കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണില്ല. എന്നാൽ അദ്ദേഹത്തിന്റെ പാട്ടുകൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒട്ടേറെപ്പേരുണ്ട്. വിദഗ്ധനായ വയലിൻ വാദകനുമാണ് അദ്ദേഹം - സംഗീത സംവിധായകൻ ഉത്തം സിംഗിനെക്കുറിച്ച്...
കാൽനൂറ്റാണ്ടു പിന്നിട്ടിട്ടും ഒരു സിനിമയിലെ പാട്ടുകൾ പുതിയതുപോലെ അനുഭവപ്പെടുകയെന്നത് ഈ കാലത്ത് അത്ര സുപരിചിതമല്ല. ദിൽ തോ പാഗൽ ഹേ (1997) എന്ന ചിത്രത്തിലെ പാട്ടുകൾ അങ്ങനെയാണ്. ഓരോ തവണ കേൾക്കുന്പോഴും എന്തൊക്കെയോ പുതിയ അനുഭവങ്ങൾ പകരാൻ ആ പാട്ടുകൾക്കു കഴിയുന്നുണ്ട്. ഈ പാട്ടുകൾ ഒരുക്കിയയാൾ പക്ഷേ അത്ര സുപരിചിതനല്ല- ഉത്തം സിംഗ്. സംഗീതത്തെ ദൈവികമായി കരുതുന്നവരിൽ ഒരാൾ.
“ശരിയാണ്, ആ പാട്ടുകൾ ഇപ്പോഴും ഒരുപാടുപേർ കേൾക്കുന്നു. അത് ദൈവത്തിന്റെ കൃപയാണ്. ദൈവം സംഗീതത്തിന് അർഹമായ സ്ഥാനം നൽകുന്നു. അങ്ങനെ എനിക്കും കിട്ടി. അതിന് ഞാനെന്നും നന്ദിയുള്ളവനായിരിക്കും”- അടുത്തയിടെ ഉത്തം സിംഗ് പറഞ്ഞു.
മഹാന്മാർക്കൊപ്പം
വയലിനിസ്റ്റായും സാങ്കേതികവിദഗ്ധനായും സംഗീതരംഗത്തെ മഹാപ്രതിഭകൾക്കൊപ്പം വളരെക്കാലം പ്രവർത്തിക്കാനായതാണ് തന്റെ ഭാഗ്യമെന്നു കരുതുന്നു ഉത്തം. പഴയകാലത്ത് ഏതാണ്ടെല്ലാ സംഗീതസംവിധായകർക്കും സ്വന്തമായ ഒരു ടോണ്‍ ഉണ്ടായിരുന്നു. അഞ്ചുനിമിഷം കേട്ടാൽ മാത്രംമതി, ആരാണ് ഈണമിട്ടതെന്നു മനസിലാക്കാം - ഉത്തം സിംഗ് ഇങ്ങനെ പറയുന്നതിൽനിന്ന് അദ്ദേഹത്തിലുള്ള ഉത്തമസംഗീതത്തെ നമുക്കും തിരിച്ചറിയാം.
ശങ്കർ-ജയ്കിഷൻ, ഒ.പി. നയ്യാർ, നൗഷാദ്, എസ്.ഡി. ബർമൻ, മദൻ മോഹൻ, ആർ.ഡി. ബർമൻ, റോഷൻ, ചിത്രഗുപ്ത, സി. രാമചന്ദ്ര തുടങ്ങി എല്ലാവർക്കും അവരവരുടേതായ സ്വരമുണ്ടായിരുന്നു. സ്വന്തം ശബ്ദം, സ്വന്തം ശൈലി.. ഇന്ന് ഒരു സംഗീതജ്ഞനും അത്തരമൊരു ടോണ്‍ ഇല്ല, കീബോർഡിന്റെ ടോണ്‍ മാത്രമേയുള്ളൂ. ഇന്നത്തെ സംഗീതം കേട്ടാൽ ഇത് മുന്പെവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നു തോന്നും- ഉത്തം സിംഗിന്റെ വാക്കുകൾ.
