മലയാളത്തിന്റെ അതിർത്തികൾക്കപ്പുറമാണ് കാർത്തിക് രചിച്ച ദൃശ്യകാവ്യങ്ങളേറെയുമെന്നതിനാൽ മലയാളികളിൽ പലർക്കും ഈ പ്രതിഭയുടെ സ്പർശം ഇനിയും തിരിച്ചറിയാനായിട്ടില്ല. തന്റെ കാമറകൾകൊണ്ട് സിനിമകൾക്കു വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ചു ശ്രദ്ധേയനായിരിക്കുകയാണ് ഈ മലയാളി. ഇപ്പോൾ രാജ്യത്തിന്റെ അതിർത്തിക്ക് അപ്പുറത്തേക്കും നീളുകയാണ് കാർത്തിക്കിന്റെ കാമറയുടെ ലെൻസ്.
കാമറയുപയോഗിച്ചു ഫോട്ടോയെടുക്കുന്നവരും വീഡിയോ എടുക്കുന്നവരുമൊക്കെ നിരവധി. ഇപ്പോൾ മൊബൈൽ ഫോണിൽ മികച്ച കാമറകൾ ലഭ്യമാകുന്ന കാലത്ത് എല്ലാവരും ഫോട്ടോഗ്രാഫർമാരും വീഡിയോ ഗ്രാഫറുമാരുമൊക്കെയാണ്. എന്തിനധികം പറയുന്നു, മൊബൈൽ ഫോൺ കാമറയിൽ സിനിമകൾ വരെ ഷൂട്ട് ചെയ്യാൻ ആളുകൾ ഇറങ്ങിത്തിരിക്കുന്ന കാലം.
ഇങ്ങനെ എല്ലാവരും ഫോട്ടോയും വീഡിയോയും എടുക്കുന്ന കാലത്തും ചിലർ മാത്രം ശ്രദ്ധിക്കപ്പെടും. ഒരേ ദൃശ്യങ്ങളാണ് പകർത്തുന്നതെങ്കിലും അവർ പകർത്തിയതിന് അഴകും മിഴവും ഒന്നു വേറെതന്നെയാവും. ആരും പ്രതീക്ഷിക്കാത്ത ആംഗിളുകളിൽ അവരുടെ കാമറ കണ്ണുചിമ്മിത്തുറക്കും, ആരും ശ്രദ്ധിക്കാത്ത ചലനങ്ങൾ പോലും അവരുടെ കാമറയ്ക്കു വിരുന്നായിരിക്കും.
കാഴ്ചയ്ക്കുള്ളിലെ കാഴ്ചകളിലേക്കു കണ്ണുനട്ടിരിക്കുന്ന ഇവരാണ് കാമറകൾക്കൊണ്ട് കവിതയെഴുതുന്നവർ... അങ്ങനെ നോക്കിയാൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കാർത്തിക് എസ്. നായർ നല്ലൊരു കവിയാണ്. കൈയിൽ കിട്ടുന്ന കാമറയും ലെൻസും ഉപയോഗിച്ച് മനം കവരുന്ന ദൃശ്യങ്ങൾ കവിതകൾ പോലെ കോറിയിടുന്ന കലാകാരൻ. ലെൻസിനു പിന്നിലെത്തിയാൽ ഒരു മാന്ത്രികന്റെ കൈയടക്കവും കണ്ണടക്കവും കാഴ്ചവച്ച് വിസ്മയം തീർക്കുന്ന യുവപ്രതിഭ.
പ്രതിഭയുടെ ലെൻസ്
മലയാളത്തിന്റെ അതിർത്തികൾക്കപ്പുറമാണ് കാർത്തിക് രചിച്ച ദൃശ്യകാവ്യങ്ങളേറെയുമെന്നതിനാൽ മലയാളികളിൽ പലർക്കും ഈ പ്രതിഭയുടെ സ്പർശം ഇനിയും തിരിച്ചറിയാനായിട്ടില്ല. തന്റെ കാമറകൾകൊണ്ട് സിനിമകൾക്കു വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ചു ശ്രദ്ധേയനായിരിക്കുകയാണ് ഈ മലയാളി. ഇപ്പോൾ രാജ്യത്തിന്റെ അതിർത്തിക്ക് അപ്പുറത്തേക്കും നീളുകയാണ് കാർത്തിക്കിന്റെ കാമറയുടെ ലെൻസ്.
