പള്ളിവാളിന്റെ ചലിപ്പിക്കലും തുള്ളിക്കളിയുടെ താളവും ചുവടുകളുടെ ചിട്ടകളും നടത്തത്തിന്റെ പ്രത്യേകതകളും എന്നു വേണ്ട മുഖത്തെ ഭാവപ്രകടനങ്ങളും എല്ലാം ചുരുങ്ങിയ നാളുകൊണ്ട് ആന്റണി ഒപ്പിയെടുത്തു. നിരന്തരമായ ഹോം വർക്കിലൂടെ ആന്റണി വെളിച്ചപ്പാടായി രൂപാന്തരപ്പെടുകയായിരുന്നു. ആ അധ്വാനത്തിനും അർപ്പണബോധത്തിനും ലഭിച്ച സമ്മാനമാണ് ഭരത് അവാർഡ്.
ഒരു ക്രിസ്ത്യാനിയായ പി.ജെ. ആന്റണിക്ക് എങ്ങനെ ഇത്ര മനോഹരമായി ഒരു വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതായിരുന്നു നിർമാല്യം കണ്ടിറങ്ങിയ പൊതുജനത്തിന്റെ ചോദ്യം. ഒരു വെളിച്ചപ്പാടിന്റെ ചേഷ്ടകളോ നടനരീതികളോ പൂജാക്രമങ്ങളോ ആചാരസന്പ്രദായങ്ങളോ ഒന്നുംതന്നെ ആന്റണിക്കു പരിചിതമല്ല.
എം.ടിയുടെ ആഗ്രഹത്തിനും നിർബന്ധത്തിനും വഴങ്ങിയാണ് ആന്റണി വെളിച്ചപ്പാടിന്റെ റോളെടുക്കാമെന്നുവച്ചത്. വാക്കുകൊടുത്ത നിലയ്ക്കും താനെടുക്കുന്ന റോളിന്റെ പ്രാധാന്യം കണക്കിലെടുത്തും വെളിച്ചപ്പാടിനെ എങ്ങനെ പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ പ്രതിഷ്ഠിക്കാമെന്നായി ആന്റണിയുടെ ചിന്ത.
അധ്വാനത്തിനു സമ്മാനം
ചിറങ്ങര അന്പലത്തിലെ വെളിച്ചപ്പാടിനെ നേരിട്ടുകണ്ട് കാര്യങ്ങൾ പറഞ്ഞു. സഹകരിക്കാമെന്നു സമ്മതിച്ചു. അദ്ദേഹത്തെ ഒരു ഗുരുവായി സ്വീകരിച്ച് അദ്ദേഹത്തിന്റെ മുന്പിൽ ദക്ഷിണവച്ച് ആന്റണി പഠനം ആരംഭിച്ചുവെന്നാണ് കേട്ടിട്ടുള്ളത്. വെളിച്ചപ്പാട് തുള്ളിക്കാണിച്ചത് ആന്റണി അതേപടി ആവർത്തിച്ചു.
പള്ളിവാളിന്റെ ചലിപ്പിക്കലും തുള്ളിക്കളിയുടെ താളവും ചുവടുകളുടെ ചിട്ടകളും നടത്തത്തിന്റെ പ്രത്യേകതകളും എന്നു വേണ്ട മുഖത്തെ ഭാവപ്രകടനങ്ങളും എല്ലാം ചുരുങ്ങിയ നാളുകൊണ്ട് ആന്റണി ഒപ്പിയെടുത്തു. നിരന്തരമായ ഹോം വർക്കിലൂടെ ആന്റണി വെളിച്ചപ്പാടായി രൂപാന്തരപ്പെടുകയായിരുന്നു. ആ അധ്വാനത്തിനും അർപ്പണബോധത്തിനും ലഭിച്ച സമ്മാനമാണ് ഭരത് അവാർഡ്.
കേരളത്തിൽ ഭരത് അവാർഡ് ലഭിച്ചവർ രണ്ടേരണ്ടു പേരേയുള്ളു. ഒന്നു പി.ജെ. ആന്റണിയും മറ്റേതു കൊടിയേറ്റം ഗോപിയും. ഉർവശി അവാർഡ് ലഭിച്ച ഏക വ്യക്തി ശാരദയും. മലയാളത്തിന്റെ പ്രിയനടന്മാരായ മമ്മൂട്ടി, മോഹൻലാൽ, മുരളി, സുരേഷ് ഗോപി, ബാലൻ കെ. നായർ, ബാലചന്ദ്രമേനോൻ, പ്രേംജി എന്നിവരുടെ പേരിനൊപ്പം ചിലർ ഭരത് ചേർത്തു വിളിച്ചുവരുന്നുണ്ട്.