വയലിനിസ്റ്റായി ഈ പ്രമുഖർക്കെല്ലാമൊപ്പം പ്രവർത്തിച്ചു തെളിഞ്ഞതാണ് ഉത്തം സിംഗിന്റെ പാട്ടുവഴികൾ. രാവിലെ രാമചന്ദ്രയ്ക്കുവേണ്ടി, ഉച്ചയ്ക്ക് മദൻ മോഹന്‍, വൈകുന്നേരം നൗഷാദിനോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ വേണ്ടി.. ഇങ്ങനെ വയലിനുമായി സഞ്ചരിക്കുകയെന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ലല്ലോ.
ഒരേയൊരു ഇളയരാജ!
എത്രയൊക്കെ സംഗീതസംവിധായകരെക്കുറിച്ചു പറഞ്ഞാലും അവർക്കെല്ലാം മുകളിൽ ഉത്തം സിംഗ് ഇളയരാജയ്ക്കു സ്ഥാനം നൽകും. സംഗീതജ്ഞനാവാൻ ജനിച്ചയാൾ എന്നാണ് ഇളയരാജയെക്കുറിച്ചുള്ള വിശേഷണം. അദ്ദേഹത്തിന്റെ സഹായിയായിട്ടാണ് ഉത്തം സിംഗിന്റെ തുടക്കം. അന്ന് മിക്സിംഗ് എൻജിനിയറായിരുന്നു.
"ഇളയരാജയെക്കുറിച്ചു പറയുന്നത് ഒരു സ്ഥാപനത്തെക്കുറിച്ചോ ഒരു വലിയ നിഘണ്ടുവിനെക്കുറിച്ചോ പറയുന്നതുപോലെയാണ്. നാലു പതിറ്റാണ്ടുകളായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചുതുടങ്ങിയിട്ട്. അദ്ദേഹത്തിന്റെ പല പാട്ടുകളിലും ഞാൻ വയലിൻ വായിച്ചു. വലിയ ആത്മബന്ധമാണ്. മണിക്കൂറുകൾ ഒരുമിച്ചുണ്ടായാലും അധികം സംസാരമുണ്ടാവണമെന്നില്ല. ചുരുങ്ങിയ വാക്കുകളിൽ എല്ലാ ആശയവും പങ്കുവയ്ക്കപ്പെടും. ആത്മാവിന്റെയും സംഗീതത്തിന്റെയും ഭാഷ എന്നു വേണമെങ്കിൽ പറയാം.
പലർക്കുമൊപ്പം ജോലിചെയ്തിട്ടുണ്ടെങ്കിലും ഇളയരാജയെപ്പോലെ മറ്റൊരാളില്ല. സംഗീതം എഴുതാനും വായിക്കാനും കംപോസ് ചെയ്യാനും അറിയാവുന്ന കംപ്ലീറ്റ് മ്യൂസിക് ഡയറക്ടർ'- ഉത്തം സിംഗിന്റെ വാക്കുകൾ.
ഓർമയിൽ ഒരു രസകരമായ സംഭവംകൂടി:
“ഇളയരാജ നത്തിംഗ് ബട്ട് വിൻഡ് എന്ന ആൽബത്തിന്റെ ജോലി തുടങ്ങിയ സമയം. പുല്ലാങ്കുഴൽ ഇതിഹാസമായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെക്കൊണ്ടു വായിപ്പിക്കാനാകുമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഞാൻ സമ്മതിച്ചു. വൈകാതെ ചൗരസ്യയെ കാണാൻ ഞങ്ങളിരുവരും വിമാനം കയറുകയും ചെയ്തു. ആ യാത്രയ്ക്കിടയിൽ ആൽബത്തിനുവേണ്ടിയുള്ള നൊട്ടേഷൻ ഇളയരാജ എഴുതിയിട്ടുകഴിഞ്ഞിരുന്നു. അത് ചൗരസ്യയെ കാണിച്ചപ്പോൾ അദ്ദേഹത്തിനു ചെറുതല്ലാത്ത അന്പരപ്പായി. ഒരാഴ്ചയെടുത്താണ് അദ്ദേഹം റെക്കോർഡിംഗ് പൂർത്തിയാക്കിയത്.
