എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്ങൾ? ചോദിക്കുന്നത് കേരളത്തിലെ ഒരു യുവ രാഷ്ട്രീയ നേതാവ്. ചോദിക്കുക മാത്രമല്ല മണ്ണിലേക്ക് ഇറങ്ങി തെളിയിക്കുക കൂടിയാണ് അദ്ദേഹം.
അഞ്ചേക്കർ സ്ഥലമെങ്കിലും സ്വന്തമായിട്ടുള്ള ഒറ്റയാളും നന്നായി ജീവിക്കാനായി നാടുവിടേണ്ട സ്ഥിതിയില്ല...' പറയുന്നത് കേരളത്തിലെ ഒരു യുവരാഷ്ട്രീയ നേതാവ്.
ഒരു പക്ഷേ, കേരളത്തിലെ കാർഷിക മേഖല പ്രതിസന്ധിയെ നേരിടുന്ന ഇക്കാലത്ത് ഈ ഡയലോഗ് കേട്ടാൽ പലരും മുഖം ചുളിക്കും. എന്നാൽ, പ്രഫഷണലായി ഭൂമിയെ ഉപയോഗിക്കാൻ പഠിച്ചുകഴിഞ്ഞാൽ നാട്ടിൽ അന്തസോടെ ജീവിക്കാൻ അഞ്ചേക്കർ സ്ഥലം ധാരാളമാണെന്ന് ഏതു വേദിയിലും പറയാൻ മാത്രമല്ല ജീവിതത്തിലൂടെ തെളിയിക്കാനും തയാറാണെന്നാണ് ഈ യുവനേതാവ് പറഞ്ഞത്.
ഇതോടെയാണ് എന്നാൽ, ആളെ നേരിട്ടു കണ്ടു സംസാരിച്ചുകളയാം എന്നു കരുതി ഞങ്ങൾ ഈരാറ്റുപേട്ടയിലേക്കു യാത്ര തിരിച്ചത്. ഈരാറ്റുപേട്ട, യുവനേതാവ് എന്നൊക്കെ കേട്ടപ്പോൾത്തന്നെ നിങ്ങൾക്ക് ആളെ പിടികിട്ടിക്കാണും, ഷോൺ ജോർജ്...
ഞങ്ങൾ ചെല്ലുന്പോൾ ഈരാറ്റുപേട്ടയിലെ പ്ലാത്തോട്ടം വീടിന്റെ മുന്നിൽ രാവിലെതന്നെ സന്ദർശകരുണ്ട്. ഞങ്ങൾ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞതും നിരവധി രാഷ്ട്രീയ കോളിളക്കങ്ങൾക്കും വിവാദങ്ങൾക്കും വേദിയായിട്ടുള്ള വീടിന്റെ വാതിൽ തുറന്ന് നാട്ടുകാരുടെ ചാക്കോച്ചൻ പ്രത്യക്ഷപ്പെട്ടു.
കൃഷിയാണ് വിഷയമെന്നു കേട്ടതോടെ ഈ വീടും പരിസരവും ഒരേക്കറോളം ഉണ്ട്. ഇവിടെനിന്നുതന്നെ തുടങ്ങാമെന്നായി ഷോൺ ജോർജ്. ഇതും പറഞ്ഞ് ഞങ്ങളെയും കൂട്ടി പറന്പിലേക്ക്.
ഈ പറന്പിൽ നാട്ടിൽ ലഭ്യമായ ഏതാണ്ട് എല്ലാവിധ ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ടെന്ന് ഇരുത്തം വന്ന കൃഷിക്കാരനെപ്പോലെ ചാക്കോച്ചൻ. ജാതി, ഇലഞ്ഞി, ഗ്രാന്പു, നാടൻ മാവ്, ഊദ്, മാംഗോസ്റ്റിൻ, മാജിക് ഫ്രൂട്ട്, കുരുമുളക്, ചന്ദനം, അന്പഴം, നാർത്തങ്ങ, സപ്പോട്ട, ഫിലോസാൻ (പുലാസൻ), ചുവടിനു 4000 രൂപ വിലയുള്ള ഇല്ലി, റംബുട്ടാൻ, അബിയു, ഡ്രാഗൺ ഫ്രൂട്ട്, ദുക്കു, മരമുന്തിരി, ലോംഗ്കോംഗ്, അച്ചാച്ചെയ്റു എന്നിങ്ങനെ എല്ലാം നട്ടുവളർത്തുന്നുണ്ട്. ആദ്യമൊക്കെ വച്ചുപിടിപ്പിച്ച പലതും പാളി. എന്നാൽ, കൃഷികാര്യങ്ങൾ കൂടുതൽ മനസിലാക്കിയതോടെ ഒരു ആവേശമായി മാറിയെന്ന് ചാക്കോച്ചന്റെ സാക്ഷ്യം.
