ട്രംപിന്റെ തൊപ്പി വച്ച് ജോ ബൈഡൻ
Thursday, September 12, 2024 11:53 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തൊപ്പി ധരിച്ചതു കൗതുകമായി. 9/11 ഭീകരാക്രമണത്തിന്റെ 23-ാം വാർഷികാനുസ്മരണത്തിനിടെയായിരുന്നു സംഭവം.
അൽക്വയ്ദ ഭീകരർ തട്ടിയെടുത്ത നാലു വിമാനങ്ങളിലൊന്നു തകർന്ന പെൻസിൽവേനിയയിൽ അഗ്നിരക്ഷാ സേനയുമായി കുടിക്കാഴ്ചയ്ക്കെത്തിയതായിരുന്നു ബൈഡൻ. അവിടെയുണ്ടായിരുന്ന ഒരാളുടെ തലയിലുണ്ടായിരുന്ന ‘ട്രംപ് 2024’ എന്നു രേഖപ്പെടുത്തിയ തൊപ്പിയാണ് ബൈഡൻ വാങ്ങി സ്വന്തം തലയിൽ ഒരു നിമിഷത്തേക്കു വച്ചത്. ഇതിനു പകരം പ്രസിഡന്റിന്റെ സീലുള്ള തൊപ്പിയിൽ ഓട്ടോഗ്രാഫ് പതിച്ചു നല്കി.
നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
9/11 അനുസ്മരണദിനത്തിൽ ഐക്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് തൊപ്പികൈമാറ്റത്തിലൂടെ ബൈഡൻ ശ്രമിച്ചതെന്ന് വൈറ്റ്ഹൗസ് വിശദീകരിച്ചു. ബൈഡന്റെ പിന്തുണയ്ക്കു നന്ദി എന്നാണു ട്രംപിന്റെ പ്രചാരണ ടീം പ്രതികരിച്ചത്.