കുഞ്ഞൻ രാജ്യമാകാൻ ബെക്താഷി
Monday, September 30, 2024 12:39 AM IST
ന്യൂയോർക്ക്: വത്തിക്കാനെ മറികടന്ന് ലോകത്തിലെ കുഞ്ഞൻ രാജ്യമാകാൻ തയാറെടുത്ത് ബെക്താഷി. വിശുദ്ധ മദർ തെരേസയുടെ ജന്മംകൊണ്ടു ചരിത്രപ്രസിദ്ധമായ വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിലാണ് ഈ കുഞ്ഞൻ രാജ്യം പിറവിയെടുക്കാൻ പോകുന്നത്.
തലസ്ഥാനമായ ടിറാന നഗരപരിധിയിൽ 28 ഏക്കർ സ്ഥലത്തായി സൂഫി മുസ്ലിം ന്യൂനപക്ഷമായ ബെക്താഷി ഓർഡർ എന്ന വിഭാഗത്തിനായി ബെക്താഷി എന്ന സ്വതന്ത്ര, പരമാധികാര രാജ്യം സ്ഥാപിക്കുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ കഴിഞ്ഞയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ അറിയിച്ചു. രാമയുടെ പ്രഖ്യാപനത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ പാസ്പോർട്ടും അതിർത്തികളും സ്വതന്ത്ര, പരമാധികാരവുമുള്ള ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായി ഇതു മാറും. വത്തിക്കാൻ മാതൃകയിൽ മതനേതാവായിരിക്കും ഭരണം നടത്തുക. ബാബാ മോണ്ടിയാണ് ബെക്താഷി വിഭാഗക്കാരുടെ നേതാവ്. കേവലം 115 ഏക്കർ വിസ്തീർണമുള്ള വത്തിക്കാനാണു നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം.
അൽബേനിയയിലെ 50 ശതമാനം വരുന്ന മുസ്ലിംകളിൽ അഞ്ചു ശതമാനം മാത്രമാണ് ബെക്താഷി ഓർഡർ വിഭാഗക്കാർ. പുരോഗമന ആശയക്കാരായ ഈ വിഭാഗക്കാർ തങ്ങളുടെ സ്ത്രീകളെ സ്വതന്ത്രമായി വസ്ത്രം ധരിക്കാൻ അനുവദിക്കുകയും കർശനമായ ജീവിതശൈലീ നിയമങ്ങൾ ഒഴിവാക്കുകയും മദ്യപാനത്തിനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നതിലൂടെ ഇതര മുസ്ലിം വിഭാഗങ്ങളിൽനിന്നു വേറിട്ടുനിൽക്കുന്നു.