ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം; 13 മരണം
Monday, August 26, 2024 2:52 AM IST
ടെർനേറ്റ് ദ്വീപ്: കനത്ത മഴയെത്തുടർന്ന് ഇന്തോനേഷ്യയുടെ കിഴക്കൻ ടെർനേറ്റ് ദ്വീപിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 പേർ മരിച്ചു. ജനവാസ മേഖലകളിൽ കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തിൽ റോഡ് ഒലിച്ചുപോയതിനെത്തുടർന്ന് റുവ ഗ്രാമം ഒറ്റപ്പെട്ടു.നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്. ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്.
ടെർനേറ്റ് സിറ്റിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിലും ഉയർന്ന തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.