ഇതുകൊണ്ട് ഒരു സാധാരണക്കാരനു ജീവിക്കാൻ കഴിയുമോ?
ഇത്രയുംകൊണ്ട് ജീവിക്കാൻ കഴിയില്ല. അതേസമയം, ഒരു നാലഞ്ചേക്കർ ഭൂമിയുണ്ടെങ്കിൽ, അതു പ്രഫഷണൽ രീതിയിൽ ഉപയോഗിക്കാനുള്ള പരിശീലനവും അറിവും നേടിയാൽ നല്ല വരുമാനം നേടി ജീവിക്കാം. ദേ ഈ നിൽക്കുന്ന ജാതിയിൽനിന്നു മാത്രം 9,500 രൂപ എനിക്കു കിട്ടി. അതിൽ നാലായിരം രൂപ മിച്ചം. അതായത് ഒരേക്കർ സ്ഥലത്ത് 100 ജാതി നട്ടുവളർത്താൻ കഴിഞ്ഞാൽ നാലു ലക്ഷം രൂപ വർഷം സമ്പാദിക്കാൻ കഴിയും.
കേരളത്തിന്റെ യുവതലമുറ വിദേശത്തേക്കു പോവുകയല്ലേ?
അതു വലിയ പ്രതിസന്ധി തന്നെയാണ്. അതേസമയം, ആഗ്രഹിച്ചതോ അവരുടെ കഴിവുകൾക്ക് അനുസരിച്ചുള്ളതോ ആയ ജോലികളല്ല ബഹുഭൂരിപക്ഷം പേരും വിദേശത്തുപോയി ചെയ്യുന്നത്.
വീട്, നാട്, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിങ്ങനെ പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയിട്ടാണ് അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നത്. അതേസമയം, നാലോ അഞ്ചോ ഏക്കർ ഭൂമിയുണ്ടെങ്കിൽ ധൈര്യമായി ഈ നാട്ടിൽ നിൽക്കാം.
വിദേശത്തേക്കു പോകാൻ മുടക്കുന്നതിന്റെ പകുതിപ്പണമെങ്കിലും ആ മണ്ണിൽ നിക്ഷേപിക്കാൻ തയാറായാൽ അഭിമാനത്തോടെ ഈ നാട്ടിൽത്തന്നെ ജീവിക്കാം. എന്തൊക്കെ പറഞ്ഞാലും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന നാടാണ് ഇന്നും കേരളം.
കൃഷി രണ്ടാം തരം പരിപാടിയാണെന്ന ചിന്ത പൊതുവേ ഉണ്ടോ?
തെറ്റായ കാഴ്ചപ്പാടാണിത്. ആരെയും വേദനിപ്പിക്കാതെ, ഉപദ്രവിക്കാതെ പ്രകൃതിദത്തമായ വരുമാനമാണ് കൃഷി നൽകുന്നത്. കുറ്റബോധമില്ലാതെ ആ പണം നമുക്കു സ്വന്തമാക്കാം. അതിന്റെ സംതൃപ്തി അനുഭവിച്ചറിയണം. കൃഷി, ടൂറിസം ഇതു രണ്ടും സംയോജിപ്പിച്ചുള്ള പദ്ധതികൾക്കാണ് ഇനി കേരളത്തിൽ ഭാവിയുള്ളത്. അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ യുവതലമുറ രംഗത്തിറങ്ങണം.
റബർ വെട്ടി നീക്കണമെന്ന് നേരത്തെ
പി.സി. ജോർജ് പറഞ്ഞത് ചിലർ വിവാദമാക്കിയല്ലോ?
എത്രയും പെട്ടെന്നു റബർ വിട്ട് മറ്റു കൃഷികളിലേക്കു തിരിഞ്ഞാൽ അത്രയും നല്ലത്. കേരളത്തിലെ കർഷകരെ മണ്ണിൽ ഇറങ്ങാൻ മടിയുള്ളവരാക്കി മാറ്റിയ കൃഷികൂടിയാണ് റബർ. അതുവരെ മണ്ണിലിറങ്ങി പെരുമാറിയിരുന്ന കർഷകർ റബർ വന്നതോടെ വീട്ടിൽ കയറി.
