ഗാബ ടെസ്റ്റിന്റെ ആദ്യദിനം മഴ കൊണ്ടുപോയി
Sunday, December 15, 2024 12:31 AM IST
ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം മഴയിൽ മുങ്ങി. വെറും 13.2 ഓവർ മാത്രമാണ് മത്സരം നടന്നത്. ഇതോടെ മൂന്നാം ടെസ്റ്റ് ഫലത്തിൽ ചതുർദിനമായി ചുരുങ്ങി. വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എന്ന നിലയിൽ ഓസ്ട്രേലിയ മഴയിൽ മൈതാനം വിട്ടു. നഥാൻ മക്സ്വീനിയും (4) ഉസ്മാൻ ഖ്വാജയുമാണ് (19) ക്രീസിൽ.
കാർമേഘാവൃതമായ അന്തരീക്ഷം കണ്ടതോടെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ സ്കോർ ബോർഡിൽ 19 റണ്‍സ് ഉള്ളപ്പോഴാണ് ആദ്യം മഴയെത്തിയത്. 5.3 ഓവർ മാത്രമായിരുന്നു അപ്പോൾ പൂർത്തിയായത്. പ്രാദേശിയ സമയം രാവിലെ 11.13നു മാനം തെളിഞ്ഞതോടെ മത്സരം പുനരാരംഭിച്ചു. എന്നാൽ, 13.2 ഓവറിൽ വീണ്ടും മഴയെത്തി. തുടർന്നും കാത്തിരിപ്പു നീണ്ടതോടെ അവസാന ആദ്യദിനത്തെ മത്സരം ഉപേക്ഷിച്ചു.
ഇന്നു മത്സരം അര മണിക്കൂർ നേരത്തേ ആരംഭിക്കും. ഇന്ത്യൻ സമയം 5.20നു മത്സരം തുടങ്ങുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എന്നാൽ, ഈ ദിവസങ്ങളിൽ ബ്രിസ്ബെയ്നിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ടീമിൽ രണ്ടു മാറ്റം
പിങ്ക് ബോൾ ടെസ്റ്റിൽ ഇറങ്ങിയ പ്ലേയിംഗ് ഇലവനിൽ രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഗാബയിൽ കളിയാരംഭിച്ചത്. സ്പിന്നർ ആർ. അശ്വിനു പകരം രവീന്ദ്ര ജഡേജയും പേസർ ഹർഷിത് റാണയ്ക്കു പകരം ആകാശ് ദീപും ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടു.
ആകാശ് 3.2 ഓവർ എറിഞ്ഞതിൽ രണ്ട് ഓവർ മെയ്ഡനായിരുന്നു. രണ്ടു റണ്‍സ് മാത്രമാണു വഴങ്ങിയത്. ജസ്പ്രീത് ബുംറ ആറ് ഓവറിൽ മൂന്നു മെയ്ഡൻ എറിഞ്ഞു. വിട്ടുനിൽകിയത് എട്ടു റണ്‍സ് മാത്രം.
നാല് ഓവറിൽ 13 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജായിരുന്നു മഴദിനത്തിൽ ഇന്ത്യയുടെ എക്സ്പെൻസീവ് ബൗളർ.
പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം പോരാട്ടത്തിൽ ഓസ്ട്രേലിയയും ജയിച്ചിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ കളിക്കണമെങ്കിൽ 3-1ന് എങ്കിലും ഇന്ത്യക്കു ഈ പരന്പര നേടണം. നിലവിൽ അഞ്ചു മത്സര പരമ്പര 1-1 സമനിലയിൽ തുടരുകയാണ്.