസേപ്പച്ചന്ചേട്ടന്, തോട്ടുപുറത്തെ ത്രേസ്യാമ്മച്ചേടത്തി, പത്താം ക്ലാസില്‍ ഒരുമിച്ചുപഠിച്ച ബിനു.. ബിനുവും പള്ളിയിലെത്തിയോ.. അവന് എന്നു മുതലാണ് പള്ളിയില്‍ വരാന്‍തുടങ്ങിയത്? അതിനെക്കാളേറെ അദ്ഭുതം അവര്‍ക്കെല്ലാം പിന്നിലായി നിലീനയെ കണ്ടപ്പോഴാണ്. അവള് എപ്പോഴാണ് എത്തിയത്? അതും ഇത്രപെട്ടെന്ന്.. ഒന്നും മനസിലാവുന്നില്ലല്ലോ? നിലീന കുസൃതി ഒപ്പിക്കുന്നതുപോലെ കണ്ണടച്ചു ചിരിച്ചു.
അപ്പോള്‍ അച്ചന് ഉണ്ണീശോയെ കൈകളിലെടുത്തു പ്രധാന വാതിൽക്കലേക്കു നടന്നുവരികയായിരുന്നു. ഈ കുര്ബാനക്കുപ്പായത്തിന് എന്തൊരു തിളക്കമാണ്. അച്ചന്റെ കൈകളിലിരിക്കുന്ന ഉണ്ണീശോയ്ക്ക് അതിലേറെ തിളക്കം. പെട്ടെന്നോര്‍ത്തു, ഇതു താന്‍ കണ്ട സ്വപ്നമല്ലേ.. ഇപ്പോള്‍ അച്ചനു തീപിടിക്കും. ഉണ്ണീശോയ്ക്കു തീ പിടിക്കും. പള്ളിമുഴുവന്‍ കത്തും. ഹോ അതെന്തു ഭീകരമായിരിക്കും.
പെട്ടെന്ന് നോക്കുമ്പോള്‍ അച്ചന്റെ കൈകളിലെ ഉണ്ണീശോയ്ക്കു പകരം മമ്മി. മമ്മിയെവിടെ? തിരിഞ്ഞുനോക്കി. ഇത്രയും നേരം പിന്നിലുണ്ടായിരുന്നു. ഇപ്പോള്കാണുന്നില്ല. വീണ്ടും അച്ചന്റെ കൈകളിലേക്കു നോക്കി. ഉണ്ണീശോയ്ക്ക് പകരം നിലീന, അവുസേപ്പച്ചന് ചേട്ടന്, ബിനു, അജി,.. കുറെയധികം ആളുകള്‍. എല്ലാവരും പരിചയക്കാര്.. ഇതെങ്ങനെ... ചിലപ്പോള്‍ കാണുന്ന കാഴ്ചകള്‍ പോലും സത്യമായിരിക്കണമെന്നില്ല.
അതുകൊണ്ട് കണ്ണുവീണ്ടും അടയ്ക്കുകയും തുറക്കുകയും ചെയ്തു. ദേ പിന്നെയും മാറ്റം.. ഇപ്പോള്‍ അച്ചന്റെ സ്ഥാനത്ത് ഉണ്ണീശോ.. ഉണ്ണീശോയാണ് നടന്നുവരുന്നത്. അച്ചനിതെവിടെപ്പോയി.. ഉണ്ണീശോയുടെ കൈകളിലാണ് മമ്മി.. ഉണ്ണീശോയുടെ വിടര്‍ത്തിപ്പിടിച്ച കൈകളില്‍ മമ്മി ഒരു മാലാഖയെപോലെ.. വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയില്‍ ആദ്യ കുര്‍ബാന സ്വീകരണത്തില്‍ മമ്മിയെങ്ങനെയോ അതുപോലെ.. ഇത്രയും സുന്ദരിയായി ഒരിക്കല്‍ പോലും മമ്മിയെ കണ്ടിട്ടില്ല.
തൂവെള്ള വസ്ത്രം ധരിച്ച് നിലീനയും ഉണ്ണീശോയോടു ചേര്‍ന്ന്.. വിവാഹത്തിനായി അവള് വാങ്ങിയതായിരുന്നു ആ ഗൗണ്‍. പക്ഷേ, ഇപ്പോഴാണ് അതു ധരിച്ചു കാണുന്നത്. നല്ല ഭംഗി. രണ്ടു ചിറകുകള്കൂടിയുണ്ടായിരുന്നുവെങ്കില് ശരിക്കും മാലാഖതന്നെയാവുമായിരുന്നു. ദേവാലയത്തിനുള്ളില്‍ സംഗീതോപകരണങ്ങള്‍ ചലിച്ചുതുടങ്ങി. ഭൂമിയിലേക്കു വച്ചേറ്റവും വലിയ സന്തോഷത്തിന്റെ യും സമാധാനത്തിന്റെയും സന്ദേശം ഗായകസംഘം പാടിക്കൊണ്ടിരുന്നു.
അച്ചന് ഉണ്ണീശോയെ കൈകളിലെടുത്തു കുരിശിന്തൊട്ടിയിലേക്കു നടന്നു, ആളുകള്‍ അച്ചനെ അനുഗമിച്ചു. കുരിശിന്‍തൊട്ടിയില്‍ അടുക്കിവച്ച ചുള്ളിക്കമ്പുകളില്‍ തീ പിടിച്ചുതുടങ്ങി. അവസാനത്തെ ആളും ദേവാലയം വിട്ടിറങ്ങിയപ്പോള്‍ കരഞ്ഞുകൊണ്ട് അവിടെ മുട്ടുകുത്തി. എന്റെ.. എന്റെ ദൈവമേ...
വിനായക് നിര്‍മല്‍