സച്ചിൻ ദുരന്തം!
Sunday, December 15, 2024 12:31 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 2024-25 സീസണിലെ ദുരന്തമായി ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ കൈകൾ.
സച്ചിൻ സുരേഷിന്റെ പിഴവുകളിലൂടെ തോൽവി ഇരന്നുവാങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ എവേ പോരാട്ടത്തിൽ മോഹൻ ബഗാനെതിരേ ആദ്യ ഗോൾ വഴങ്ങിയതും മറ്റൊരു ദുരന്തനിമിഷത്തിൽ.
ഗോൾമുഖത്തേക്ക് എത്തിയ പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സച്ചിൻ സുരേഷ് നേരേ തട്ടിത്തെറിപ്പിച്ചത് മോഹൻ ബഗാന്റെ ജാമി മക്ലാരന്റെ കാൽപാങ്ങിന്. മക്ലാരന്റെ (33’) ഷോട്ട് വലയിൽ.
51-ാം മിനിറ്റിൽ ജെസ്യൂസ് ഹിമെനെസിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. മിലോസ് ഡ്രിൻസിച്ചിന്റെ (77’) ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. എന്നാൽ, ജേസൺ കമ്മിംഗ്സ് (86'), ആൽബർട്ടോ റോഡ്രിഗസ് (90+5') എന്നിവരുടെ ഗോളിൽ മോഹൻ ബഗാൻ 3-2ന്റെ ജയം സ്വന്തമാക്കി. 26 പോയിന്റുമായി ബഗാനാണ് ലീഗിന്റെ തലപ്പത്ത്. ബ്ലാസ്റ്റേഴ്സ് (11) പത്താമതു തുടരുന്നു.