ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന സമരം മാറ്റിവച്ച് കര്‍ഷകസംഘടനകള്‍. ഡല്‍ഹി അതിര്‍ത്തികള്‍ വളഞ്ഞുകൊണ്ട് ജന്തര്‍മന്തറിലേക്ക് വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചാണ് മാറ്റിവച്ചത്.

അമിത് ഷാ അടക്കമുള്ളവരുമായി ഗുസ്തി താരങ്ങള്‍ ചര്‍ച്ച തുടരുകയാണ്. ഈ സാഹചര്യത്തില്‍ താരങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണ് തീരുമാനമെന്ന് കര്‍ഷകസംഘടനാ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. എന്നാല്‍ താരങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ലൈംഗിക പീഡനപരാതിയില്‍ ബ്രിജ് ഭൂഷനെതിരായ മൊഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്‍വലിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ വീണ്ടും മൊഴി നല്‍കി. ഈ മൊഴിയില്‍ പഴയ മൊഴിയിലെ കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് ഗുസ്തിതാരങ്ങളുടെ പരാതിയിലാണ് ബ്രിജ് ഭൂഷനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ പരാതിയില്‍നിന്ന് പിന്മാറിയാല്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല. സമരം പിന്‍വലിക്കാന്‍ താരങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാണെന്നും ആരോപണമുയരുന്നുണ്ട്.