പശ്ചിമേഷ്യയിലെ അശാന്തിക്ക് ഒരാണ്ട്
Monday, October 7, 2024 4:21 AM IST
ലോകത്തെ നടുക്കിയ ഹമാസിന്റെ ഭീകരാക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തുന്ന പ്രത്യാക്രമണവും പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും രാഷ്ട്രീയ, സാമൂഹിക, സുരക്ഷാ മേഖലകളിലുണ്ടാക്കിയ മുറിവുകൾ ഉണങ്ങാൻ വർഷങ്ങളെടുക്കും. ഒരു വർഷം പൂർത്തിയായ യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചനകളില്ല. മറിച്ച് കൂടുതൽ വ്യാപിക്കാനുള്ള സാധ്യതകൾ ധാരാളമുണ്ട്. ഹമാസിന്റെ ആക്രമണം മുതൽ ലബനനിലെ യുദ്ധം വരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന പ്രധാനസംഭവങ്ങൾ ചുവടെ:
ഹമാസ് ആക്രമണം
2023 ഒക്ടോബർ ഏഴിന് രാവിലെയാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ഏഴായിരം ഭീകരർ ആക്രമണത്തിൽ പങ്കെടുത്തുവെന്നാണ് ഇസ്രയേൽ കണക്കാക്കുന്നത്. നാലായിരത്തിലധികം റോക്കറ്റുകൾ ഇസ്രയേലിലേക്കു തൊടുത്തുകൊണ്ടായിരുന്നു ആക്രമണത്തിന്റെ തുടക്കം. തുടർന്ന് ആയിരക്കണക്കിനു ഭീകരർ തെക്കൻ ഇസ്രയേലിലേക്ക് ഇരച്ചുകയറി. പാരാഗ്ലൈഡർ ഉപയോഗിച്ചും ഭീകരർ ഇസ്രയേലിലേക്കു കടന്നു. ഇസ്രയേലിലെ സൈനിക താവളങ്ങളിലും 21 ജനവാസ കേന്ദ്രങ്ങളിലും ഭീകരർ അഴിഞ്ഞാടി. കുട്ടികളടക്കം 1200ഓളം പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. 251 ഇസ്രേലികളെ ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയി. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേൽ ഗാസയിൽ യുദ്ധം ആരംഭിച്ചു.
കരയാക്രമണം
ഒക്ടോബർ 13ന് ഇസ്രേലി സേന ഗാസയിൽ യുദ്ധം തുടങ്ങി. ഗാസയെ ഉപരോധിച്ചതിനൊപ്പം യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചു. വടക്കൻ ഗാസയിലുള്ള പലസ്തീനികൾ തെക്കോട്ടു നീങ്ങാൻ ഇസ്രയേൽ നിർദേശിച്ചു. ഒരു വർഷത്തെ യുദ്ധത്തിൽ ഗാസയിലെ 24 ലക്ഷം വരുന്ന ജനസംഖ്യയിൽ ഭൂരിഭാഗവും അഭയാർഥികളായെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നു.
ഒക്ടോബർ 27ന് ഇസ്രയേൽ ഗാസയിൽ കരയുദ്ധം തുടങ്ങി. ഗാസ സിറ്റി അടക്കമുള്ള പ്രദേശങ്ങളിൽ ടാങ്കുകളുമായി മുന്നേറിയ ഇസ്രേലി സേന ഹമാസ് ഭീകരരുമായി നേരിട്ട് ഏറ്റുമുട്ടി.
നവംബർ 15ന് ഇസ്രേലി സേന ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിൽ റെയ്ഡ് നടത്തി. ആശുപത്രിയിൽ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിച്ചിരുന്നതായി സേന പറഞ്ഞു.
വെടിനിർത്തൽ
നവംബർ 24ന് അമേരിക്ക, ഖത്തർ, ഈജിപത് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിൽ ഒരാഴ്ച നീണ്ട വെടിനിർത്തലുണ്ടായി. ഗാസയിലേക്കു തട്ടിക്കൊണ്ടുപോയവരിൽ 80 ഇസ്രേലികളെയും തായ്ലൻഡ് പൗരന്മാരായ 25 പേരെയും ഹമാസ് മോചിപ്പിച്ചു. ഇതിനു പകരമായി ഇസ്രേലി ജയിലുകളിലെ 240 പലസ്തീൻ തടവുകാർ മോചിതരായി; ഈജിപ്തുവഴി ഗാസയിലേക്കു കൂടുതൽ സഹായം കടത്തിവിടാൻ ഇസ്രയേൽ സമ്മതിച്ചു. വെടിനിർത്തൽ അവസാനിച്ചപ്പോൾ ഇസ്രയേൽ ആക്രമണം തെക്കൻ ഗാസയിലേക്കു വ്യാപിപ്പിച്ചു. ഗാസയിലുള്ള ബന്ദികളിൽ 65 പേർ കൊല്ലപ്പെട്ടു. തൊണ്ണൂറിലധികം പേർ ഇപ്പോഴും ബന്ദികളായി തുടരുന്നു.
