രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക്കും. നിലാവെട്ടത്തില്‍ തേനീച്ചകളുടെ തിളക്കം കണ്ടാണ് തേനീച്ചക്കൂടുകള്‍ തിരിച്ചറിയുന്നത്.
കൊടുംവനം...ചുറ്റും ചീവീടുകളുടെ കാതുതുളയ്ക്കുന്ന മൂളിച്ച. ചുറ്റും ഇരുട്ടിന്റെ ആവരണം. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചം. കാടിന്റെ മറവിൽ ആരൊക്കെയോ നമ്മെ നിരീക്ഷിച്ചുകൊണ്ട് മറഞ്ഞിരിക്കുന്ന പ്രതീതി. നെഞ്ചിടിപ്പ് കൂട്ടാൻ ഇതിൽ കൂടുതൽ എന്തു വേണം... എന്നാൽ, ഇതൊക്കെ ഞങ്ങൾ എത്രയോ കണ്ടിരിക്കുന്നുവെന്ന മട്ടിൽ മുന്നോട്ടു നീങ്ങുകയാണ് ആ നാലംഗ സംഘം. വന്പൻ മരങ്ങളുടെ തലപ്പത്തേക്കാണ് അവരുടെ നോട്ടം.
തോളിൽ കയറും ചില പാത്രങ്ങളുമൊക്കെയുണ്ട്. അങ്ങനെ നീങ്ങുന്പോൾ ഒരു കൂറ്റൻ മരത്തിന്റെ ശിഖരങ്ങളിൽ പെരുമുറം പോലെ തൂങ്ങിക്കിടക്കുന്ന പെരുന്തേനീച്ചക്കൂട്ടം അവരുടെ കണ്ണിൽപ്പെട്ടു. സാധാരണക്കാരെ വിറപ്പിക്കുന്ന കാഴ്ച. എന്നാൽ, തേനീച്ചക്കൂട് കണ്ടതും നാലംഗ സംഘത്തിന് ആവേശം.
പിന്നെ നീക്കങ്ങൾ അതിവേഗം. നിലാവെളിച്ചത്തിൽ ആ കൂറ്റൻ മരത്തിലേക്കു രണ്ടോ മൂന്നോ പേർ വലിഞ്ഞു കയറി. ആരെയും പേടിപ്പെടുത്തുന്ന തേനീച്ചക്കൂടിന് അരികിലെത്തി.
കൈയിലിരുന്ന പന്തംപോലെയുള്ള പൊതിയിൽ തീപിടിപ്പിച്ച് പുകച്ചു. ഇതോടെ ഇരന്പിനിന്നിരുന്ന തേനീച്ചക്കൂട്ടം പലവഴി ചിതറി. ശ്രദ്ധയോടെ തേനടകൾ അരിഞ്ഞ് പാത്രത്തിലേക്ക് ഇടും. പാത്രം നിറയുന്പോൾ കയറിൽ കെട്ടി താഴേക്ക് ഇറക്കും. അതിസാഹസികമായി ഇങ്ങനെ ശേഖരിക്കുന്ന ശുദ്ധമായ തേൻ വിറ്റ് ഉപജീവനം. അട്ടപ്പാടിയിലെയും വയനാട്ടിലെയും സാഹസികരായ വനവാസികളുടെ ജീവിതമാർഗമാണ് കാട്ടുതേൻ ശേഖരിക്കലും
പത്തു ദിവസം കാട്ടിൽ
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് തേന്‍ ശേഖരിക്കാന്‍ ആദിവാസികള്‍ കാടുകയറുക. ഉള്‍ക്കാടു കയറുന്ന സംഘം എട്ടും പത്തും ദിവസംവരെ വനത്തില്‍ ചെലവഴിച്ച ശേഷമാണ് തേന്‍ കാനുകളുമായി മടങ്ങുക.
വന്തേന്, ചെറുതേന്‍, കൊമ്പുതേന്‍, പുറ്റുതേന്‍ എന്നിങ്ങനെ നാലിനം തേനുകളാണ് വനത്തില്‍ വിളയുന്നത്. പെരുന്തേനീച്ചകള്‍ താന്നി, കരിമരുത്, വെണ്ടേക്ക് തുടങ്ങിയ മരങ്ങളുടെ ചില്ലകളിലാണ് കൂടുകൂട്ടുക. ചെറുതേനീച്ച മരപ്പൊത്തുകളിലും പുറ്റുതേനിച്ച മണ്‍പുറ്റുകളിലുമാണ് അടകളില്‍ തേന്‍ നിറയ്ക്കുക. കാട്ടുനായ്ക്ക വിഭാഗക്കാരാണ് തേന്‍ ശേഖരണത്തില്‍ ഏറ്റവും മുന്നിലുള്ളത്.
