കിവീസ് പോരാട്ടം
Sunday, December 15, 2024 12:31 AM IST
ഹാമിൽട്ടണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ന്യൂസിലൻഡ് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിൽ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ന്യൂസിലൻഡ് ഒന്നാംദിനം അവസാനിക്കുന്പോൾ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 315 റണ്‍സ് എടുത്തിട്ടുണ്ട്. 50 റണ്‍സുമായി മിച്ചൽ സാന്റ്നറും റണ്ണൊന്നുമെടുക്കാതെ വിൽ ഒറൂർക്കുമാണ് ക്രീസിൽ. 54 പന്തിൽ രണ്ടു സിക്സും ഏഴു ഫോറും അടക്കമാണ് സാന്റ്നർ 50 റണ്‍സുമായി പുറത്താകാതെ നിൽക്കുന്നത്.
ക്യാപ്റ്റൻ ടോം ലാഥം (63), കെയ്ൻ വില്യംസണ് (44), വിൽ യംഗ് (42) എന്നിവരും ന്യൂസിലൻഡ് ഇന്നിംഗ്സിൽ തിളങ്ങി. ഇംഗ്ലണ്ടിനായി മാത്യു പോറ്റ്സും ഗസ് അറ്റ്കിൻസണും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി.
സൗത്തി സിക്സ്
തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന ന്യൂസിലൻഡ് പേസർ ടിം സൗത്തി ഇന്നലെ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചതിൽ നാലാം സ്ഥാനത്ത് സൗത്തി എത്തി.
ക്രിസ് ഗെയ്ലിന് ഒപ്പമാണ് സൗത്തി ഇപ്പോൾ. ഇരുവരും 98 സിക്സ് നേടി. സൗത്തി ഇന്നലെ 10 പന്തിൽ 23 റണ്‍സ് നേടി. മൂന്ന് സിക്സും ഒരു ഫോറും സൗത്തിയുടെ ബാറ്റിൽനിന്നു പിറന്നു.
ബെൻ സ്റ്റോക്സ് (133), ബ്രണ്ടൻ മക്കല്ലം (107), ആദം ഗിൽക്രിസ്റ്റ് (100) എന്നിവരാണ് ടെസ്റ്റിലെ സിക്സ് എണ്ണത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.