എന്റെ ആദ്യനാടകം മാനം തെളിഞ്ഞു പ്രസിദ്ധീകരിച്ചത് 1956-ലാണെന്നു മുന്പേ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. അന്ന് എനിക്ക് 24 വയസ്. എന്നാൽ, നന്നേ ചെറുപ്പം മുതൽതന്നെ നാടകം കാണാനും അഭിനയിക്കാനും എനിക്കു താത്പര്യവും വാസനയുമുണ്ടായിരുന്നു. 1943ൽ തൃശൂരിലെ ലൂർദുപള്ളിവക യുപി സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്പോഴാണ് ഞാനാദ്യമായി നാടകമഭിനയിച്ചത്. സ്കൂളിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നാടകത്തിൽ ഞാനൊരു പ്രധാന കഥാപാത്രമായിരുന്നു.
ആദ്യ പ്രോത്സാഹനം
രണ്ടാം ലോകമഹായുദ്ധവും "ക്വിറ്റ് ഇന്ത്യ' സമരവും കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ആയിടയ്ക്കാണ് നമ്മുടെ നാട്ടിൽ റേഷൻ ഏർപ്പെടുത്തിയത്. റേഷൻ വ്യാപാരികൾ എന്ന പുതിയ വർഗം നാട്ടിൽ പൊട്ടിമുളച്ചത് അപ്പോഴാണ് എന്നു തോന്നുന്നു. അരി അളന്നുകൊടുക്കുന്പോൾ ഇടങ്ങഴി താഴ്ത്തിവടിച്ചും (അന്നു തൂക്കമല്ല, അളവുപാത്രങ്ങളാണ്) പഞ്ചാസര തൂക്കത്തിൽ വെട്ടിച്ചും പാവങ്ങളെ ചൂഷണം ചെയ്തിരുന്ന ദുഷ്ടനായ ഒരു റേഷൻ വ്യാപാരിയോടു കയർക്കുന്ന ഒരു തൊഴിലാളി കഥാപാത്രമായിട്ടാണ് ഞാനഭിനയിച്ചത്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ അഭിനയത്തിനും മനഃപാഠമാക്കിയ സംഭാഷണങ്ങൾക്കും കാണികളുടെ ഭാഗത്തുനിന്നു ധാരാളം കൈയടികൾ ലഭിച്ചു. അതിന്റെ പ്രേരകശക്തി മൂലമായിരുന്നുവോ പിന്നീടു ഞാനൊരു നടനും നാടകകൃത്തുമായി തീർന്നത്? അറിഞ്ഞുകൂടാ.
കരയിച്ച നാടകം
അടുത്തതായി ഞാൻ കുറിക്കുന്നത് എന്നെ കരയിച്ച ഒരു നാടകത്തെപ്പറ്റിയാണ്. 1945ൽ ഞാൻ തൃശൂർ സെന്റ് തോമസ് ഹൈസ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുന്പോൾ എനിക്കു പുതിയൊരു സഹപാഠിയെ കിട്ടി. പി. നരേന്ദ്രനാഥ് എന്ന നന്പൂതിരി പയ്യൻ. നിഷ്കളങ്കനായ കൂട്ടുകാരൻ. പഠിക്കാനും മിടുക്കൻ. ക്ലാസിൽ ഒന്നാം ബെഞ്ചിൽ ഒന്നാമനാവുക എന്നത് അന്നത്തെ ഓരോ കുട്ടിയുടെയും അഭിലാഷമാണ്. ഞാനും നരേന്ദ്രനാഥും ഒന്നും രണ്ടും സ്ഥാനങ്ങൾ മാറിമാറി പങ്കിട്ടു. നരേന്ദ്രനാഥ് കണക്കിൽ എന്നെ പിന്തള്ളി ഒന്നാം സ്ഥാനത്തു കയറുന്പോൾ ഇംഗ്ലീഷിൽ ഒന്നാം സ്ഥാനത്തു കയറുന്നതു ഞാനായിരിക്കും.
അക്കൊല്ലം ആനിവേഴ്സറിക്കു സെന്റ് തോമസിന്റെ മുറ്റത്ത് ഉറ്റ ചങ്ങാതികളായ ഞങ്ങൾ രണ്ടുപേരും തൊട്ടുതൊട്ടാണ് ഇരുന്നത്. അന്നു മുതിർന്ന ക്ലാസിലെ കുട്ടികൾ ഒരു നാടകം അവതരിപ്പിച്ചു. വിശപ്പു സഹിക്കാനാവാതെ കുട്ടികൾ ആഹാരം ചോദിച്ചു കരഞ്ഞപ്പോൾ അവർക്ക് ഒന്നും കൊടുക്കാനില്ലാതെ, ഒന്നും ചെയ്യാനാവാതെ നിസഹായനായ അച്ഛൻ മക്കളെ മാറോടണിച്ചു സാന്ത്വനപ്പെടുത്തുന്ന വികാരസാന്ദ്രമായ ഒരു രംഗമുണ്ട്. ഞാൻ അറിയാതെ കരഞ്ഞുപോയി. കണ്ണുകൾ തുടച്ചു നരേന്ദ്രനാഥിനെ നോക്കിയപ്പോൾ അയാളും കരയുന്നു. അഭിനയത്തിന്റെ മാസ്മരിക ശക്തി- അവാച്യമായ നാടകീയാനുഭൂതി!
