സുനിതയും വിൽമറുമില്ലാതെ സ്റ്റാർലൈനർ തിരിച്ചെത്തി
Sunday, September 8, 2024 2:25 AM IST
ഹൂസ്റ്റൺ: ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽനിന്ന് വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി.
സ്റ്റാർലൈനറിലെ യാത്രക്കാരായ ബുച്ച് വിൽമറും ഇന്ത്യൻ വംശജ സുനിത വില്യസും ബഹിരാകാശ സ്റ്റേഷനിൽ തുടരുകയാണ്. സാങ്കേതികതകരാർ ഉണ്ടായ പേടകം യാത്രക്കാരില്ലാതെ ഭൂമിയിൽ തിരിച്ചിറക്കാൻ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ തീരുമാനിക്കുകയായിരുന്നു.
സുനിതയും വിൽമറും ഫെബ്രുവരിയിൽ ഭൂമിയിലെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും ഇവരുടെ മടക്കം.
ബഹിരാകാശ സ്റ്റേഷനിൽനിന്ന് വേർപെട്ട സ്റ്റാർലൈനർ പേടകം സ്വയംനിയന്ത്രിത മോഡിലാണ് ഭൂമിയിലേക്കു വന്നത്.
ആറു മണിക്കൂർ യാത്രയ്ക്കുശേഷം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് പാരഷ്യൂട്ടിന്റെ സഹായത്തോടെ യുഎസിലെ ന്യൂ മെക്സിക്കോയിൽ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ഇറങ്ങി.
പേടകം വിജയകരമായി ഭൂമിയിലെത്തിയതിൽ നാസ സന്തോഷം പ്രകടിപ്പിച്ചു. ബഹിരാകാശ സ്റ്റേഷനിലുള്ള സുനിതയും വിൽമറും നല്ല സ്പിരിറ്റിലാണെന്നും കുടുംബാംഗങ്ങളുമായി പതിവായി ബന്ധപ്പെടാറുണ്ടെന്നും നാസ വൃത്തങ്ങൾ പറഞ്ഞു.
വിമാനനിർമാണ കന്പനിയായ ബോയിംഗ് ബഹിരാകാശ യാത്രകൾക്കായി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയ ആദ്യ യാത്രയിലാണ് സുനിതയും വിൽമറും ജൂൺ അഞ്ചിന് ബഹിരാകാശ സ്റ്റേഷനിലെത്തിയത്. പേടകത്തിൽ ഹീലിയം ചോർച്ചയുണ്ടായതോടെ എട്ടു ദിവസത്തിനുശേഷം മടങ്ങേണ്ടിയിരുന്ന ഇവർ ബഹിരാകാശത്തു കുടുങ്ങി.