സഹായവിതരണം
2024 ഫെബ്രുവരി 29നു വടക്കൻ ഗാസയിൽ സഹായവസ്തുക്കളുമായി വന്ന ലോറികൾക്കടുത്തേക്ക് ഓടിയെത്തിയ പലസ്തീനികൾക്കു നേരേ ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 120 പേർ കൊല്ലപ്പെട്ടു. ഇവർ ആക്രമണം നടത്തിയേക്കാമെന്ന സംശയത്തിലാണ് ഇസ്രേലി സേന വെടിവച്ചത്.
മാർച്ച് ആദ്യം മുതൽ വിവിധ രാജ്യങ്ങൾ ഗാസയിൽ വിമാനങ്ങളിൽനിന്നു സഹായവസ്തുക്കൾ വിതറാൻ തുടങ്ങി. സൈപ്രസിൽനിന്നു കപ്പൽ മാർഗം സഹായവസ്തുക്കൾ മാർച്ച് 15ന് എത്തി. ഏപ്രിൽ ഒന്നിന് അമേരിക്കയിലെ വേൾഡ് സെൻട്രൽ കിച്ചൺ ചാരിറ്റി സംഘടനയിലെ ഏഴു പ്രവർത്തകർ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദാരുണമായ പിശകാണു സംഭവിച്ചതെന്ന് ഇസ്രയേൽ സമ്മതിച്ചു.
ഇസ്രയേൽ-ഇറാൻ സംഘർഷം
ഏപ്രിൽ 13ന് ഇസ്രയേലിലേക്ക് മുന്നൂറോളം മിസൈലുകളും ഡ്രോണുകളും തൊടുത്തുകൊണ്ട് ഇറാനും സംഘർഷത്തിൽ പങ്കാളിയായി. ഇസ്രേലി സേന സിറിയയിലെ ഇറേനിയൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വെടിവച്ചിടാൻ ഇസ്രയേലിനു കഴിഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായം ഇതിന് ഇസ്രയേലിനു ലഭിച്ചു.
റാഫയിൽ ആക്രമണം
മാർച്ച് ഏഴിന് ഇസ്രേലി സേന തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം തുടങ്ങി. ഗാസയിലെ മറ്റുഭാഗങ്ങളിൽനിന്ന് ഓടി രക്ഷപ്പെട്ട പലസ്തീനികൾ അഭയം തേടിയ സ്ഥലമായിരുന്നിത്. ഈജിപ്ഷ്യൻ അതിർത്തിയിലെ ചെക് പോസ്റ്റ് ഇസ്രേലി നിയന്ത്രണത്തിലായി. റാഫ വഴി ഗാസയിലേക്കു സഹായം എത്തുന്നതു നിലച്ചു.
ജൂലൈ 13ന് തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സായുധ സേനാ വിഭാഗം തലവൻ മുഹമ്മദ് ദെയിഫ് കൊല്ലപ്പെട്ടു.
സംഘർഷം വർധിക്കുന്നു; ഹനിയ കൊല്ലപ്പെട്ടു
ജൂലൈ 20ന് യമനിലെ ഹൂതി വിമത കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തിയതിനുള്ള മറുപടിയായിരുന്നു ഇത്.
ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരർക്കു നേരേയും ഇസ്രേലി സേന ആക്രമണം കടുപ്പിച്ചു. ഒക്ടോബർ ഭീകരാക്രമണത്തിനു പിറ്റേന്നു മുതൽ ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിൽ റോക്കറ്റാക്രമണം തുടങ്ങിയിരുന്നു. ജൂലൈ 24ന് ഇസ്രേലി അധിനിവേശ ഗോലാൻ കുന്നുകളിൽ ഹിസ്ബുള്ള റോക്കറ്റ് പതിച്ച് 12 കുട്ടികൾ കൊല്ലപ്പെട്ടു. ജൂലൈ 30നു ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ഫവാദ് ഷുക്കൂർ കൊല്ലപ്പെട്ടു.
ജുലൈ 31ന് ഹമാസിന്റെ പരമോന്നത നേതാവ് ഇസ്മയിൽ ഹനിയ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വധിക്കപ്പെട്ടു. ഖത്തറിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഹനിയ ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. യഹ്യ സിൻവർ ഹമാസിന്റെ പരമോന്നത നേതാവായി.
