സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ഗോവയ്ക്കെതിരേ ഇറങ്ങും
Sunday, December 15, 2024 12:31 AM IST
ഹൈദരാബാദ്: സന്തോഷപ്പന്ത് ഇന്നലെ മുതൽ അതിന്റെ അവസാനഘട്ട യാത്രയാരംഭിച്ചു... 2024-25 എഡിഷൻ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്നലെ കിക്കോഫ്. രണ്ടാംദിനമായ ഇന്നു കേരളം ഇറങ്ങും.
ഏഴു തവണ സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരളം നിലവിലെ ഫൈനലിസ്റ്റുകളായ ഗോവയെയാണ് നേരിടുന്നത്. ഹൈദരാബാദിലെ ഡെക്കാണ് അരീനയിൽ രാവിലെ ഒന്പതിനാണ് കിക്കോഫ്.
നീണ്ട 57 വർഷങ്ങൾക്കുശേഷമാണ് ഹൈദരാബാദിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടം അരങ്ങേറുന്നത് എന്നതും ശ്രദ്ധേയം. 1966-67 എഡിഷനാണ് ഇതിനു മുന്പ് ഹൈദരാബാദിൽ അരങ്ങേറിയത്.
എസ്എസ്ഇഎൻ ആപ്പിലൂടെ സന്തോഷ് ട്രോഫി മത്സരങ്ങൾ ഇത്തവണ ലൈവായി കാണാം. ഇന്നു നടക്കുന്ന മറ്റു മത്സരങ്ങളിൽ തമിഴ്നാട് മേഘാലയയെയും (2.30 pm) ഡൽബി ഒഡീഷയെയും (7.30 pm) നേരിടും.
കേരളം x ഗോവ
2021-22 സീസണിലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫിയിൽ മുത്തംവച്ചത്. മലപ്പുറം മഞ്ചേരിയിൽ നടന്ന ഫൈനലിൽ വെസ്റ്റ് ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു കേരളത്തിന്റെ കിരീടധാരണം.
മറുവശത്ത് ഗോവ അഞ്ചു പ്രാവശ്യം സന്തോഷ് ട്രോഫിയിൽ മുത്തംവച്ചിട്ടുണ്ട്. 2008-09ലാണ് ഗോവയുടെ അവസാന കിരീടം. അതിനുശേഷം കഴിഞ്ഞ തവണത്തേതുൾപ്പെടെ രണ്ടു പ്രാവശ്യം ഫൈനലിൽ എത്തിയെങ്കിലും ട്രോഫിയിൽ കൈവയ്ക്കാൻ സാധിച്ചില്ല.
കാസർഗോഡ്, മംഗലാപുരം, കൊച്ചി എന്നിവിടങ്ങളിലെ പരിശീലനങ്ങൾക്കുശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്കുവേണ്ടി ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. ബിബി തോമസിന്റെ ശിക്ഷണത്തിലാണ് കേരള ടീം. സി. സഞ്ജുവാണ് ക്യാപ്റ്റൻ. ഡൽഹി, മേഘാലയ, ഒഡീഷ, തമിഴ്നാട് ടീമുകളാണ് കേരളത്തിനും ഗോവയ്ക്കുമൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിൽ 18 ഗോൾ
കോഴിക്കോട് കോർപറേഷൻ ഗ്രൗണ്ടിൽ അരങ്ങേറിയ പ്രാഥമിക റൗണ്ട് യോഗ്യതയിലെ മൂന്നു മത്സരങ്ങളിലായി കേരളം 18 ഗോൾ അടിച്ചുകൂട്ടിയിരുന്നു. യോഗ്യതാ റൗണ്ട് കളിച്ച ടീമുകളിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീം എന്ന കീർത്തിയുമായാണ് കേരളം ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. കോഴിക്കോട് പോരാട്ടങ്ങളിൽ റെയിൽവേസിനെ 1-0നും ലക്ഷദ്വീപിനെ 10-0നും പോണ്ടിച്ചേരിയെ 7-0നും കേരളം തകർത്തിരുന്നു.
സർവീസസിനെ ഞെട്ടിച്ച് മണിപ്പുർ
ഹൈദരാബാദ്: 2024-25 സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് പോരാട്ടങ്ങളുടെ ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ സർവീസസിനെ ഞെട്ടിച്ച് മണിപ്പുർ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മണിപ്പുർ 1-0നു സർവീസസിനെ കീഴടക്കി. അവസാനം നടന്ന 11 സന്തോഷ് ട്രോഫി എഡിഷനുകളിൽ ആറു തവണ ചാന്പ്യന്മാരായ ടീമാണ് സർവീസസ്. തെലുങ്കാനയും രാജസ്ഥാനും 1-1 സമനിലയിൽ പിരിഞ്ഞു.