മാർപാപ്പ സിംഗപ്പുരിൽ
Thursday, September 12, 2024 12:31 AM IST
സിംഗപ്പുർ: ഫ്രാൻസിസ് മാർപാപ്പ സിംഗപ്പുർ സന്ദർശനം ആരംഭിച്ചു. കിഴക്കൻ ടിമൂറിൽനിന്നു ചാർട്ടർ ചെയ്ത വിമാനത്തിൽ സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.50നെത്തിയ മാർപാപ്പയെ കുട്ടികളും സിംഗപ്പുർ സാംസ്കാരികവകുപ്പ് മന്ത്രി എഡ്വിൻ തോംഗും വത്തിക്കാനിലെ സിംഗപ്പുരിന്റെ നോൺ റെസിഡൻഷൽ അംബാസഡർ ജാനറ്റ് ആംഗും സ്വീകരിച്ചു.
മാർപാപ്പയ്ക്കു സ്വാഗതമോതി ആയിരത്തോളം കത്തോലിക്കാ വിശ്വാസികൾ നേരത്തേതന്നെ വിമാനത്താവള പരിസരത്തുണ്ടായിരുന്നു. വത്തിക്കാൻ പതാകയിലെ മഞ്ഞയും വെള്ളയും നിറങ്ങളുള്ള വസ്ത്രമാണ് പലരും ധരിച്ചിരുന്നത്.
കൈയിൽ സിംഗപ്പുർ പതാകയുമുണ്ടായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ 45-ാം അപ്പസ്തോലിക പര്യടനത്തിന്റെ അവസാനഘട്ടമാണ് സിംഗപ്പുർ സന്ദർശനം. 1986ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ അഞ്ചുമണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം ഒരു മാർപാപ്പ സിംഗപ്പുരിലെത്തുന്നത് ഇതാദ്യമാണ്.
ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഈശോസഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്ന് പ്രസിഡന്റ് തർമൻ ഷൺമുഖരത്നം, പ്രധാനമന്ത്രി ലോറൻസ് വോംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പുരിൽ പ്രഭാഷണം. അതിനുശഷം നാഷണൽ സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ 50,000 പേർ പങ്കെടുക്കും.
നാളെ വയോധികരുമായും രോഗാതുരരുമായും കൂടിക്കാഴ്ച നടത്തുകയും ജൂണിയർ കാത്തലിക് കോളജിലെ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന മതാന്തരസംവാദത്തിൽ പങ്കെടുക്കുകയും ചെയ്യും. ഉച്ചയോടെ റോമിലേക്കു മടങ്ങാൻ വിമാനത്തിൽ കയറും.
12 ദിവസത്തെ സന്ദർശന പരിപാടികൾ ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക പര്യടനമാണ്. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, കിഴക്കൻ ടിമൂർ രാജ്യങ്ങൾ നേരത്തേ സന്ദർശിച്ചു.