ഭരത് മമ്മൂട്ടി, ഭരത് മോഹൻലാൽ, ഭരത് മുരളി എന്നിങ്ങനെ. അതുപോലെതന്നെ ഉർവശി ശോഭന, ഉർവശി മോനിഷ, ഉർവശി മീരാ ജാസ്മിൻ എന്നിങ്ങനെയും വിളിക്കുന്നുണ്ട്. ഇതു സാങ്കേതികമായി തെറ്റാണ്. 1977 വരെ മികച്ച നടീനടന്മാർക്കു നൽകിയിരുന്ന പുരസ്കാരമാണ് ഉർവശി- ഭരത് അവാർഡുകൾ. 1978ൽ ഈ രണ്ട് അവാർഡുകളും നിർത്തലാക്കി.
ഇപ്പോൾ മികച്ച നടനും നടിക്കും നൽകുന്നതു ദേശീയ പുരസ്കാരം മാത്രമാണ്. ഭരത്, ഉർവശി എന്നീ പേരുകളില്ല എന്നർഥം. എന്നാലും പലരും ഈ വിശേഷങ്ങൾ ദേശീയ അവാർഡ് ജേതാക്കളുടെ പേരിനോടു ചേർത്തു പറയുന്നുവെന്നു മാത്രം.
പിടിതരാത്ത ഒറ്റയാൻ
നമുക്ക് ആന്റണിയിലേക്ക് തിരിച്ചുവരാം. ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ, ദുരിതങ്ങൾ, പ്രശ്നങ്ങൾ, പ്രതിസന്ധികൾ, ആത്മസംഘർഷങ്ങൾ എന്നിവ ആന്റണി അഭിമുഖീകരിച്ചു. അവയെ തെല്ലും കൂസാതെ ധീരതയോടെ നേരിട്ട് എല്ലാത്തിനോടും ചങ്കൂറ്റത്തോടെ പറഞ്ഞു, "തോൽക്കാൻ എനിക്കു മനസില്ല.' ഈ വീറും വാശിയും എല്ലാ രംഗത്തും പ്രകടിപ്പിച്ചു.
ജനകീയ നാടകകൃത്തായ ആന്റണി ജനപക്ഷത്തുനിന്നു നാടകങ്ങൾ രചിച്ചു. ഇടതുപക്ഷത്താണ് നിലകൊണ്ടതെങ്കിലും അവരോടും കണക്കറ്റു കലഹിച്ചു. അതായത് ആന്റണി ആരുടെ പിടിയിലും ഒതുങ്ങില്ല. ഒതുക്കാൻ ആർക്കും കഴിയുകയുമില്ല.
മലയാളത്തിലെ നാടകത്തന്പുരാക്കന്മാരെയും വൈയാകരണന്മാരെയും അദ്ദേഹം തെല്ലും വകവച്ചില്ല. അവരാരും ആന്റണിയെ പ്രമുഖ നാടകകൃത്തായി കണ്ടില്ല, അംഗീകരിച്ചില്ല. ആന്റണിയാവട്ടെ അവരെ പുല്ലിനുപോലും വിലകല്പിച്ചില്ല.
ഒരനുഭവം ഓർക്കുന്നു. 1973ലോ അതോ 1974ലോ കൊടുങ്ങല്ലൂരിൽ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള നാടകസമ്മേളനത്തിൽ മേൽപറഞ്ഞ ചില നാടകപണ്ഡിതന്മാരോടൊപ്പം പി.ജെ. ആന്റണിയും ഞാനും പങ്കെടുത്തിരുന്നു.