പല യുവാക്കളെയും പോലെ സിനിമ കാർത്തിക്കിനും ഒരു ഹരമായിരുന്നു. താരമാകാനും സംവിധായകനാകാനുമൊക്കെ മോഹിച്ച് പലരും സിനിമയിലേക്കു ചുവടുവയ്ക്കുന്പോൾ കറുത്ത കാമറകളുടെ അഴകായിരുന്നു കാർത്തിക്കിന്റെ കൺനിറയെ. കാമറയോടു മുഖം ചേർത്തുവയ്ക്കുന്ന സ്വപ്നങ്ങളുമായിട്ടാണ് ഈ ചെറുപ്പക്കാരൻ പല ദിവസങ്ങളിലും ഉറങ്ങിയിരുന്നത്.
അമ്മയുടെ അമ്മാവനായിരുന്ന പ്രൊഡക്ഷൻ കൺട്രോളർ ചന്ദ്രൻ പനങ്ങോട് ആണ് കാർത്തിക്കിനു സിനിമാ മോഹങ്ങൾ സമ്മാനിച്ചത്. എന്നാൽ, സിനിമയുടെ ഏതെങ്കിലും മേഖലയിൽ കാലുറപ്പിക്കുക അത്ര എളുപ്പമല്ലെന്ന് കാർത്തിക്കിന് അറിയാമായിരുന്നു. എങ്കിലും പിന്നോട്ടു മാറാതെ, നിരാശനാകാതെ പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
തുടക്കം മലയാളത്തിൽ
ഒടുവിൽ ഒരു വാതിൽ കാർത്തിക്കിനു മുന്നിൽ തുറന്നു. അത് 2011ൽ ആയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ അറബിയും ഒട്ടകവും പി. മാധവൻനായരും എന്നതായിരുന്നു സിനിമ. കാമറ അസിസ്റ്റന്റ് ആയിട്ടായിരുന്നു രംഗപ്രവേശം. ആകെ 20 ദിവസം മാത്രമാണ് ഈ സെറ്റിൽ പ്രവർത്തിച്ചതെങ്കിലും സിനിമയെന്ന വിസ്മയ ലോകത്തേക്കുള്ള ആദ്യ ചുവട് എന്ന നിലയിൽ അത് കാർത്തിക്കിനു വലിയ പ്രചോദനവും ആഹ്ലാദവും പകർന്നു.
ഈ രംഗത്ത് തനിക്കു ചിലതൊക്കെ ചെയ്യാനാകുമെന്ന ആത്മവിശ്വാസവും ഈ ദിവസങ്ങൾ കാർത്തിക്കിനു സമ്മാനിച്ചു. തുടർന്നു നേരേ തമിഴിലേക്കായിരുന്നു കാമറ തിരിഞ്ഞത്. പവിത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ മാട്ട് ദാവണി എന്ന തമിഴ്ചിത്രം. ഇതോടെ കാർത്തിക്കിന്റെ കരിയറിലേക്കുള്ള ലെൻസ് പതിയെ മിഴിതുറക്കുകയായിരുന്നുവെന്നു പറയാം. ഈ ചിത്രത്തിനു പിന്നാലെ തമിഴിലെ കാമറാമാൻ ശ്രീഗണേഷിനൊപ്പം പ്രവർത്തിച്ചു തുടങ്ങി. രണ്ടു വർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിലൂടെ ഇരുത്തം വന്ന ഒരു കാമറാമാൻ രൂപപ്പെടുകയായിരുന്നു.
വഴിത്തിരിവ്
എങ്കിലും 2015ൽ പ്രശസ്ത കാമറാമാൻ രവി വർമനെ കണ്ടുമുട്ടിയതാണ് കാർത്തിക്കിന്റെ സിനിമാജീവിതത്തിൽ ഗംഭീര വഴിത്തിരിവായി മാറിയത്. കൈനിറയെ പ്രമുഖരുടെ ചിത്രങ്ങളുണ്ടായിരുന്ന അദ്ദേഹത്തിനൊപ്പം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി ഭാഷകളിൽ പ്രവർത്തിക്കാനായി. ഷാരൂഖ്ഖാൻ, അക്ഷയ് കുമാർ, ചിയാൻ വിക്രം, ഉർവശി തുടങ്ങിയ പ്രതിഭകളുടെ അഭിനയ മുഹൂർത്തങ്ങളെ കാമറയിൽ പകർത്തി.
ഇന്ത്യയിലാകെ ശ്രദ്ധേയമായ ചില ചലച്ചിത്ര സംരംഭങ്ങളുടെ ഭാഗമാകാനും ഇതുവഴി കഴിഞ്ഞു. വിഖ്യാത സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയൻ സെൽവൻ 1, പിഎസ് 2 എന്നിവയുടെ ഭാഗമാകാൻ കഴിഞ്ഞതായിരുന്നു ഏറ്റവും വലിയ ഭാഗ്യമെന്ന് കാർത്തിക് പറയുന്നു.