നല്ല വരുമാനവും വന്നു തുടങ്ങിയതോടെ വരാന്തയിൽനിന്നു റബർ തോട്ടത്തിലേക്കു നോക്കുന്നവർ മാത്രമായി. അതു നമ്മുടെ കാർഷിക സംസ്കാരത്തെത്തന്നെ ബാധിച്ചു. റബറിൽ ഇനിയും കണ്ണുംനട്ട് ഇരിക്കുന്നത് അബദ്ധമാണ്.
റബർ ഉപേക്ഷിക്കേണ്ട സമയമായെന്നാണോ പറയുന്നത്?
തീർച്ചയായും. ഫലവൃക്ഷങ്ങളടക്കം വരുമാനം ലഭിക്കുന്ന മറ്റു കൃഷികളിലേക്കു കർഷകർ മാറണം. ശാസ്ത്രീയമായി ചെയ്താൽ അതിന്റെ പ്രയോജനം ഉണ്ടാകും. ഫലവൃക്ഷ കൃഷിക്കു ഗുണം ചെയ്യുന്ന ചില നിർദേശങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ വച്ചിട്ടുണ്ട്.
ഉണ്ടായിരുന്ന റബർ വെട്ടിയിട്ട് ചാക്കോച്ചൻ എന്തു ചെയ്തു? എന്ന ചോദ്യത്തിന് വരൂ നമുക്ക് അവിടം വരെ പോകാമെന്നായിരുന്നു മറുപടി. ചാക്കോച്ചന്റെ വണ്ടിയിൽ ഞങ്ങൾ യാത്ര തുടങ്ങി. ഇടവഴികളിലൂടെ കടന്നുചെന്ന ജീപ്പ് നിന്നത് ഒരു കുന്നിൽ ചെരുവിനു സമീപം.
വളവും പുളവുമില്ലാതെ ഒറ്റ നീളത്തിനു മുകളിലേക്ക് തല ഉയർത്തി നിൽക്കുകയാണ് കുറെ മരങ്ങൾ. ജീപ്പിൽനിന്ന് ഇറങ്ങിക്കൊണ്ട് ചാക്കോച്ചൻ പറഞ്ഞു: "ഇതാണ് കാട്ടുകടുക്ക. റബർ വെട്ടിയ ശേഷം ഞാൻ നട്ടതാണ്. ദേ നോക്ക്.
ഒരു പരിചരണവും വേണ്ട. ആറേക്കറോളമുള്ള സ്ഥലത്ത് 1100 കാട്ടുകടുക്ക നട്ടിട്ടുണ്ട്. സോഫ്റ്റ് വുഡ് ഇനം. ഇപ്പോൾ ഏഴു വർഷമായി. മൂന്നു വർഷംകൂടി കഴിഞ്ഞാൽ വെട്ടി വിൽക്കാം. കുറഞ്ഞത് ഒന്നരക്കോടി രൂപയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ.
60 ഇഞ്ച് വണ്ണമുള്ള ഒരു മരത്തിന് 15,000 രൂപ വരെ കിട്ടും. ഒരു ഏക്കറിൽ 200 മരം വരെ നടാം. നന്നായി പരിപാലിച്ചാൽ ഇതിൽ കുരുമുളകുകൊടി കയറ്റിവിട്ടും വരുമാനം നേടാം. വാഴയോ മറ്റോ ഇടവിളയായി കൃഷി ചെയ്യാനും തടസമില്ല.
കൃഷിക്കാർക്കു പലപ്പോഴും നഷ്ടത്തിന്റെ കണക്കാണല്ലോ പറയാനുള്ളത്?
പഴഞ്ചൻ രീതികൾ തുടർന്നാൽ നഷ്ടക്കണക്കു മാത്രമേയുണ്ടാകൂ. ആധുനിക സാധ്യതകൾ മനസിലാക്കി ഭൂമിയെ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. യുവതലമുറ മുന്നിട്ടിറങ്ങിയാൽ അതു വളരെ എളുപ്പം. കൃഷി രസം പിടിച്ചുകഴിഞ്ഞപ്പോൾ ഞാൻ വാഗമൺ പുള്ളിക്കാനത്തിനു സമീപം കുറച്ചു സ്ഥലം വാങ്ങി.