ഏതാനും മിനിറ്റുകൾ മാത്രമെടുത്താണ് ഇളയരാജ ആ നോട്ടുകൾ എഴുതിയതെന്നോർക്കണം”!.
"അദ്ദേഹം മുംബൈയിൽ വരുന്പോഴെല്ലാം ഞാനാവും അദ്ദേഹത്തിന്റെ ഡ്രൈവർ- ചിലപ്പോഴൊക്കെ ബോഡി ഗാർഡും. ആവേശം മൂത്ത ആരാധകരുടെ ഇടയിൽനിന്ന് അദ്ദേഹത്തെ സുരക്ഷിതനായി കൊണ്ടുപോവുകയെന്നത് രസകരമായ കാര്യമാണ്'- ഉത്തം സിംഗ് കൂട്ടിച്ചേർക്കുന്നു.
പഞ്ചാബിൽനിന്ന്
സിത്താർ വാദകനായിരുന്ന പിതാവിനൊപ്പം ജന്മനാടായ പഞ്ചാബിൽനിന്ന് പന്ത്രണ്ടാം വയസിൽ മുംബൈയിൽ എത്തിയതാണ് ഉത്തം സിംഗ്. 1948 മേയ് 25നാണ് ജനനം. തബലയും വെസ്റ്റേണ്‍ ശൈലിയിലുള്ള വയലിനുമാണ് പഠിച്ചത്. ഗുരുദ്വാരകളിലും മറ്റു മതപരമായ ചടങ്ങുകളിലും കീർത്തനങ്ങളാലപിച്ച് ജീവിതം മുന്നോട്ടുനയിച്ച കാലമുണ്ടായിരുന്നു ഉത്തമിന്റെ കുടുംബത്തിന്.
1963ൽ നൗഷാദിന്റെ അസിസ്റ്റന്റായിരുന്ന മുഹമ്മദ് സാഫിക്കുവേണ്ടി വയലിൻ വായിച്ചത് ഉത്തം സിംഗിനു വഴിത്തിരിവായി. വിഖ്യാതരായ സംഗീതസംവിധായകരിലേക്ക് അങ്ങനെ നടന്നെത്തി.
ജഗ്ദീഷ് ഖന്നയ്ക്കൊപ്പം ചേർന്ന് ഒട്ടേറെ ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ച്മെന്റ് ചെയ്തു. ഉത്തം-ജഗ്ദീഷ് എന്ന പേരിൽ ഒരുമിച്ച് സംഗീതസംവിധാനവും ചെയ്തു.
1992ൽ ജഗ്ദീഷിന്റെ മരണത്തിനു മുന്‍പുതന്നെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കുറഞ്ഞിരുന്നു. സ്വതന്ത്ര സംഗീതസംവിധായകനായശേഷം ദിൽ തോ പാഗൽ ഹേ, ദുശ്മൻ, ഹം തുംപേ മർതേ ഹേ, ഫർസ്, പ്യാർ ദീവാനാ ഹോതാ ഹേ, ഗദർ- ഏക് പ്രേം കഥ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ ഗാനങ്ങൾക്ക് ഈണമിട്ടു.
ദുശ്മൻ എന്ന ചിത്രത്തിനുവേണ്ടി ആനന്ദ് ബക്ഷിയുടെ വരികളിൽ ഒരുക്കിയ ചിട്ടീ ന കോയി സന്ദേശ് എന്ന പാട്ട് ഇന്നും ഹൃദയങ്ങളെ ആർദ്രമാക്കുന്നതാണ്. ജഗ്ജീത് സിംഗിന്റെ സ്വരത്തിലുള്ളതാണ് ആ പാട്ട്. ഇനിയും അതുപോലുള്ള പാട്ടുകൾ ഒരുക്കാമെന്നാണ് ഉത്തം സിംഗിന്റെ പ്രതീക്ഷയും.
(2022ലെ ലതാ മങ്കേഷ്കർ പുരസ്കാരത്തിനാണ് അടുത്തയിടെ ഉത്തംസിംഗിനെ തെരഞ്ഞെടുത്തത്. 2023ലെ പുരസ്കാരം കെ.എസ്. ചിത്രയ്ക്കാണ്. ഒരുമിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്).
ഹരിപ്രസാദ്