ആ സമ്മേളനത്തിൽ അത്യാധുനികതയുടെ പേരു പറഞ്ഞു പരീക്ഷണം എന്ന ലേബലൊട്ടിച്ചു പടച്ചുവിടുന്ന കൃത്രിമ നാടകസൃഷ്ടികളെ ആന്റണി നിർത്തി തൊലിപൊളിച്ചു. സ്ഥാനത്തും അസ്ഥാനത്തും കോറസ്, സൂത്രധാരൻ, ചെണ്ടകൊട്ടൽ, താളമേളങ്ങൾ, നൃത്തച്ചുവടുകൾ ഇതൊക്കെ കുത്തിനിറച്ചാൽ നാടകമാവുമോ? ചുറ്റുമുള്ള ജീവിതങ്ങളിൽ നീറുന്ന നൂറു നൂറു പ്രശ്നങ്ങളുണ്ടായിട്ടും അവയൊന്നും കാണാതെ അവയിൽനിന്ന് ഒളിച്ചോടി ദുർഗ്രഹവും കൃത്രിമവുമായ പരീക്ഷണങ്ങൾ നടത്തുന്നവരെ അതിരൂക്ഷമായി വിമർശിച്ചു.
ഭരത് അവാർഡ് ലഭിച്ച ആന്റണിക്ക് നാടിന്റെ നാനാഭാഗത്തും സ്വീകരണങ്ങൾ നൽകാൻ സുഹൃത്തുക്കളും കലാസംഘടനകളും തയാറായെങ്കിലും ജോലിത്തിരക്കും ആരോഗ്യപ്രശ്നങ്ങളും കാരണം വളരെ ചുരുക്കം ചിലതിലേ അദ്ദേഹം സംബന്ധിച്ചുള്ളു. മൂത്തകുന്നത്ത് 1974 ഡിസംബർ 31ന് ആന്റണിക്ക് ഒരു വൻ സ്വീകരണം ഒരുക്കി.
സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുന്നതു പ്രേംജി, സി.ജെ. തോമസിന്റെ പത്നി റോസി തോമസ്, ഞാൻ, പറവൂർ ജോർജ് തുടങ്ങിയവർ. ആന്റണി സഹധർമിണി മേരിയോടൊപ്പമാണ് എത്തിയത്. ഭരത് പട്ടം ലഭിച്ചശേഷം ആന്റണിയെ ആദ്യം കാണുകയാണ് ഞാനും പ്രേംജിയും. ഞങ്ങൾ കുറേനേരം വിശേഷങ്ങൾ കൈമാറി.
സംഘാടകരുടെ ശുഷ്കാന്തിക്കുറവുകൊണ്ടോ ഉദാസീനതമൂലമോ യോഗം ആരംഭിക്കാൻ വൈകി. അപ്പോൾത്തന്നെ ആന്റണി അക്ഷമയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. യോഗാനന്തരം ആന്റണിയുടെ ബഹുമാനാർഥം ഞങ്ങൾക്കെല്ലാം വിഭവസമൃദ്ധമായ വിരുന്നൊരുക്കിയിട്ടുമുണ്ട്.
പ്രസംഗത്തിൽ പ്രേംജി ആന്റണിയുമായിട്ടുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും അവരൊന്നിച്ചുള്ള ചില അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. ഞാൻ ആന്റണിയുടെ സിദ്ധികളെക്കുറിച്ചും ധീരമായ ചില നിലപാടുകളെക്കുറിച്ചും വിട്ടുവീഴ്ചയില്ലാത്ത സ്വഭാവത്തെപ്പറ്റിയും സംസാരിച്ച കൂട്ടത്തിൽ ഇത്രയുംകൂടി പറഞ്ഞു: "ആന്റണി ഒരു കാര്യത്തിനും ആരുടെ മുന്പിലും തല കുനിക്കാത്തവനാണ്.
നട്ടെല്ലു വളയ്ക്കാത്തവനാണ്. നട്ടെല്ലു വളച്ചിട്ടുണ്ടെങ്കിൽ അതു വൈദ്യപരിശോധനയ്ക്കായി ഡോക്ടറുടെ മുന്പിൽ മാത്രം. തല കുനിച്ചിട്ടുണ്ടെങ്കിൽ ആത്മാർഥമായി സ്നേഹിച്ചവരുടെ മുന്പിൽ മാത്രം.' റോസി തോമസും പറവൂർ ജോർജും യഥാസമയം ആശംസകൾ നേർന്നു. ആന്റണി സമുചിതമായി മറുപടി പറഞ്ഞുകൊണ്ട് സദസ്യരെ സന്തുഷ്ടരാക്കി.