വെടിനിർത്തൽ ചർച്ചകൾ
ഓഗസ്റ്റ് 16ന് അമേരിക്ക പുതിയ വെടിനിർത്തൽ നിർദേശം മുന്നോട്ടുവച്ചു. ബന്ദികളുടെ മോചനം, യുദ്ധം അവസാനിപ്പിക്കൽ, ഗാസയുടെ പുനരുദ്ധാരണം എന്നിവ ഉൾപ്പെട്ട പദ്ധതി യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു പ്രഖ്യാപിച്ചത്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഒഗസ്റ്റ് 22നു വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല.
വെസ്റ്റ് ബാങ്ക് റെയ്ഡ്
ഓഗസ്റ്റ് 28ന് ഇസ്രേലി സേന വെസ്റ്റ്ബാങ്കിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരേ ഓപ്പറേഷൻ ആരംഭിച്ചു. അഭയാർഥി ക്യാന്പുകളിലെ റെയ്ഡ് ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
ലബനനിൽ യുദ്ധം; നസറുള്ള കൊല്ലപ്പെട്ടു
സെപ്റ്റംബർ 17, 18 ദിവസങ്ങളിൽ ഹിസ്ബുള്ള ഭീകരർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. ആയിരക്കണക്കിനു സ്ഫോടനങ്ങളിൽ 39 പേർ കൊല്ലപ്പെടുകയും 3,000 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഹിസ്ബുള്ള ആക്രമണങ്ങളെത്തുടർന്ന് വടക്കൻ അതിർത്തിയിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ പൗരന്മാരെ തിരികെയെത്തിക്കലും യുദ്ധലക്ഷ്യമായി ഇസ്രയേൽ പ്രഖ്യാപിച്ചു. തെക്കൻ ലബനനിലും ബെയ്റൂട്ടിലും ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിടാൻ തുടങ്ങി.
സെപ്റ്റംബർ 27നു തെക്കൻ ബെയ്റൂട്ടിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ പരമോന്നത തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു. നസറുള്ളയുടെ വധത്തിനു പ്രതികാരം ചോദിക്കുമെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് പ്രഖ്യാപിച്ചു.
ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിലേക്ക് 180ലധികം മിസൈലുകൾ തൊടുത്തു. ഇസ്രയേൽ തെക്കൻ ലബനനിൽ കരയുദ്ധം ആരംഭിച്ച ദിവസമായിരുന്നു മിസൈൽ ആക്രമണം. നസറുള്ളയുടെയും ഹനിയയുടെയും വധത്തിനുള്ള പ്രതികാരമായിരുന്നു ആക്രമണമെന്ന് ഇറാൻ പറഞ്ഞു. ഇസ്രേലി ആക്രമണങ്ങളിൽ ലബനനിൽ രണ്ടായിരത്തിലധികം പേരാണു കൊല്ലപ്പെട്ടത്.
പടരുന്ന യുദ്ധം
ഗാസ യുദ്ധം ഒന്നാം വർഷത്തിലെത്തുന്പോൾ നിരവധി മാനങ്ങളുള്ള കലാപത്തിന്റെ കേന്ദ്രമായി അഥവാ എന്നെന്നും നീണ്ടു നില്ക്കാന് സാധ്യതയുള്ള യുദ്ധത്തിന്റെ വേദിയായി പശ്ചിമേഷ്യ മാറുകയാണ്. ഇസ്രേലി സേന തെക്കൻ ലബനനിൽ കരയാക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ ഉടൻ സമാധാനത്തിലേക്കു മടങ്ങിവരില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതർ, ഇറാനിലെയും ഇറാക്കിലെയും സായുധ ഗ്രൂപ്പുകൾ മുതലായ ഇസ്രേലി വിരുദ്ധ ശക്തികളെ പോറ്റിവളർത്തുന്ന ഇറാനും നേരിട്ടു പങ്കാളിയാകുന്ന യുദ്ധം ഉണ്ടാകാനുള്ള സാധ്യതകൾ ശക്തമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ടെഹ്റാനിൽ വധിക്കപ്പെട്ടതും ഹിസ്ബുള്ള തലവൻ ബെയ്റൂട്ടിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതും ഇറാനു മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല.
ഇറാൻ ഇസ്രയേലിൽ രണ്ടുതവണ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു. ഏപ്രിലിലെ ആദ്യ ആക്രമണത്തെ അമേരിക്കയുടെ പിന്തുണയോടെ ഫലപ്രദമായി ചെറുക്കാൻ ഇസ്രയേലിനു കഴിഞ്ഞു. ഈ മാസമാദ്യം നടന്ന രണ്ടാമത്തെ ആക്രമണത്തിൽ കാര്യമായ നാശമോ ആളപായമോ ഇല്ലെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു.