മാർപാപ്പ പാപ്പുവ ന്യൂഗിനിയയിൽ
Saturday, September 7, 2024 2:20 AM IST
പോർട്ട് മോറെസ്ബി: ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയ ഫ്രാൻസിസ് മാർപാപ്പ 45-ാമത് അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ഘട്ടമായി പാപ്പുവ ന്യൂഗിനിയയിലെത്തി.
ഇന്നലെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ വിമാനമിറങ്ങിയ മാർപാപ്പയെ ഡെപ്യൂട്ടി പ്രധാനമന്ത്രി ജോൺ റോസോ സ്വീകരിച്ചു. അതിഥിയോടുള്ള ആദരസൂചകമായി പട്ടാളം 21 തവണ പീരങ്കിവെടി മുഴക്കി. വിമാനത്താവളത്തിൽനിന്നു നേരേ അപ്പസ്തോലിക നുൻഷ്യേച്ചറിലേക്കു പോയ മാർപാപ്പയ്ക്ക് ഇന്നലെ മറ്റു പരിപാടികൾ ഇല്ലായിരുന്നു.
ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏറ്റവും വിദൂര രാജ്യമാണ് പാപ്പുവ ന്യൂഗിനിയ. ഭൂമിശാസ്ത്രപരമായി ഓഷ്യാനിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യം വത്തിക്കാനിൽനിന്ന് 19,047 കിലോമീറ്റർ അകലെയാണ്. മൂന്നു ദിവസമാണ് മാർപാപ്പ ഇവിടെ ചെലവഴിക്കുക.
നദികൾ, വെള്ളച്ചാട്ടങ്ങൾ, അഗ്നിപർവതങ്ങൾ, ഇടതൂർന്ന വനങ്ങൾ, മനോഹരമായ തീരപ്രദേശം എന്നിവയാൽ സന്പന്നമാണ് പാപ്പുവ ന്യൂഗിനിയ. ആദിവാസികളാണ് മുഖ്യജനവിഭാഗം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലങ്ങൾ വളരെയധികം നേരിടുന്ന രാജ്യമാണിത്.
മാർപാപ്പയുടെ സന്ദർശനം ഇവിടത്തെ ഇരുപത്തിയഞ്ചു ലക്ഷം വരുന്ന കത്തോലിക്കാ വിശ്വാസികൾക്ക് വലിയ ആഹ്ലാദം പകരുന്നതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. രാജ്യമെന്പാടുംനിന്ന് വിശ്വാസികൾ തലസ്ഥാനത്തേക്കെത്തി. വേണ്ടത്ര റോഡുകൾ ഇല്ലാത്തതിനാൽ പലരും ദിവസങ്ങൾ നടന്നാണ് എത്തിയത്.
ഇന്നു രാവിലെ ഫ്രാൻസിസ് മാർപാപ്പ പാപ്പുവ ന്യൂഗിനിയയുടെ ഗവർണർ ജനറൽ ബോബ് ഡാഡേയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് പാപ്പുവ ന്യൂഗിനിയയിലെയും സോളമൻ ദ്വീപുകളിലെയും മെത്രാന്മാരെയും പുരോഹിതരെയും കാണും.
നാളെ രാവിലെ സർ ജോൺ ഗൈസ് സ്റ്റേഡിയത്തിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും.തുടർന്ന് വിമാനത്തിൽ വടക്കുപടിഞ്ഞാറൻ തീരത്തുള്ള വാനിമോ പട്ടണത്തിലേക്കു പോയി അവിടെയുള്ള വിദേശ മിഷണറിമാരെ കാണും. പോർട്ട് മോറെസ്ബിയിലേക്കു മടങ്ങുന്ന അദ്ദേഹം തിങ്കളാഴ്ച, യാത്രയുടെ മൂന്നാം ഘട്ടമായി കിഴക്കൻ ടിമൂറിലേക്കു പോകും.