മാഞ്ഞുപോയ പുഞ്ചിരി
എന്നിലെ നടനും നാടകകൃത്തും നരേന്ദ്രനാഥിലെ ബാലസാഹിത്യകാരനും ശരിക്കും ഉണർന്നത് അവിടെവച്ചായിരുന്നുവോ? ആ കൊച്ചുപ്രായത്തിലായിരുന്നുവോ? അറിയില്ല. ഏതായാലും ദശവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാനൊരു നാടകകൃത്തും നരേന്ദ്രനാഥ് പേരെടുത്തൊരു ബാലസാഹിത്യകാരനുമായി.
സാന്ദർഭികമായി ദുഃഖം പുരണ്ട ഏതാനും വരികൾ കുറിക്കട്ടെ. പി. നരേന്ദ്രനാഥ് മദ്രാസിൽ കാനറാ ബാങ്കിന്റെ ഡിവിഷണൽ മാനേജരായിരിക്കേ ഞാൻ കേട്ടു, ശ്വാസകോശസംബന്ധമായി നരേന്ദ്രൻ ഒരു ഓപ്പറേഷനു വിധേയനായെന്ന്. വിശേഷങ്ങളറിയാനുള്ള വ്യഗ്രതയോടെ, ഉത്കണ്ഠാഭരിതമായ മനസോടെ ഉടനെ ഞാനൊരു കത്തയച്ചു. അതിനു മറുപടിയായി വന്നത് നരേന്ദ്രന്റെ ഫോണ്കോളായിരുന്നു. എല്ലാം തുറന്നു സംസാരിച്ചു. ശ്വാസകോശ കാൻസറാണ് രോഗം. എങ്കിലും ഓപ്പറേഷൻ വിജയമാണെന്നും സുഖം പ്രാപിച്ചുവരുകയാണെന്നും എന്നോടു പറഞ്ഞു.
ആഴ്ചകൾക്കുള്ളിൽ നരേന്ദ്രനു തിരുവനന്തപുരത്തേക്കു ട്രാൻസ്ഫർ ലഭിച്ചു. ഭേദമായെന്നു വിശ്വസിച്ചിരുന്ന രോഗം കരാളസ്വഭാവത്തോടെ ശല്യം ചെയ്തു. അതു നരേന്ദ്രനെ തളർത്തി. വീട്ടിൽ വിശ്രമിക്കുകയാണെന്നു മനസിലാക്കിയ ഞാൻ നരേന്ദ്രനെ കാണാനായി ഒരു ദിവസം ലീവെടുത്തു തൃശൂരുനിന്നു തിരുവനന്തപുരത്തേക്കു പോയി. ജഗതിയിലുള്ള വീട്ടിലേക്കു കയറിച്ചെല്ലുന്പോൾ നരേന്ദ്രന്റെ മകനും അനുജൻ ഡോക്ടർ ഇന്ദുകുമാറുമാണ് എന്നെ സ്വാഗതം ചെയ്തത്. പുഞ്ചിരി മറന്ന മുഖങ്ങൾ. മ്ലാനത മുറ്റിയ ഭാവങ്ങൾ.
മുന്പൊരിക്കലും അങ്ങനെയല്ലായിരുന്നു. എന്നെ എത്രയോ ഉൗഷ്മളമായി നരേന്ദ്രനും കുടുംബാംഗങ്ങളും സ്വീകരിച്ചിരിക്കുന്നു, സത്കരിച്ചിരിക്കുന്നു. രണ്ടുകൊല്ലം മുന്പ് മറ്റൊരാവശ്യത്തിനായി തിരുവനന്തപുരത്തു പോയപ്പോൾ നരേന്ദ്രന്റെ വീട്ടിൽ പോയി. അന്ന് എന്റെ പിറന്നാൾകൂടിയായിരുന്നു. അമൃതകുമാരിയും മക്കളും ഒരുക്കിയ പിറന്നാൾ സദ്യ ഉൗട്ടിയിട്ടേ നരേന്ദ്രൻ എന്നെ വിട്ടുള്ളൂ.
വികാരഭരിതമായ കൂടിക്കാഴ്ച
അന്നത്തെ സന്തോഷവും ചിരിയും ഇപ്പോൾ ആരിലും കണ്ടില്ല. വേദനകൾ ഉള്ളടക്കി ജീവിക്കുന്ന അമ്മ, ജീവച്ഛവമായി കഴിയുന്ന സഹധർമിണിയും മക്കളും. അമൃത ഇപ്രാവശ്യം എന്നോടു സംസാരിച്ചേയില്ല. അമ്മ ഒഴിഞ്ഞുമാറി നടന്നു. വേദനയും വിഷാദവും മുറ്റിനിൽക്കുന്ന അന്തരീക്ഷം. മിണ്ടാൻ വാക്കുകളില്ലാത്ത അവസ്ഥ.
"നരേന്ദ്രൻ എവിടെ?' ഞാൻ ചോദിച്ചു. "ഏട്ടൻ പൂജാമുറിയിലാണ്. ഉടനെ വരും.' ഡോക്ടർ ഇന്ദുകുമാറിന്റെ മറുപടി. താമസിയാതെ നരേന്ദ്രൻ കടന്നുവന്നു. അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ ആശ്ചര്യപ്പെട്ടു. നിമിഷങ്ങളോളം ഞങ്ങൾ അന്യോന്യം നോക്കി. സംസാരിക്കുന്ന മിഴികൾ. അർഥപൂർണമായ നോട്ടം. നരേന്ദ്രൻ മുന്പോട്ടുവന്ന് എന്റെ ഇരുതോളുകളിലും കൈവച്ചു. പുഞ്ചിരിയോടെ നിമിഷനേരം നിന്നു. തുടർന്നു നരേന്ദ്രൻ സംസാരിച്ചു. അപ്പോൾ എന്റെ മനസിൽ കൊള്ളിയാൻ മിന്നി. തീരെ പതിഞ്ഞ സ്വരം. എത്ര ഉച്ചത്തിൽ സംസാരിച്ചിരുന്നവനാണ്. ഇന്ന് ഒച്ചയടഞ്ഞിരിക്കുന്നു. നന്നേ നേർത്ത സ്വരം. രോഗം നൽകിയ മറ്റൊരു ശിക്ഷ. എങ്കിലും കുറേനേരമിരുന്നു ഞങ്ങൾ സംസാരിച്ചു. വേദനകളും സാന്ത്വനങ്ങളും പരസ്പരം പങ്കുവച്ചു.
"എനിക്കിങ്ങനെ ഒരവസ്ഥ വന്നല്ലോ ജോസേ. ങാ... എനിക്കിത്രയേ ആയുസുള്ളൂ എന്നായിരിക്കും. സാരമില്ല.' ദുഃഖത്തിൽ ചാലിച്ച വാക്കുകൾ. ആശ്വാസം പകരാൻ പറ്റാതെ കുഴങ്ങുന്ന എന്റെ നിസഹായത. തിങ്ങിയ തൊണ്ടയോടെ ഞാനെന്തോ പറഞ്ഞു. കൂടുതൽ ഞാനിരുന്നില്ല. ഇരുന്നാൽ എനിക്കു പിടിച്ചുനിൽക്കാൻ പറ്റാതെ വരും. എഴുന്നേറ്റു യാത്ര പറഞ്ഞു. കരങ്ങൾ കരങ്ങളിലൊതുക്കി ഞങ്ങൾ നിമിഷങ്ങളോളം നിന്നു. ഞങ്ങളുടെ നേത്രങ്ങൾ നീരണിഞ്ഞു. പണ്ടു സ്കൂൾ മുറ്റത്തു നാടകം കണ്ടു ഞങ്ങൾ കരഞ്ഞെങ്കിൽ ഇന്നു മറ്റൊരു ദുരന്തനാടകത്തിൽ ഞങ്ങൾ കരയുന്നു!
എല്ലാവരോടും യാത്ര പറഞ്ഞു ഞാനിറങ്ങി. മുറ്റത്തു ചെന്നിട്ടു ഞാൻ തിരിഞ്ഞുനോക്കി. അപ്പോഴും എന്റെ സുഹൃത്ത് നിറമിഴിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഗേറ്റ് കടന്നു ഒരിടവഴിയിലേക്കു ഞാൻ തിരിഞ്ഞു. കെട്ടിനിന്ന വികാരങ്ങൾ അണപൊട്ടി. മറ്റാരും കാണാതെ ഞാൻ പൊട്ടിക്കരഞ്ഞു.
1991 നവംബർ മൂന്നിന് അത് സംഭവിച്ചു. 58-ാം വയസിൽ എന്റെ പ്രിയ സുഹൃത്ത് യാത്രയായി. കുഞ്ഞിക്കൂനൻ, അന്ധഗായകൻ, വികൃതിരാമൻ, മനസറിയും യന്ത്രം തുടങ്ങിയ കൃതികളിലൂടെ കുട്ടികളോടു നിരന്തരം കഥ പറഞ്ഞ, സംസ്ഥാന ദേശീയ അവാർഡുകളും മറ്റു പുരസ്കാരങ്ങളും കരസ്ഥമാക്കിയ നരേന്ദ്രനാഥിന്റെ അകാലനിര്യാണത്തോടെ ബാലസാഹിത്യശാഖയ്ക്കു കരുത്തനായ ഒരെഴുത്തുകാരനെയും കുട്ടികൾക്കു പ്രിയങ്കരനായ ഒരമ്മാവനെയുമാണ് നഷ്ടപ്പെട്ടതെങ്കിൽ എനിക്കു നഷ്ടമായത് ശുദ്ധനും സത്യസന്ധനും വിശ്വസ്തനുമായ ഒരു ഉത്തമസുഹൃത്തിനെയാണ്.
സി.എൽ. ജോസ്