യോഗം തീർന്നപ്പോൾ രാത്രി ഒന്പതര കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ള ആന്റണി വീട്ടിൽ പോകാനായി തിടുക്കംകൂട്ടി. അപ്പോഴേക്കും സംഘാടകർ വന്നു ഭക്ഷണം കഴിച്ചേ പോകാവൂ എന്ന് ആന്റണിയോടു സ്നേഹപൂർവം അഭ്യർഥിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും തൃശൂരിൽനിന്നുവന്ന പ്രേംജിയും ഞാനുമൊക്കെയുള്ളതുകൊണ്ടു മനസില്ലാമനസോടെ ആന്റണി വഴങ്ങി.
അപ്രതീക്ഷിത പൊട്ടിത്തെറി
"ശരി, എന്നാൽ വേഗമാവട്ടെ. എവിടെയാ ഏർപ്പാട് ചെയ്തിരിക്കുന്നത്?’സംഘാടകർ പറഞ്ഞു: "മറുകരയിലുള്ള ഒരു വലിയ വീട്ടിലാ. പോകാനായി വള്ളം ഏർപ്പാടാക്കീട്ടുണ്ട്.'ഇതു കേട്ടയുടനെ ആന്റണിയുടെ ഭാവം മാറി. കലിപൂണ്ട് പൊട്ടിത്തെറിച്ചു.
"മറുകരയ്ക്കു പോകാനോ? ഈ പത്തു മണിക്കോ? വള്ളത്തിൽ കേറ്റി എന്നെ കൊല്ലാനാണോ...'പിന്നെ അവിടെ മുഴങ്ങിയതു പരിസരം മറന്നുള്ള പച്ചത്തെറികളാണ്. നിഘണ്ടുവിലില്ലാത്ത കുറെ പദങ്ങൾ മേരി പറഞ്ഞിട്ടും ഒതുങ്ങിയില്ല. ക്ഷുഭിതനായി പൊട്ടിത്തെറിക്കുന്ന ആന്റണിയെ ആദ്യമായി അന്നാണു ഞാൻ കണ്ടത്. സ്വീകരണം ഗംഭീരമായെങ്കിലും അതിനു ശേഷമുള്ളത് ആകെ അലങ്കോലമായി.
ഞങ്ങളോടു സോറി പറഞ്ഞ് ആന്റണിയും മേരിയും സ്ഥലംവിട്ടു. ഭക്ഷണം കഴിക്കാതെ ഞാനും പ്രേംജിയും തൃശൂർക്കു തിരിച്ചു. ആരോഗ്യം വീണ്ടെടുത്തപ്പോൾ ആന്റണിക്ക് ഒരു തോന്നൽ. ഇപ്പോൾ നല്ല ഗ്ലാമറുള്ള സമയമാണ്. സിനിമയുടെ തിരക്കുകൾക്കിടയിൽ നിർത്തിവച്ചിരുന്ന നാടകാഭിനയം പുനരാരംഭിച്ചാലോ? ശങ്കരാടിയുമായി ആലോചിച്ചപ്പോൾ ആവാമെന്നു തീരുമാനമായി. അങ്ങനെ മൂഷികസ്ത്രീ, കാഴ്ചബംഗ്ലാവ് എന്നീ നാടകങ്ങൾ വീണ്ടും അരങ്ങേറിത്തുടങ്ങി.
വിലയ്ക്കു വാങ്ങിയ മരണം
ആന്റണിയുടെ ആരോഗ്യപ്രശ്നം മുഖ്യമായും മദ്യപാനത്തിൽനിന്നുളവായതാണ്. നിയന്ത്രണമില്ലാത്ത വിധം മദ്യത്തിന് അടിമയായി. ചുറ്റും കൂടുന്ന കൂട്ടുകാരാണ് ഭർത്താവിനെ ചീത്തയാക്കുന്നതെന്നായിരുന്നു മേരിയുടെ പരാതി. അത് എന്തായാലും മദ്യത്തിന്റെ കാര്യത്തിലും ആന്റണിക്കു ചില ചിട്ടയും നിഷ്ഠയുമുണ്ട്.
