ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പതിനായിരം മലയാളം പാട്ടുകൾ ശേഖരിച്ചു സൂക്ഷിക്കുന്ന ഒരാൾ! എന്നാൽ അദ്ദേഹത്തിന്റെ ശേഖരത്തിൽ ഒരൊറ്റ സ്പൂളോ ഡിസ്കോ കാസറ്റോ സിഡിയോ ഇല്ല. സർവം ഡിജിറ്റൽ. മിക്ക പാട്ടുകളും മറ്റെവിടെയുമില്ലാത്ത ശബ്ദനിലവാരമുള്ളവ. 75-ാം വയസിലും പാട്ടുകളുടെ ശേഖരണത്തിനും സൂക്ഷിപ്പിനും വേണ്ടി പരിശ്രമിക്കുന്ന അദ്ദേഹം കൊച്ചിയിലുണ്ട്- ജോർജ് മാന്പിള്ളി.
പാട്ടു മെക്കാനിസം
ടേപ്പ് റെക്കോർഡറുകളിൽ കാസറ്റ് തിരിയുന്ന യന്ത്രഭാഗത്തിനു പേര് മെക്കാനിസമെന്നാണ്. മെക്കാനിക്കൽ എൻജിനിയറായിരുന്ന ജോർജിന് ഏറ്റവുമിഷ്ടം പാട്ടുമെക്കാനിസമത്രേ. എങ്ങനെയാണ്, എന്നാണ് ഈ ശേഖരണം തുടങ്ങിയത്? ഉത്തരം ജോർജിന്റെ വാക്കുകളിൽ കേൾക്കാം:
ഞാൻ ഒരു മെക്കാനിക്കൽ എൻജിനിയറാണ്. ഒൗദ്യോഗിക ജീവിതത്തിന്റെ അവസാന 20 വർഷം മസ്കറ്റിലായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഞാൻ ജോലി ചെയ്തിരുന്ന കന്പനിക്ക് ഒരു പുതിയ കോണ്‍ട്രാക്ട് കിട്ടി. അതിന്റെ ഭാഗമായി 600 വാഹനങ്ങളുടെയും 300 ജോലിക്കാരുടെയും ഏഴു വലിയ വർക്ക്ഷോപ്പുകളുടെയും ചുമതലയായിരുന്നു എനിക്ക്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ആ ടീം ഒറ്റക്കെട്ടായി. എനിക്ക് ഇഷ്ടംപോലെ ഒഴിവുസമയം കിട്ടിത്തുടങ്ങി.
അന്നവിടെ അത്യാവശ്യം സ്പീഡുള്ള ഇന്റർനെറ്റും കംപ്യൂട്ടറുമുണ്ട്. അങ്ങനെയാണ് ദീപികയുടെ വെബ്സൈറ്റിലൂടെ പാട്ടുകൾ കേൾക്കാനുള്ള റേഡിയോ സംവിധാനം പരിചയപ്പെടുന്നത്. മലയാളം പാട്ടുകൾ അതിലൂടെ കിട്ടി. വീണ്ടും കേൾക്കാനായി ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം എന്ത ചിന്തവന്നു. ഫ്ളോപ്പി ഡിസ്കുകളുടെ കാലമാണ്. രണ്ടു പാട്ടുകൾ മാത്രമേ അതിൽ സേവ് ചെയ്യാനാവൂ. സൗണ്ട് ക്വാളിറ്റിയൊന്നും ഇല്ലെങ്കിലും അന്നത് വലിയ കാര്യമായിരുന്നു.
പിന്നീട് കൂൾഗൂസ് എന്നു പേരുള്ള ഒരു സൈറ്റ് കണ്ടെത്തി. അതിൽനിന്ന് അല്പംകൂടി ക്വാളിറ്റിയുള്ള പാട്ടുകൾ ഡൗണ്‍ലോഡ് ചെയ്യാനായി. അങ്ങനെ ശേഖരം അയ്യായിരം പാട്ടുകൾക്കടുത്തായി.
ഇട്ടിച്ചനും എൽദോയും
അന്ന് ആറുമാസം കൂടുന്പോൾ ലീവിനു നാട്ടിൽവരും. ആദ്യത്തെ വരവിനുതന്നെ റിക്കാർഡ് ഡിസ്കുകളുടെ വലിയ ശേഖരമുള്ള ഇട്ടിച്ചൻ എന്നയാളെയും മകൻ എൽദോയെയും പരിചയപ്പെട്ടു. ഡിസ്കുകളിലുള്ള പാട്ടുകൾ കഴിയുന്നത്ര നല്ല ക്വാളിറ്റിയിൽ എൽദോ കാസറ്റിലേക്കു പകർത്തിനൽകിയിരുന്നു.
അങ്ങനെ എല്ലാ ലീവിനും എൽദോയെ കാണും, ഒരു ലിസ്റ്റ് വച്ച് എന്റെ കൈയിലില്ലാത്ത പാട്ടുകൾ കാസറ്റിലേക്കും പിന്നീടു സിഡിയിലേക്കും പകർത്തും. ശേഖരം വലുതായിത്തുടങ്ങി. ആയിടക്ക് ഇന്റർനെറ്റിൽ ഒരു ഡിസ്കഷൻ ഫോറമുണ്ടായി. പാട്ടുകളെക്കുറിച്ചുള്ള ചർച്ചകളും പങ്കുവയ്ക്കലും അതിലൂടെ ഭംഗിയായി നടന്നു.
എന്റെ കൈയിലുള്ള പാട്ടുകൾ ഏതാണ്ട് 12,000 ആയപ്പോൾ ഇത് ഒന്നുകൂടി ഗൗരവത്തിലെടുക്കണമെന്നായി ചിന്ത. അതുവരെ ശേഖരിച്ചിരുന്ന ലളിതഗാനങ്ങളും നാടകഗാനങ്ങളും ശാസ്ത്രീയ സംഗീതവും ഒഴിവാക്കി സിനിമാപ്പാട്ടിലേക്കു മാത്രം ശ്രദ്ധിച്ചുതുടങ്ങി. 2009ൽ റിട്ടയർ ചെയ്ത് നാട്ടിൽ വന്നപ്പോൾ ആദ്യം ചെയ്തത് എൽദോയുടെ കൈവശമുള്ള മുഴുവൻ ഡിസ്കുകളുടെയും കോപ്പി എടുക്കുകയെന്നതാണ്.
ഒരു ചാക്ക് കാസറ്റ്
അന്ന് കാസറ്റു കടകൾ പൂട്ടിത്തുടങ്ങിയ കാലമാണ്. എന്തായാലും കടകളിൽ ഒന്നു തെരയാൻ തീരുമാനിച്ചു. ആലപ്പുഴയിലെ ഒരു കട തുറന്നിരിക്കുന്നുണ്ട്. അവിടെനിന്ന് 150ഓളം കാസറ്റുകൾ കിട്ടി. പാട്ടുകളുടെ എണ്ണം കൂടി. മറ്റൊരിടത്ത് പൂട്ടിയ കടയിൽ ഇരുനൂറോളം കാസറ്റുകളാണ് വലിയ ചാക്കിൽ കെട്ടിവച്ചിരുന്നത്. ആ 350 കാസറ്റുകൾ എന്റെ കളക്ഷന്റെ ഡൈമൻഷൻ മാറ്റി.
പേരു കേൾക്കാത്ത കന്പനികളുടെ കാസറ്റുകൾ... പ്രശസ്തരല്ലാത്ത സംഗീത സംവിധായകർ.. വാങ്ങാനും കേൾക്കാനും ആളില്ലാതെ നഷ്ടപ്പെട്ടുപോകുമായിരുന്ന സിനിമാപ്പാട്ടുകൾ. ആരും കേൾക്കാത്ത പാട്ടുകൾ എന്നുതന്നെ പറയാം. അങ്ങനെ എന്റെ ശേഖരം കൂടുതൽ മൂല്യമുള്ളതും വലിപ്പമുള്ളതുമായിത്തുടങ്ങി.
സ്വർഗരാജ്യം (1962), അഭയം (1970) തുടങ്ങിയ സിനിമകളിലെ പാട്ടുകൾ വലിയ ശ്രമഫലമായി കിട്ടിയവയാണ്. ഒറിജിനൽ സ്പൂളിൽനിന്നാണ് അല്ലിയാന്പൽ കടവിൽ എന്ന സുന്ദരഗാനം ശേഖരത്തിലെത്തിയത്.
ഡിജിറ്റൽ മാത്രം
കാസറ്റ്, സിഡി കാലം കഴിഞ്ഞതോടെ സിനിമാപ്പാട്ടുകൾ യുട്യൂബിൽ മാത്രം റിലീസ് ചെയ്തുതുടങ്ങി. റേഡിയോ സ്റ്റേഷൻകാർക്ക് സിനിമക്കാർ നൽകിയിരുന്ന സ്റ്റുഡിയോ കോപ്പി സംഘടിപ്പിച്ചുതരാൻ ആളുണ്ടായതോടെ ആ നിലയ്ക്കു പാട്ടുകൾ കിട്ടി. അങ്ങനെ പാട്ടുകളുടെ ശേഖരം സന്പൂർണ ഡിജിറ്റലാക്കി. കാസറ്റോ സിഡിയോ സ്പൂളുകളോ ഡിസ്കോ ഒന്നും ഞാൻ സൂക്ഷിക്കുന്നില്ല. ഒരിക്കൽ മലപ്പുറം സ്വദേശിയായ ഒരാൾ രണ്ടു പാട്ടുകളുള്ള 78 ആർപിഎം ഡിസ്കിന് എന്നോട് ആവശ്യപ്പെട്ട തുക 4,500 രൂപയായിരുന്നു!
ഒരു മ്യൂസിക് കന്പനിയുടെ കൈവശം സ്പൂളുകളിലായി ഉണ്ടായിരുന്ന പാട്ടുകൾ മുഴുവൻ ഡിജിറ്റൈസ് ചെയ്യാൻ അവസരംകിട്ടി. പാട്ടുകൾ കോപ്പി ചെയ്തെടുക്കാം, അവർക്ക് ഡിജിറ്റലാക്കി നൽകണമെന്നായിരുന്നു വ്യവസ്ഥ. വലിയ പണച്ചെലവുള്ള പരിപാടിയാണ്. ഹൈ എൻഡ് ഉപകരണങ്ങൾത്തന്നെ പ്രയോജനപ്പെടുത്തി മികച്ച നിലവാരത്തിൽ അതു കണ്‍വെർട്ട് ചെയ്തുനൽകി.
ഇല്ലാത്ത പാട്ടുകൾ തരാനും പങ്കുവയ്ക്കാനും സുഹൃത്തുകളുണ്ട്. പൈസമുടക്കിയും അല്ലാതെയും പാട്ടുകൾ ശേഖരത്തിൽ എത്തുന്നുണ്ട്. ഒരു പാട്ടുതന്നാൽ മൂന്നെണ്ണം തിരികെ കൊടുക്കാം എന്നാണ് എന്റെ പോളിസി. ഇപ്പോഴും പാട്ടു കേൾക്കാനും ഡൗണ്‍ലോഡ് ചെയ്യാനും ദിവസവും എട്ടുമണിക്കൂർ വരെ ചെലവാക്കും. കണക്കുനോക്കിയാൽ ഇതുവരെ പത്തു ലക്ഷം രൂപയെങ്കിലും ഇതിനായി ചെലവഴിച്ചുകാണും. 16 വർഷമായി ഞാൻ പാട്ടുകളിൽ എൻഗേജ്ഡ് ആണ്.
അർജുനൻ മാസ്റ്റർ, ജെറി അമൽദേവ്, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയ സംഗീതസംവിധായകർക്ക് അവർ ചെയ്ത പാട്ടുകളുടെ സന്പൂർണ ശേഖരം മികച്ച ക്വാളിറ്റിയിൽ സമ്മാനിക്കാൻ കഴിഞ്ഞു. യേശുദാസ്, ജയചന്ദ്രൻ, പി. സുശീല, ജാനകിയമ്മ, ചിത്ര എന്നിവരാണ് എന്റെ ഇഷ്ടഗായകർ. സംഗീതസംവിധായകരിൽ ബാബുരാജും ഗാനരചയിതാക്കളിൽ ഭാസ്കരൻ മാഷും കഴിഞ്ഞേ എനിക്ക് ആരുമുള്ളൂ- ജോർജ് പറയുന്നു.
പുതുവർഷം, പുതിയ ലക്ഷ്യം
ഇപ്പോൾ ജോർജിന്റെ ശേഖരത്തിൽ മുപ്പതിനായിരത്തോളം മലയാളം സിനിമാപ്പാട്ടുകളുണ്ട്. അതിൽ 12,000 എണ്ണമെങ്കിലും മറ്റെവിടെയുമില്ലാത്ത മികച്ച ശബ്ദനിലവാരമുള്ളതാണ്, ഒറിജിനൽ സ്പൂളുകളിൽനിന്ന് എക്സ്ട്രാക്ട് ചെയ്തവ അടക്കം. ഈ ശേഖരം ഏറ്റവും സുരക്ഷിതമായി ആർക്കൈവ് ചെയ്യുക എന്നതാണ് പുതുവർഷത്തിലെ ലക്ഷ്യം.
ഹരിപ്രസാദ്