സെക്കൻഡ് യൂണിറ്റ് കാമറാമാനായിട്ടായിരുന്നു ഈ ചിത്രങ്ങളുടെ ഭാഗമായത്. ഒടുവിൽ മുക്തി എന്ന ഗുജറാത്തി ചിത്രത്തിലൂടെ സ്വതന്ത്ര കാമറാമാൻ എന്ന പദവിയിലേക്ക് കാർത്തിക് എത്തി. 2020ലെ ലോക്ക്ഡൗൺ സമയത്തായിരുന്നു ഈ ചിത്രത്തിലേക്ക് അവസരം വന്നെത്തിയത്. കോവിഡ് നിമിത്തം യാത്ര ആകെ പ്രതിസന്ധിയിലായിരിക്കുന്ന കാലം.
എങ്കിലും പലവിധ കടന്പകൾ കടന്ന് ഷൂട്ടിനായി ഗുജറാത്തിൽ എത്തി. വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ സിനിമയുടെ ക്രൂ മുഴുവൻ വന്നത് കാർത്തിക്കിനെ അദ്ഭുതപ്പെടുത്തി. അത്രയും ബഹുമാനത്തോടെയാണ് അവർ സെറ്റിലേക്കു സ്വീകരിച്ചതെന്നത് ജോലി ചെയ്യാൻ വലിയൊരു ആവേശവും പകർന്നു. സിനിമാജീവിതത്തിൽ ഗുജറാത്തി യുഗത്തിന്റെ തുടക്കം കൂടിയായിരുന്നു മുക്തി.
തുടർന്ന് രഘു റോമിയോ, ടെറസ് എന്നീ ചിത്രങ്ങളും ഗുജറാത്തിയിൽ ചെയ്തു. പിന്നീട് നേരേ മലയാളത്തിലേക്കായിരുന്നു യാത്ര. പയസ് രാജ് സംവിധാനം ചെയ്ത സിദ്ദീ എന്ന ചിത്രത്തിൽ പ്രവർത്തിച്ചു. ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനെ കാമറയിൽ പകർത്താൻ കഴിഞ്ഞത് വലിയ സന്തോഷം പകർന്നു.
ഇനി മലേഷ്യയിലേക്ക്
2023ൽ യാനെ മുഖത്താൻ എന്ന തമിഴ് ചിത്രത്തിന്റെ കാമറക്കു പിന്നിലും കാർത്തിക് ഉണ്ടായിരുന്നു. യോഗി ബാബു, ഉർവശി, രമേശ് തിലക് തുടങ്ങിയവരൊക്കെ ഭാഗമായ ചിത്രം വലിയ ഹിറ്റ് ആയി മാറി.
13 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയിൽത്തന്നെ 25ല്‍ പരം ചിത്രങ്ങളുടെ ഭാഗമാകാന്‍ കാര്‍ത്തിക്കിനായി.
സ്കോട്ട്ലന്‍ഡ്, മലേഷ്യ, സിംഗപ്പുര്‍, ദുബായ്, തായ്ലന്ഡ് തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലേക്ക് കാമറയുമായി പറന്നു. സിനിമ ഭാഷകൾക്കതീതമായി ഒരുപിടി നല്ല സുഹൃത്തുക്കളെ നല്‍കിയതായും അദ്ദേഹം പറയുന്നു. ചെന്നൈയിലുള്ള വിജയ്, ബംഗളൂരുവിലെ സന്തോഷ്, അഡ്വക്കേറ്റ് ഡോക്ടര്‍ ക്ലാരന്‍സ് മിറാന്ഡസ്, അഡ്വ. ഷിജിലാല്‍ എന്നിവരൊക്കെ സിനിമ നല്കിയ ചങ്ങാതിമാരിൽ ചിലർ.
പിതാവ് എം. ശശിധരന് നായരും മാതാവ് ഉഷാകുമാരിയും മകന്റെ കാമറയുമായുള്ള യാത്രകൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. ഒടുവിൽ ഒരു മലേഷ്യൻ സിനിമയ്ക്കു കാമറ ചലിപ്പിക്കാനുള്ള നിയോഗം ലഭിച്ചിരിക്കുകയാണ് കാർത്തിക്കിന്.
ഇന്ത്യയ്ക്ക് അപ്പുറമുള്ള ഒരു ഭാഷയിലേക്കു കാമറയും ലെൻസും തിരിക്കുന്നതിന്റെ ആവേശത്തിലാണ് ഈ പ്രതിഭ. മലയാളികൾക്ക് അഭിമാനമായ ഛായാഗ്രാഹകൻ എന്ന പദവിയിലേക്കുള്ള പടവുകൾ ഒന്നൊന്നായി പിന്നിടുകയാണ് കാർത്തിക് എസ്. നായർ.
ശരത് ജി. മോഹൻ