ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
Tuesday, July 1, 2025 1:11 AM IST
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുകുന്നു. ശനിയാഴ്ച സ്പെയിനിലെ സെവിയ്യ മേഖലയിൽ 40 ഡിഗ്രി സെൽഷസിനു മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. എൽ ഗ്രനഡോ പട്ടണത്തിൽ 46 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
പോർച്ചുഗൽ, ഇറ്റലി, ക്രൊയേഷ്യ, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ബോസ്നിയ ആൻഡ് ഹെർസിഗോവിന, ഹംഗറി, സെർബിയ, സ്ലൊവേനിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉഷ്ണതരംഗത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോടു നിർദേശിച്ചിരിക്കുകയാണ്.
സ്പെയിനിലെ ബാഴ്സലോണ നഗരത്തിൽ നിരത്തുകൾ തൂത്തു വൃത്തിയാക്കുന്ന ഒരു വനിതാ തൊഴിലാളി മരിച്ചത് ഉഷ്ണതരംഗം മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഒട്ടേറെപ്പേർക്കു സൂര്യാഘാതം ഏറ്റെന്നും ഇതിൽ ഭൂരിഭാഗവും വയോധികർ, കാൻസർ രോഗികൾ, ഭവനരഹിതർ എന്നിവരാണെന്നും അധികൃതർ പറഞ്ഞു. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലും ജനങ്ങൾക്കു സൂര്യാഘാതം ഏറ്റുവെന്നാണു റിപ്പോർട്ട്.
സാധാരണ തണുപ്പുനിറഞ്ഞ കാലാവസ്ഥയുള്ള ബാൾക്കൻ രാജ്യങ്ങളിലടക്കം 40 ഡിഗ്രി സെൽഷസിനടുത്തേക്കു താപനില ഉർന്നിട്ടുണ്ട്. ഗ്രീസിന്റെ അയൽരാജ്യമായ നോർത്ത് മാസിഡോണിയയിൽ വെള്ളിയാഴ്ച 42 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ലണ്ടനിൽ ഈയാഴ്ച 35 ഡിഗ്രിയിലേക്കു ചൂട് ഉയരുമെന്നാണു മുന്നറിയിപ്പ്.