നിഷി എന്ന പേരില്‍ ഇന്ത്യയില്‍ ഒരു ഭാഷയുണ്ട്. അരുണാചല്‍പ്രദേശിലെ ഒരു ആദിവാസി ജനവിഭാഗം ഉപയോഗിക്കുന്ന ഗോത്രഭാഷ. മാസങ്ങള്‍ക്കു മുമ്പൊരുനാള്‍, രണ്ടു മലയാളികള്‍ നിഷി ഭാഷ സംസാരിക്കുന്നവരുടെ ഒരു കൂട്ടായ്മയിലെത്തി. തങ്ങളുടെ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്ന ഒരു ഓഡിയോ അവരെ കേള്‍പ്പിച്ചു. അവർ സ്വന്തം ഭാഷയായ നിഷിയില് ആ ജനത ആദ്യമായി ബൈബിള്‍ വചനങ്ങള്‍ ഓഡിയോ രൂപത്തില്‍ കേട്ട ദിനം കൂടിയായിരുന്നു അത്.
ഐടി പ്രഫഷണലായ തോംസണ്‍ ഫിലിപ്പും സലേഷ്യന്‍ വൈദികന് ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലും ചേര്‍ന്ന് അവര്‍ക്കു സമ്മാനിച്ച ആ വചനവിരുന്ന്, നവകാല ബൈബിള്‍ പ്രഘോഷണ വഴികളില്‍ ഒരു പുതുചരിത്രമെഴുതാനുള്ള നിയോഗത്തിന്റെ ആദ്യ അധ്യായം കൂടിയായിരുന്നു. ഇന്നു ഭാരതത്തിലും പുറത്തുമുള്ള 25 ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍ ഓഡിയോ രൂപത്തില്‍ തയാറാക്കി മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ജനലക്ഷങ്ങളിലേക്ക് എത്തിക്കുന്ന സവിശേഷമായ വേദപ്രചാരമായി ആ നിയോഗം വളര്‍ന്നു കഴിഞ്ഞു.
ബൈബിള്‍ ഓണ്‍
സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്ലിക്കേഷനാണു ബൈബിള്‍ ഓണ്‍. കത്തോലിക്ക ബൈബിള്‍ 26 ഭാഷകളില്‍ ആകര്‍ഷകമായ ഫീച്ചറുകളോടെ ടെക്സ്റ്റായും ഓഡിയോയായും ലഭ്യമാക്കുന്ന ഏക മൊബൈല്‍ ആപ്പാണിത്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളില്‍ ബൈബിള്‍ ഓണ്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, ബംഗ്ലാ, ആസാമീസ് എന്നിവയ്ക്കൊപ്പം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ഗോത്ര ഭാഷകളിലും ബൈബിള്‍ ഓണ്‍ വഴി വചനം കേള്‍ക്കാം. അറബി, നേപ്പാളി, ലാറ്റിന്‍, വിവിധ ആഫ്രിക്കന്‍ ഭാഷകള്‍ എന്നിവയിലും ബൈബിള്‍ കേള്‍ക്കാനും വായിക്കാനുമുള്ള സൗകര്യം ആപ്പിലുണ്ട്.
വേറെ ലെവൽ...
ബൈബിളിലെ ഒരു അധ്യായം മാത്രമായോ ഏതെങ്കിലും ഒരു പുസ്തകമായോ വിശുദ്ധ ഗ്രന്ഥം പൂര്‍ണമായോ ആവശ്യമനുസരിച്ചു കേള്‍ക്കാവുന്ന രീതിയില്‍ ആപ്ലിക്കേഷന്‍ സെറ്റ് ചെയ്യാനാകും.
അധ്യായങ്ങള്‍ ഓട്ടോപ്ലേ മോഡില്‍ വരുന്ന രീതിയില്‍ ക്രമീകരിക്കാനാകും. ആവശ്യമുള്ള ഭാഗങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്തു പ്ലേലിസ്റ്റ് ഉണ്ടാക്കാനും അത് ഇഷ്ടമുള്ള സമയത്തു കേള്‍ക്കാനുമാകും.
കേള്‍വി സമയം ഇഷ്ടാനുസരണം ക്രമപ്പെടുത്താം. ഓഡിയോയിലെ വായനയുടെ വേഗം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനമുണ്ട്. ഒരിക്കല്‍ കേട്ട ഓഡിയോ ഭാഗം ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തപ്പോഴും ആവര്ത്തിച്ചുകേള്ക്കാനാകും.
ബൈബിളിലെ വാക്യങ്ങള്‍ തെരഞ്ഞെടുത്തു വാട്സ് ആപ്, ഫേസ്ബുക്ക് ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യാനുള്ള പ്രത്യേക സൗകര്യം ബൈബിള്‍ ഓണിലുണ്ട്. ഇങ്ങനെ പങ്കുവയ്ക്കുന്ന വചനത്തോടൊപ്പം ചേര്‍ക്കാന്‍ അനുയോജ്യമായ പശ്ചാത്തലചിത്രങ്ങളും ആപ്പിലുണ്ട്. അയയ്ക്കുന്നവരുടെ ഇഷ്ടമനുസരിച്ചുള്ള ഗ്രാഫിക്സും ടെക്സ്റ്റുകളും ഉള്‍പ്പെടുത്തി വചനം പങ്കുവയ്ക്കാനാകും. ഗാലറിയിലെ ചിത്രങ്ങളും ഇങ്ങനെ ഉപയോഗിക്കാം.