നാടകത്തിനു സ്റ്റേജിൽ കയറുന്പോൾ ഒരിക്കലും മദ്യപിക്കില്ല. അതെല്ലാം നാടകം തീർന്ന ശേഷം മാത്രം. അക്കാര്യത്തിൽ ആന്റണി നാടകത്തെയും പ്രേക്ഷകരെയും ഒരുപോലെ ബഹുമാനിച്ചു.
ആയിടയ്ക്ക് അവരുടെ നാടകം തൃശൂരിൽ അവതരിപ്പിച്ചപ്പോൾ ഞാൻ വളരെ നേരത്തേതന്നെ റീജണൽ തിയറ്ററിൽപോയി ആന്റണിയെ കണ്ടു. ഏറെ സന്തോഷം തോന്നിയ ആന്റണി, ശങ്കരാടിക്ക് എന്നെ വളരെ മതിപ്പോടെ പരിചയപ്പെടുത്തി.
നാടകം തുടങ്ങാൻ പിന്നെയും സമയമുണ്ട്. ഒരു പ്രധാന കാര്യം പറയാനുണ്ടെന്നു പറഞ്ഞു ഞാൻ ആന്റണിയെ വിളിച്ചു. ഉത്സാഹപൂർവം അരികത്തുവന്നു. ഞാൻ പറഞ്ഞു: ഭരത് അവാർഡ് ലഭിച്ച ആന്റണിക്ക് ഇനിയും ഒരുപാടു വിലപ്പെട്ട സംഭാവനകൾ ചലച്ചിത്രലോകത്തിനു കൊടുക്കാൻ കഴിയും. ഇതുവരെ കാര്യമായിട്ടൊന്നും ആന്റണി സന്പാദിച്ചിട്ടില്ല.
അതു ശരിയാണെന്നദ്ദേഹം സമ്മതിച്ചു. ഉപദേശം ആന്റണിക്ക് ഇഷ്ടമല്ലെന്നറിയാം. ആറേഴ് വയസു താഴെയുള്ള ഒരനുജന്റെ സ്നേഹമൊഴികളായിട്ട് എടുത്താൽ മതി. ആന്റണി ജിജ്ഞാസാപൂർവം എന്നെ നോക്കി. ആ സമയത്ത് ആന്റണിയുടെ വലതുകാരം പിടിച്ച് എന്റെ കൈകളിലൊതുക്കിക്കൊണ്ട് ശുദ്ധഗതിയോടെ ഞാൻ പറഞ്ഞു: "ഈ മദ്യപാനം ഇനി വേണ്ട. അതു നിർത്തിക്കൂടേ? നിശ്ചയദാർഢ്യമുള്ള മനസാണല്ലോ. ആന്റണിക്കതു സാധിക്കും.' എല്ലാം നിശബ്ദം കേട്ട ആന്റണി വളരെ സ്നേഹപൂർവം എന്നോടു മൊഴിഞ്ഞു.
ജോസ് പറഞ്ഞതു പോലെ മദ്യം നിശേഷം ഉപേക്ഷിച്ചു മുന്പോട്ടുപോയാൽ എനിക്ക് ഒരു പത്തു കൊല്ലംകൂടി ആയുസ് നീണ്ടുകിട്ടും. എന്റെ എല്ലാവിധ സുഖവും സന്തോഷവും വേണ്ടെന്നുവച്ചിട്ട് അങ്ങനെയൊരു പത്തു കൊല്ലം കിട്ടിയിട്ട് എനിക്കെന്തു കാര്യം? സോറി ജോസ്.'
ആന്റണി വളരെ കൂളായിട്ടു എന്റെ ആഗ്രഹം നിരാകരിച്ചു. നന്മയ്ക്കു വേണ്ടിയുള്ള എന്റെ ഉപദേശം കുടംകമഴ്ത്തി വെള്ളമൊഴിച്ചതുപോലെയായി. നാലു വർഷത്തിനു ശേഷം 1979 മാർച്ചിൽ ക്രമാതീതമായി രക്തം ഛർദിച്ച്, മദ്രാസിലെ വിജയാ ഹോസ്പിറ്റലിൽവച്ച് ആന്റണി അകാലത്തിൽ അന്തരിച്ചു. മരിക്കുന്പോൾ വെറും അന്പത്തിനാലു വയസ്.
സി.എൽ.ജോസ്