ഒരു മരത്തില്‍ കയറിയാല്‍ ചില്ലകളിലൂടെ അടുത്തുള്ള പല മരങ്ങള്‍ കയറി അതിലെ തേനും ശേഖരിച്ചാണ് തിരിച്ചിറക്കം. അരിവാള്‍, പാത്രങ്ങള്‍, ഉണങ്ങിയ തെങ്ങോലക്കെട്ടുകള്, കയര്‍, മുള എന്നിവയൊക്കെ കരുതിയാണ് നാലും അഞ്ചും പേരടങ്ങിയ സംഘത്തിന്റെ യാത്ര.
മൃഗങ്ങൾക്കു നടുവിൽ
പെരുമരത്തില്‍ കയറാന്‍ ആവശ്യമായ ഉയരത്തില്‍ മുള ഏണി പകല്‍ സമയംതന്നെ മരത്തില്‍ കെട്ടിയുറപ്പിക്കും. നേരം ഇരുളുന്നതോടെ സംഘം തേനെടുക്കാന്‍ പുറപ്പെടും. മരച്ചുവട്ടില്‍ എത്തുന്നതിന് നിശ്ചിത അകലത്തില്‍ വച്ച് കൈവശമുള്ള വെളിച്ചം അണയ്ക്കും. പിന്നീടുള്ള യാത്ര പൂര്‍ണമായും ഇരുട്ടിൽ. ശബ്ദം തെല്ലും കേള്‍പ്പിക്കാതെയാണ് മരത്തിന് അടുത്തേക്കു നീങ്ങുക. ചെറിയ ശബ്ദങ്ങളും ചലനങ്ങളും പോലും തേനീച്ചകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും.
മാത്രമല്ല മരച്ചുവട്ടിലേക്ക് പുലി, ആന, കരടി തുടങ്ങിയ വന്യമൃഗങ്ങള്‍ കടന്നുവരാനും സാധ്യതയുണ്ട്.പലപ്പോഴും നൂറടിയൊക്കെ ഉയരത്തില്‍ ആയിരിക്കും തേനിരിക്കുന്ന കമ്പ്. ചൂട്ടുകറ്റ കൂടാതെ ചൂലുപോലെ നിറയെ ഔഷധ ഗുണങ്ങളുള്ള വള്ളികള്‍ ചേര്‍ത്തു കെട്ടിയ പൊത്ത് എന്ന സാധനവും ഇവരുടെ കൈയിലുണ്ടാകും.
പുകച്ചു മാറ്റും
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക്കും. നിലാവെട്ടത്തില്‍ തേനീച്ചകളുടെ തിളക്കം കണ്ടാണ് തേനീച്ചക്കൂടുകള്‍ തിരിച്ചറിയുന്നത്. ഒരു മരത്തില്‍ത്തന്നെ നിരവധി തേനീച്ചക്കൂടുകള്‍ ഉണ്ടാകാറുണ്ട്. ഈച്ചകളുടെ വളര്‍ച്ച അനുസരിച്ചാണ് അവരുടെ ആക്രമണ സ്വഭാവവും. അതുകൊണ്ട് തേനീച്ചകളുടെ വളർച്ച മനസിലാക്കിയാണ് തേനെടുക്കൽ.
സുരക്ഷാ കവചങ്ങളൊന്നുമില്ലാതെയാണ് തേന്‍ ശേഖരണം. തേനീച്ചക്കുഞ്ഞുങ്ങള് ഇല്ലാത്ത കൂടുകളില്‍നിന്ന് അനായാസം തേന്‍ ശേഖരിക്കാമെന്നാണ് വനവാസികള്‍ പറയുന്നത്. ഈച്ചകള്‍ പൂര്‍ണ വളര്ച്ചയെത്തിയാല് ആക്രമിക്കില്ല. അമാവാസിനാളിനോട് അനുബന്ധിച്ചാണ് ഗോത്ര വിഭാഗക്കാര്‍ ഏറെയും തേന്‍ ശേഖരണം നടത്തുന്നത്. കറുത്ത പക്കത്തില് തേനീച്ചകള്‍ അക്രമ സ്വഭാവം കാണിക്കാറില്ലത്രേ.
അടര്‍ത്തിയെടുക്കുന്ന തേന്‍കൂട് കാട്ടിനുള്ളില്‍ത്തന്നെ അടരുകള്‍ വേര്‍തിരിച്ചു പിഴിഞ്ഞെടുക്കും. കൂടുണ്ടാക്കുന്ന മരത്തിന്റെയും സമീപത്തെ മരങ്ങളുടെയും പ്രത്യേകതയനുസരിച്ച് തേനിനു നിറവും ഗുണവും മാറുമെന്ന് ആദിവാസികള്‍ പറയുന്നു. കുടുംബസമേതമാണ് ഇവര്‍ കാട്ടില്‍ കയറുന്നത്. ഉള്‍ക്കാട്ടിലെ നീരുറവകള്‍ക്കു സമീപത്തോ മരക്കൊമ്പിലോ കെട്ടിയുണ്ടാക്കുന്ന താത്കാലിക കുടിലുകളില്‍ താമസിച്ചാണ് ഇവരുടെ തേന്‍ സംഭരണം.
ഹണി കോള
പട്ടികവര്‍ഗ സംഘങ്ങളും വനസംരക്ഷണ സമിതികളും മുഖേനയാണ് ഇവരുടെ തേന്‍ വില്പന. തേന്‍ ഇനങ്ങളുടെ വ്യത്യാസം അനുസരിച്ചാണ് വിലയും വിപണിയും. പക്കം ഒത്തു കിട്ടിയാല്‍ ഒരു പോക്കില്‍ ഇരുപതും മുപ്പതും കിലോ തേനുമായാണ് കാടിറിക്കം. നിലമ്പൂര്‍ കാടുകളിലെ തേന്‍ ജേന് ഉറക് എന്ന ബ്രാന്‍ഡില്‍ വിപണിയിലുണ്ട്. കാട്ടുനായ്ക്കരുടെ ഭാഷയില്‍ ജേന് എന്നാല്‍ തേന്‍. ഹണി കോള എന്ന പേരില്‍ ശീതളപാനീയവും വിറ്റഴിക്കുന്നു.
നിലമ്പൂര്‍ ചാലിയാര്‍, പോത്തുകല്ല്, കരുളായി പഞ്ചായത്തുകളിലെ പണിയ, കാട്ടുനായ്ക്ക, മുതുവാന്‍ ആദിവാസി ഊരുകൂട്ടങ്ങള്‍ തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷന് എന്ന സംരംഭ ഗ്രൂപ്പിന്റെ കീഴിലാണ് തേന്‍ വിറ്റഴിക്കുന്നത്. കൂടാതെ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി വഴിയും വില്പനയുണ്ട്. ആദിവാസികള്‍ ശേഖരിക്കുന്ന തേന്‍ ശുദ്ധീകരിച്ച് അട്ടപ്പാടി ഹണി എന്ന പേരിലാണ് വില്‍ക്കുന്നത്. മുത്തങ്ങയില്‍ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി തേന്‍ വൈല്‍ഡ് ഗോള്‍ഡ് ബ്രാന്‍ഡില്‍ വിറ്റഴിക്കുന്നു.
തേന്‍ സംസ്കരിക്കുന്നതും പായ്ക്കു ചെയ്യുന്നതുമെല്ലാം ആദിവാസികള്‍തന്നെ. തേനിലെ കറ, ജലാംശം എന്നിവയെല്ലാം നീക്കിയാണ് നൂറു ശതമാനം പ്രകൃതിദത്ത മൂല്യവര്‍ധിതമായി പുറത്തിറക്കുന്നത്. കിലോഗ്രാമിന് 650 രൂപ നിരക്കിലാണ് ആദിവാസികളില്‍നിന്നു തേന്‍ വാങ്ങുന്നത്. തേന്‍ സംസ്കരിച്ച് 1,000 രൂപയ്ക്കാണ് വില്പന.
ഔഷധ ഗുണം കൂടുതലുള്ള ചെറുതേനിനു നല്ല വില കിട്ടുമെങ്കിലും വളരെ കുറച്ചു മാത്രമെ ലഭിക്കാറുള്ളൂ. വിപണികളില്‍ ഏറ്റവും പ്രിയവും ചെറുതേനിനാണ്. തേന്‍ ലഭ്യത ഓരോ വര്‍ഷത്തെ കാലാവസ്ഥയെ ആശ്രയിച്ചാണ്. വേനല്‍മഴ ആവശ്യത്തിനു ലഭിക്കുമ്പോള്‍ വൃക്ഷങ്ങള്‍ പുഷ്പിച്ച് തേന്‍ ഉത്പാദനം വര്‍ധിക്കാറുണ്ട്. അതേസമയം, കാലം തെറ്റിയ മഴയും വെയിലും തേന്‍ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നു.
തുഷാര പുഷ്പന്