അക്ഷരങ്ങളുടെ വലിപ്പവും ശൈലിയും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനാകും. പല ഭാഷകളിലുള്ള ബൈബിള്‍ താരതമ്യം ചെയ്തു വായിക്കാനാകും. കാറിലെ ഓഡിയോ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ബൈബിള്‍ ഓണിലുണ്ട്.
വായന ബുദ്ധിമുട്ടുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കുമെല്ലാം ശബ്ദരൂപത്തിലുള്ള വചനാനുഭവം ബൈബിള്‍ ഓണ്‍ നല്കുന്നു. വിശുദ്ധ ബൈബിൾ നിശ്ചിത കാലയളവിൽ വായിച്ചുതീർക്കാനായി വിവിധ പ്ലാനുകളും ബൈബിളോൺ ആപ്പിൽ ലഭ്യമാണ്. വ്യക്തിപരമായും ഇടവകൾക്കും പ്രത്യേക സമൂഹങ്ങൾക്കും ഗ്രൂപ്പുകൾക്കും ഈ ഒരു പ്ലാൻ ഉപകരിക്കും.
ടെക്കിലെ നന്മകള്
സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ആത്മീയജീവിതത്തിലെ ഗുണപരമായ കാര്യങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുത്താനാവുമോ എന്ന അന്വേഷണമാണു ഐടി പ്രഫഷണലായ തോംസണ്‍ ഫിലിപ്പിനെ ബൈബിള്‍ ഓണ്‍ ആപ്പിന്റെ പിറവിയിലേക്കു നയിച്ചത്. അരുണാചല്‍പ്രദേശില്‍ വിദ്യാഭ്യാസ രംഗത്തു സേവനം ചെയ്യുന്ന ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ ഉദ്യമത്തിന് ആദ്യ വിത്തുപാകി.
അച്ചന്റെ ആവശ്യപ്രകാരമായിരുന്നു തോംസണ്‍ വചനം ഓഡിയോ രൂപത്തിലാക്കാനുള്ള ദൗത്യമേറ്റെടുത്തത്. അതു വലിയൊരു സമൂഹത്തിന് ഉണര്‍വും പ്രചോദനവുമായതോടെ, വ്യത്യസ്ത ഭാഷകളിലേക്കുകൂടി ആ സേവനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.
വിവിധ ഇന്ത്യന്‍ ഭാഷകളും കടന്നു ലോകഭാഷകളിലും സ്മാര്‍ട്ട് ഫോണിലൂടെ വചനം വായിക്കാനും കേള്‍ക്കാനും പങ്കുവയ്ക്കാനുമുള്ള ദൗത്യമായി അതു വളരുകയായിരുന്നു. വിവിധ മേഖലകളില്‍ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന കൊച്ചി കാക്കനാട് കേന്ദ്രമായ എലോയിറ്റ് ഇന്നൊവേഷന് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയാണു തോംസണ്‍ ഫിലിപ്പ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രസിദ്ധമായ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ എഡിസാപ് നിര്‍മിച്ചത് തോംസണിന്റെ നേതൃത്വത്തിലാണ്. ടെക്നോളജി രംഗത്തെ മികച്ച സംരംഭകനുള്ള യുഎന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
നേരത്തേ ന്യൂസിലന്‍ഡില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്, 2013ല്‍ ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തതിലൂടെ ലഭിച്ച പ്രചോദനമായിരുന്നു, വചനപ്രഘോഷണത്തിനു നവസാധ്യതകളിലേക്കുള്ള അന്വേഷണം. ഫാ. ജോസ്കുട്ടി മഠത്തിപ്പറമ്പിലും ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. പനയ്ക്കലും ഇതില്‍ പ്രോത്സാഹനം നല്കി.
കാഞ്ഞിരപ്പള്ളി വടക്കയില്‍ ഫിലിപ്പോസും ബീനയുമാണു തോംസണിന്റെ മാതാപിതാക്കള്‍. മേലൂര്‍ ഗവ. ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ ഡോ. മിനി ജോസാണു ഭാര്യ. സാറാ, മരിയ, ഫിലിപ്പ് എന്നിവര്‍ മക്കള്‍.
വലിയ സ്വപ്നം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു കോടിയാളുകള്‍ ബൈബിള്‍ ഓണ്‍ ആപിലൂടെ ഒരേസമയം വചനം കേള്‍ക്കുന്ന സമയമാണു തോംസണിന്റെയും ടീമിന്റെയും സ്വപ്നം. 2033 ആകുമ്പോഴേയ്ക്കും ലോകത്തിലെ രണ്ടായിരം ഭാഷകളില്‍ വചനം കേള്‍ക്കാനുള്ള സൗകര്യമൊരുക്കാനാണ് ഇവരുടെ ശ്രമം.
""ക്രിയേറ്റിവിറ്റി ദൈവത്തിനായിക്കൂടി ഉപയോഗിക്കാമെന്നതിലൂടെയാണു ബൈബിള്‍ ഓണ്‍ പിറന്നത്. ദൈവികമായ നന്മകള്‍ക്കായി നമുക്ക് ഇനിയും ക്രിയേറ്റീവാകാം.'' തോംസണിന്റെ വാക്കുകളില്‍ തികഞ്ഞ പ്രതീക്ഷയും സംതൃപ്തിയും.
സിജോ പൈനാടത്ത്