27 ഏക്കർ. 6000 കാപ്പിച്ചെടി അവിടെയുണ്ട്. 200 റംബുട്ടാൻ, 900 കമുക്, 100 പ്ലാവ്, 50 കശുമാവ്, പഴങ്ങൾ എന്നിങ്ങനെ വിവിധ കൃഷികൾ ചെയ്യുന്നുണ്ട്. നല്ല തണുപ്പുള്ള സ്ഥലം. അവിടെ രണ്ടു ചെറു അരുവികളും ഒഴുകുന്നുണ്ട്.
അതായത് കൃഷിയെയും ടൂറിസത്തെയും ബന്ധിപ്പിക്കാൻ അനുകൂലം. ഭാവിയിൽ അതുതന്നെയാണ് ലക്ഷ്യം. വാഗമണിലെ എസ്റ്റേറ്റിൽ രണ്ടു ജോലിക്കാരുണ്ട്. ജോലി സംബന്ധമായ കാര്യങ്ങൾ അവർ വാട്ട്സ്ആപ്പിൽ അയയ്ക്കും, വീഡിയോ കോളിൽ കാണിക്കും.
കൃഷി ചെയ്യാൻ സമയം കിട്ടുന്നില്ലെന്നാണല്ലോ പലരും പറയുന്നത്?
അതു ശരിയല്ലെന്നതിന് എന്റെ ജീവിതംതന്നെ സാക്ഷ്യം. ജില്ലാ പഞ്ചായത്ത് മെംബറാണ് ഞാൻ. അതുപോലെ മധ്യകേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ മീനിച്ചൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കിന്റെ വൈസ് ചെയർമാൻ, പിന്നെ അഭിഭാഷകനായി കൊച്ചിയിൽ പ്രാക്ടീസ്.
ആഴ്ചയിൽ രണ്ടു ദിവസം കൊച്ചി ഓഫീസിൽ പോകും. അതിന്റെ ഇടയ്ക്കു പാർട്ടി പരിപാടികൾ, നാട്ടിലെ പരിപാടികൾ, വീട്ടുകാര്യങ്ങൾ, പിന്നെ വെള്ളിയാഴ്ചകളിൽ കൂട്ടുകാർക്കൊപ്പം ടർഫ് ഫുട്ബോൾ... അങ്ങനെ പരിപാടികളുടെ തിരക്കിൽ മുങ്ങി നിൽക്കുന്ന എനിക്കു ദിവസം ഒരു മണിക്കൂറെങ്കിലും കൃഷി കാര്യങ്ങൾക്കായി മാറ്റിവയ്ക്കാൻ കഴിയുന്നുണ്ട്.
അതുകൊണ്ട് മനസുവച്ചാൽ ആർക്കും ഒരു നല്ല കൃഷിക്കാരനാകാം. നാടിനെ പുതിയ കാർഷിക സംസ്കാരത്തിലേക്കു നയിക്കാൻ ദീപികയ്ക്കു വലിയ പങ്കുവഹിക്കാൻ കഴിയുമെന്നു പറഞ്ഞുകൊണ്ടാണ് ചാക്കോച്ചൻ ഞങ്ങളെ യാത്രയാക്കിയത്.
കാട്ടുകടുക്ക
മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ അറിയപ്പെടുന്നു. സോഫ്റ്റ് വുഡ് ഇനം. പ്ലൈവുഡ് നിർമാണത്തിന് ഉചിതം. ചിതൽ പിടിക്കില്ല. വളവില്ലാതെ നേരേ മുകളിലേക്കു വളരും. മിലിയ ഡുബിയ ശാസ്ത്രനാമം. വളരെ കുറച്ചു സമയംകൊണ്ട് വളർന്നു മികച്ച വരുമാനം നൽകും.
വലിയ പരിചരണമില്ലെങ്കിലും വളരും. അല്പം വളമൊക്കെ നൽകിയാൽ അഞ്ചോ ആറോ വർഷംകൊണ്ട് മുറിച്ചുവിൽക്കാം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൃഷിയുണ്ട്. ഏഴു വർഷമാകുന്പോൾ 40 അടി വരെ വളരും. 50 ഇഞ്ചോളം വണ്ണംവയ്ക്കും. വനംവകുപ്പും തേക്ക് വിട്ട് ഇതിന്റെ കൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്.
ജോൺസൺ പൂവന്തുരുത്ത്