കലിഫോർണിയയിൽ വൻ കാട്ടുതീ
Monday, July 29, 2024 12:51 AM IST
സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് വന്പൻ കാട്ടുതീ പടരുന്നു. പാക് ഫയർ എന്നു പേരിട്ടിട്ടുള്ള ഇത് മണിക്കൂറിൽ 5000 ഏക്കർ പ്രദേശത്തു പടരുന്നതായി അഗ്നിശമനസേന അറിയിച്ചു.
മൂന്നരലക്ഷം ഏക്കർ ഭൂമി ഇതുവരെ ചാന്പലായി. 16 ഹെലികോപ്റ്ററുകളുമായി 2,500 അഗ്നിശമന സേനാംഗങ്ങൾ പോരാടുന്നുണ്ട്. പക്ഷേ, കാട്ടുതീയുടെ പത്തു ശതമാനം മാത്രമേ അണയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ.
കാട്ടുതീക്കു പിന്നിൽ മനഃപൂർവമുള്ള ഇടപെടൽ സംശയിക്കുന്നു. 42 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാട്ടുതീ പടരുന്ന പ്രദേശത്ത് സംസ്ഥാന സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.