കോലാപ്പുരി ചെരിപ്പ് കോപ്പിയടിച്ച് പ്രാഡോ
Tuesday, July 1, 2025 1:11 AM IST
റോം: മിലാൻ ഫാഷൻ വീക്കിൽ അവതരിപ്പിച്ച പുതിയതരം പാദരക്ഷകളുടെ പ്രചോദനം ഇന്ത്യയിലെ കോലാപ്പുരി ചെരുപ്പുകളാണെന്ന് ഇറ്റലിയിലെ പ്രമുഖ ഫാഷൻ കന്പനിയായ പ്രാഡ സമ്മതിച്ചു. ഇന്ത്യൻ പാരന്പര്യത്തിനു ക്രെഡിറ്റ് നല്കാതിരുന്നതിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞയാഴ്ച മിലാനിൽ നടന്ന ഫാഷൻ ഷോയിലൂടെയാണ് പ്രാഡ കന്പനി പുതിയ തരം ചെരുപ്പ് ഡിസൈനുകൾ പ്രദർശിപ്പിച്ചത്. തുകലിൽ നിർമിച്ച പാദരക്ഷകൾ എന്നായിരുന്നു വിശദീകരണം. ഇന്ത്യൻ ചെരുപ്പുമായി ഇതിനുള്ള ബന്ധം പരാമർശിച്ചില്ല. എന്നാൽ, മഹാരാഷ്ട്രയിലും കർണാടകത്തിലും പരന്പരാഗതമായി നിർമിക്കുന്ന കോലാപ്പുരി ചെരുപ്പുകളുടെ പകർപ്പാണ് ഇതെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
12ാം നൂറ്റാണ്ടുമുതൽ പ്രചാരത്തിലുള്ള ഈ ചെരുപ്പുകൾ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യവും ഈട് നിൽക്കുന്നതുമാണ്. മഹാരാഷ്ട്രയിലെ കോലാപ്പുർ നഗരത്തിൽനിന്നാണ് ഈ പേരു ലഭിച്ചത്. 2019ൽ കേന്ദ്രസർക്കാർ കോലാപുരി ചെരുപ്പിന് ഭൗമസൂചികാ പദവി നല്കിയിരുന്നു.
ഇന്ത്യയിലെ പരന്പരാഗത പാദരക്ഷകളിൽനിന്നാണു പ്രചോദനം ലഭിച്ചതെന്ന് പ്രാഡ കന്പനി പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര ചേന്പർ ഓഫ് കൊമേഴ്സിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കന്പനി പറയുന്നു.