ആരും ജയിക്കാത്ത വൈസ് പ്രസിഡന്റ് സംവാദം
വാഷിംഗ്ടണില്‍നിന്ന് പി.ടി. ചാക്കോ
Thursday, October 3, 2024 12:56 AM IST
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി സെനറ്റര്‍ ജെഡി വാന്‍സും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഗവര്‍ണര്‍ ടിം വാള്‍സും തമ്മില്‍ നടന്ന സംവാദത്തില്‍ ആരു ജയിച്ചു എന്നത് മറ്റൊരു സംവാദമായി മാറി.
മൂന്നാഴ്ച മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മില്‍ നടന്ന സംവാദത്തില്‍ കമല ഹാരിസിന് വ്യക്തമായ വിജയം ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അതുണ്ടായില്ല. ‘പൊളിറ്റിക്കോ’ എന്ന പ്രമുഖ സര്‍വേ ഏജന്‍സി ഇരുവര്‍ക്കും തുല്യ വോട്ട് കിട്ടിയതായി കണ്ടെത്തി.
2022ല്‍ ഇല്ലനോയി സംസ്ഥാനത്തെ ഒഹായോയില്‍നിന്ന് സെനറ്ററായി മത്സരിച്ച് ജയിച്ച ജെഡി വാന്‍സ് 40-ാം വയസില്‍ അതിവേഗമാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായത്. ദരിദ്രപശ്ചാത്തലമുള്ള അദ്ദേഹത്തിന്റെ ആകാരഭംഗിയും അനായാസ സംസാരവും സംയമനവുമൊക്കെ ആകര്‍ഷണീയമായി. പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു പകരം ജെഡി വാന്‍സിനെ രംഗത്തിറക്കണമെന്നുവരെ അഭിപ്രായം ഉയരുന്നുണ്ട്. 2019 മുതല്‍ മിനസോട്ട ഗവര്‍ണറായ ടിം വാള്‍സ് അധ്യാപകനായിരുന്നിട്ടും അദ്ദേഹത്തെ തുടക്കത്തില്‍ സഭാകമ്പം പിടികൂടി. അദ്ദേഹം ഇടയ്ക്ക് നോട്ടുകുറിക്കുന്നുണ്ടായിരുന്നു. വാള്സിന് ഓര്മശക്തിയില്ലേ എന്നു ചോദിച്ച് ട്രംപ് സോഷ്യല്‍ മീഡിയയില്‍ അതിനെ കളിയാക്കി.
ജെഡി വാന്‍സ് പ്രതിരോധത്തിലായത് ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും പിന്തുണച്ചപ്പോഴാണ്. ട്രംപ് ഏകാധിപതിയാണെന്നും അമേരിക്കന്‍ പ്രസിഡന്റാകാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഒരിക്കല്‍ പറഞ്ഞത് എതിരാളി കുത്തിപ്പൊക്കി. മീഡിയ റിപ്പോര്‍ട്ടുകള്‍ കണ്ട് തെറ്റിദ്ധരിച്ചാണ് താന്‍ അന്ന് അങ്ങനെ പറഞ്ഞത് എന്നായിരുന്നു വാന്‍സിന്റെ മറുപടി. 2020ലെ തെരഞ്ഞെടുപ്പില്‍ ട്രംപ് തോറ്റോ, അന്നത്തെ അനിഷ്ട സംഭവങ്ങളില്‍ ഖേദമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ജെഡി വാന്‍സ് ഒഴിഞ്ഞുമാറി.
ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡ് പ്രദേശത്ത് ഹെയ്തിയില്നിന്നുള്ള ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരുണ്ടെന്നും അവര്‍ പട്ടിയെയും പക്ഷികളെയും മറ്റും തിന്നുകയാണെന്നും മറ്റുമുള്ള ട്രംപിന്റെ ആരോപണങ്ങള്‍ ജെഡി വാന്‍സിനെ പ്രതിരോധത്തിലാക്കി. അവര്‍ നിയമപരമായി ഇവിടെ വന്നിട്ടുള്ളവരാണെന്ന് സിബിഎസ് ന്യൂസിന്റെ മോഡറേറ്റര്‍ ചൂണ്ടിക്കാട്ടി. ഫാക്ട് ചെക്കിംഗ് ഉണ്ടാകില്ലെന്ന വ്യവസ്ഥ പാലിക്കണമെന്ന് വാന്‍സ് പറഞ്ഞു. തര്‍ക്കം മൂത്തപ്പോള്‍ മൈക്ക് ഓഫ് ചെയ്യേണ്ടി വന്നു.
നിലവിലുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ പല നയങ്ങളും ടിം വാള്‍സിനെ വെള്ളംകുടിപ്പിച്ചു. സാമ്പത്തിക നയങ്ങള്‍, നാണ്യപ്പെരുപ്പം, നികുതിനിരക്ക്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രതിരോധത്തിലായിരുന്നു. ശതകോടീശ്വരനാണെങ്കിലും ഡോണള്‍ഡ് ട്രംപ് 15 വര്‍ഷമായി നികുതിയടച്ചിട്ടില്ലെന്നും രാജ്യത്തെ സാധാരണക്കാര്‍പോലും നികുതി അടയ്ക്കുന്നുണ്ടെന്നും ടിം വാള്‍സ് തിരിച്ചടിച്ചു. എല്ലാവര്ക്കും പ്രാപ്യമായ രീതിയില്‍ നികുതിഘടന പുനർനിര്‍ണയിക്കണം എന്നും കമല ഹാരിസ് എല്ലാം ചെലവേറിയതാക്കിയെന്നും നമുക്ക് താങ്ങാവുന്ന അമേരിക്ക ഉണ്ടാകണമെന്നും ജെഡി വാന്‍സ് ചൂണ്ടിക്കാട്ടി.