ഓർക്കസ്ട്രയ്ക്കുവേണ്ടി സ്വന്തം പോക്കറ്റിൽനിന്നു പണമിറക്കുന്ന സിനിമാ സംഗീതസംവിധായകനെ സങ്കല്പിക്കാനാകുമോ? ബുദ്ധിമുട്ടായിരിക്കും. അത് എ.ആർ. റഹ്മാനാണെങ്കിലോ! രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സംഗീതസംവിധായകരിലൊരാളായ റഹ്മാൻ അങ്ങനെയും ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. തന്റെ ഏഴാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ബോംബെ ടൈംസിനോടു മനസുതുറക്കുകയായിരുന്നു
അദ്ദേഹം.
സിനിമ ബിഗ് ബജറ്റ് ആണോ ചെറിയ ബജറ്റ് ആണോ എന്നത് റഹ്മാനെ ബാധിക്കുന്ന വിഷയമല്ല. തന്റെ പേര് സിനിമയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ, അതിന് ആവശ്യത്തിനു പണമില്ലെങ്കിൽ സ്വന്തം പോക്കറ്റിൽനിന്ന് എടുക്കാൻ തയാർ. അദ്ദേഹത്തിന്റെ വാക്കുകൾ:
ചെറിയ സിനിമയ്ക്കായി
ചിലപ്പോൾ വന്പൻ സിനിമകൾക്കു ചെറിയ മ്യൂസിക് സ്കോർ മതിയാകും. അതിനു 200 ഉപകരണങ്ങൾ അടങ്ങുന്ന ഓർക്കസ്ട്ര വേണ്ടിവന്നേക്കില്ല. അതേസമയം, ചിലപ്പോൾ ചില ചെറിയ ചിത്രങ്ങൾക്കു വലിയ സ്കോർ വേണ്ടിവന്നേക്കും. അവർക്കു വലിയ ബജറ്റ് ഉണ്ടാവില്ല. സാരമില്ല, എന്റെ പേരുള്ള, എന്റെ സിനിമയാണിതെന്നു ഞാൻ പറയും. ഓർക്കസ്ട്ര ബുക്ക് ചെയ്യും. രാജ്കുമാർ സന്തോഷി സംവിധാനംചെയ്ത ഗാന്ധി ഗോഡ്സേ ഏക് യുദ്ധ് (2023) ഒരു ചെറിയ ബജറ്റ് ചിത്രമായിരുന്നു. അതിനാണെങ്കിൽ വലിയ അളവിലുള്ള സംഗീതം ആവശ്യമുണ്ട്. അതനുസരിച്ചുള്ള സ്കോർ ചെയ്തു. ഇതിനുള്ള ബജറ്റ് ഇല്ലെന്നായിരുന്നു സന്തോഷിയുടെ പ്രതികരണം. കുഴപ്പമില്ല, ഇതിനു ഞാനാണ് സംഗീതമൊരുക്കുന്നതെന്ന് ഞാൻ പറഞ്ഞു.
പണമല്ല വലുതെന്ന മൂല്യബോധം വർഷങ്ങൾക്കുമുന്പേ റഹ്മാന്റെ മനസിലുറച്ചതാണ്. സത്യസന്ധതയാണ് പ്രധാനമെന്ന് അദ്ദേഹം എക്കാലവും പറഞ്ഞുവച്ചു. റഹ്മാനെ ഏറെ പ്രശസ്തനാക്കിയ ഒരു പരസ്യ ജിംഗിളിന് ലഭിച്ച പ്രതിഫലം വെറും രണ്ടായിരം രൂപയായിരുന്നു. ജിംഗിളുകൾക്കു സാധാരണ ഇരുപതിനായിരം രൂപ പ്രതിഫലം വാങ്ങിയിരുന്ന കാലത്താണിത്. പണത്തെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കിൽ തനിക്കതിനുവേണ്ടി ആത്മാർഥമായി ജോലിചെയ്യാൻ സാധിക്കില്ലായിരുന്നെന്ന് റഹ്മാൻ പറയുന്നു. പണം വരുന്നത് ഒരനുഗ്രഹം പോലെയാണ്. എന്നാൽ, ജോലിക്കാണ് പ്രാധാന്യം. നിങ്ങൾ എങ്ങനെ ജോലിചെയ്യുന്നു, ആളുകൾക്ക് എന്തു നൽകുന്നു, അതാണ് എക്കാലവും നിലനിൽക്കുക. എന്റെ എല്ലാ സിനിമകളെക്കുറിച്ചും മറ്റു ജോലികളെക്കുറിച്ചും എനിക്ക് അഭിമാനമുണ്ടാവണം- റഹ്മാൻ പറയുന്നു.
റോജാസുഗന്ധം
ഇറങ്ങിയ കാലത്ത് എങ്ങനെയായിരുന്നോ അതേ പുതുമ ഇപ്പോഴുമുണ്ടെന്നു സംഗീതപ്രേമികൾ റോജായിലെ സംഗീതത്തെക്കുറിച്ചു പറയാറുണ്ട്. കാലാതിവർത്തിയായ സംഗീതം സൃഷ്ടിക്കാനായതിനെക്കുറിച്ചു റഹ്മാന്റെ വാക്കുകൾ ഇങ്ങനെ: തുടക്കംമുതൽ മൂന്നു കാര്യങ്ങളിൽ എനിക്കു നിർബന്ധമുണ്ടായിരുന്നു. സംഗീതം ഏറ്റവും നന്നായി റിക്കാർഡ് ചെയ്യപ്പെടണം, നന്നായി നിർമിക്കപ്പെടണം, സംഗീതം സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണോ ആ ഉദ്ദ്യേശ്യം എപ്പോഴും ഏറ്റവും ശുദ്ധമായിരിക്കണം. ഒരു സൂപ്പർ സ്റ്റാറിന്റെ സിനിമയാണെങ്കിൽ അതിനു മികച്ച സംഗീതം ചെയ്യാം, ചെറിയ നടന്റേതാണെങ്കിൽ എന്തെങ്കിലും കാട്ടിക്കൂട്ടാം- അങ്ങനെയൊരു പരിപാടിയില്ല. എന്റെ സംഗീതം അങ്ങനെയല്ല. സംഗീതം കാലാതീതമായിരിക്കണം. ഞാൻ ചെയ്യുന്നത് എനിക്കു ചെയ്യാവുന്നതിന്റെ പരമാവധിയാവണം.
ഒരു ചെറിയ ചിത്രത്തിനുവേണ്ടി പാട്ടുകൾ ചെയ്യുന്പോൾ ഒരു മനോഹരമായ ഈണമുണ്ടായേക്കാം. എന്തിനാണ് ഈ പാട്ട് ഈ സിനിമയ്ക്കുപയോഗിക്കുന്നത്, ഒരു രജനികാന്ത് ചിത്രത്തിൽ ഉൾപ്പെടുത്തിയാൽ പോരേയെന്നു ചിലരെങ്കിലും ചോദിക്കും. എനിക്ക് വഞ്ചിക്കാനാവില്ലെന്നാണ് ഉത്തരം. ഈ ട്യൂണ് ഈ നായകനുവേണ്ടി ഉണ്ടായതാണ്, മറ്റൊരിടത്ത് ഉപയോഗിക്കാനാവില്ല. ഇങ്ങനെയാണ് എല്ലായ്പ്പോഴും എന്റെ വഴി.
ആദ്യത്തെ ദേശീയ പുരസ്കാരം (റോജാ) ലഭിച്ചപ്പോൾ എന്നോടൊരു മാധ്യമപ്രവർത്തകൻ ചോദിച്ചു- കരിയറിന്റെ തുടക്കത്തിൽ, ആദ്യത്തെ സിനിമയ്ക്കുതന്നെ ദേശീയ അവാർഡ് ലഭിച്ചത് വളരെ നേരത്തെയായിപ്പോയെന്ന് തോന്നുന്നുണ്ടോ?! ഒരു ഇന്ത്യൻ സംഗീതജ്ഞനെ സംബന്ധിച്ചു ദേശീയ പുരസ്കാരം വളരെ ഉന്നതമാണ്. അപ്പോൾ അവിടെനിന്നു മുന്നോട്ടുപോകണമെന്നാണ് എനിക്കു തോന്നിയത്. കലാകാരന് ഓരോ അംഗീകാരവും വീണ്ടും സ്വയം കണ്ടെത്തലാണ്. പുതിയൊരു വ്യക്തിയിലേക്കുള്ള പരിണാമമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും എനിക്കിത് ആദ്യത്തെ പുരസ്കാരമായി തോന്നുന്നു.
മണി രത്നം യൂണിവേഴ്സിറ്റി!
പുരസ്കാരദാനച്ചടങ്ങിൽ മിഥുൻ ദായ്ക്കും മണി രത്നത്തിനുമൊപ്പം ഇരിക്കുന്പോൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു- നിങ്ങൾ എവിടെയാണ് പഠിച്ചത്? ഞാൻ മണി രത്നത്തെ ചൂണ്ടിക്കാണിച്ചു പറഞ്ഞു- മണി രത്നം യൂണിവേഴ്സിറ്റി! ചിലരോടൊപ്പം ജോലിചെയ്യുന്പോൾ നിങ്ങളിൽനിന്ന് ഏറ്റവും മികച്ച സൃഷ്ടികളുണ്ടാകും. ഒന്നും ചോദിക്കാതെതന്നെ കാര്യങ്ങൾ മനസിലാകും. ഒരു ടെലിപ്പതിയാണ് അവിടെ നടക്കുന്നത്. അവർ ചിന്തിക്കുന്നതെന്ത് എന്നുപോലും നമുക്കു വ്യക്തമാകും. അതുകൊണ്ടുതന്നെ ജോലിക്കു കൂടുതൽ സമയം വേണ്ടിവന്നേക്കാം.
ചെറുപ്പത്തിൽ കീബോർഡ് പ്ലെയർ ആയിരുന്ന സമയത്ത് ഒട്ടേറെ സംഗീതസംവിധായകർക്കൊപ്പം റഹ്മാൻ ജോലിചെയ്തിരുന്നു. അവരുടെയെല്ലാം സ്വാധീനത്തിൽനിന്നു പുറത്തുകടക്കാൻ വലിയ പരിശ്രമം വേണ്ടിവന്നിട്ടുണ്ടെന്നും റഹ്മാൻ പറയുന്നു.
അവർ ചെയ്തിരുന്നതൊന്നുമല്ല, പുതിയ അനുഭവങ്ങളിലേക്കാണ് എനിക്കു പോകേണ്ടിയിരുന്നത്. അവരുടെ രീതികളിൽനിന്ന് അപ്പാടെ മാറി. അവരെല്ലാം സാധാരണ ഉപയോഗിക്കുന്ന ഭൈരവിയും തോടിയും യമനുംപോലുള്ള രാഗങ്ങൾ വിട്ട് അപൂർവങ്ങളായ രാഗങ്ങൾ കണ്ടെത്തി. തമിഴിൽ തീരെക്കുറച്ചുമാത്രം ഉപയോഗിക്കുന്ന രാഗങ്ങളാണ് റോജായിലെ പാട്ടുകൾക്ക് - അധികവും ഉത്തരേന്ത്യൻ രാഗങ്ങൾ. ശ്രോതാക്കൾ ഒട്ടും പ്രതീക്ഷിക്കാത്തതു നൽകാനാണ് ഞാൻ ശ്രമിച്ചത്. ചില പാട്ടുകൾക്കു പരന്പരാഗത ഈണം വേണ്ടിവന്നേക്കാം. അതേസമയം ചിലപ്പോൾ ഭാഗ്യപരീക്ഷണങ്ങൾക്കു സംവിധായകൻ തയാറായിരിക്കും. അങ്ങനെ സാഹസികമായുണ്ടാക്കുന്ന ഈണങ്ങൾ വളരെ രസകരവുമാണ്. മണി രത്നം അത്തരമൊരാളാണ്.
കംപോസറല്ല, തീം
പൊന്നിയിൻ സെൽവൻ പോലെ ഒരു സീക്വൽ ചെയ്യുന്പോൾ തുടർച്ചയ്ക്കുവേണ്ടി ഈണവും പിന്തുടരേണ്ടിവരും. ബോണ്ട് സിനിമകളിൽ ഒരേ തീംതന്നെയാണ് തുടരുന്നത്. തോമസ് ന്യൂമാൻ, ജോണ് ബാരി എന്നീ വ്യത്യസ്ത കംപോസർമാർ വന്നപ്പോഴും അതുതന്നെയാണ് ചെയ്തത്. സ്റ്റാർ വാർസ്, ഹാരി പോട്ടർ, ഇന്ത്യാന ജോണ്സ് സീരീസുകൾക്ക് ജോണ് വില്യംസ് ചെയ്തതും അങ്ങനെയാണ്. പൊന്നിയിൻ സെൽവനുവേണ്ടി വലിയ ഗവേഷണങ്ങൾ നടത്തി. അക്കാലത്ത് എന്തൊക്കെ തരത്തിലുള്ള ഉപകരണങ്ങളാണെന്നു കണ്ടെത്തി. അവയുടെ ശബ്ദം ആധുനിക ഉപകരണങ്ങളിൽനിന്ന് ഉണ്ടാക്കി. ചിലതിന്റെയെല്ലാം ശബ്ദം കൃത്യമായി. ചിലതിന് അല്പം സ്വാതന്ത്ര്യമെടുക്കേണ്ടിവന്നു. ഗംഭീരമായ അനുഭവമുണ്ടാക്കുകയെന്നതാണ് ആത്യന്തികമായ ലക്ഷ്യം. കാഴ്ചക്കാരെ നിങ്ങൾ ആ കാലഘട്ടത്തിലേക്കു കൊണ്ടുപോകുകയാണ്. അന്നു യഥാർഥത്തിൽ എന്താണ് സംഭവിച്ചിരിക്കുകയെന്ന് ആർക്കുമറിയില്ല. നമ്മളത് ഭാവനയിൽ കാണുകയാണ്. ചിലപ്പോൾ ഭാവന സാധാരണമായിരിക്കും, മറ്റുചിലപ്പോൾ വന്യവും. അപ്പോഴും സത്യസന്ധമായി, മനസർപ്പിച്ചു ചെയ്യുകയെന്നതാണ് എന്റെ വഴി.
ശരിയാണ്, അങ്ങനെയാണ് പാട്ടനുഭവങ്ങൾ മനസുതൊടുന്നത്.
ഹരിപ്രസാദ്