കനത്ത ചൂടിൽ മരിച്ച ഹജ്ജ് തീർഥാടകരുടെ എണ്ണം 1000 കവിഞ്ഞു
Friday, June 21, 2024 4:08 AM IST
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മക്കയിൽ കടുത്ത ചൂട് മൂലം മരിച്ചവരുടെ എണ്ണം 1081 ആയി. ഇന്ത്യയുൾപ്പെടെയുള്ള പത്തു രാജ്യങ്ങളിൽനിന്നുള്ളവരാണു മരിച്ചതെന്ന് അറബ് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ പകുതിയും രജിസ്റ്റർ ചെയ്യാതെ അനധികൃതമായി എത്തിയവരാണ്. ഇന്ത്യയിൽനിന്നുള്ള 68 തീർഥാടകരാണു മരിച്ചത്.
മരിച്ചവരുടെ വിവരം സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഞായറാഴ്ച മാത്രം കടുത്ത ചൂട് മൂലമുള്ള രോഗങ്ങളാൽ 2700 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു.
ഈ വർഷം ഹജ്ജിനായി എത്തിയത് 18 ലക്ഷം തീർഥാടകരാണ്. ഇതിൽ 16 ലക്ഷവും വിദേശരാജ്യങ്ങളിൽനിന്നായിരുന്നു. ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെ എത്തുന്ന തീർഥാടകരുടെ എണ്ണവും ഏറെയാണ്.
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഈയാഴ്ച ആദ്യം രേഖപ്പെടുത്തിയത് 51.8 ഡിഗ്രി സെൽഷസ് ചൂടാണ്. സൗദി സർക്കാർ നിയോഗിച്ച സമിതിയുടെ പഠനറിപ്പോർട്ട് പ്രകാരം ഓരോ പത്തു വർഷത്തിലും മക്കയിലെയും പരിസരത്തെയും ചൂട് 0.4 ഡിഗ്രി സെൽഷസ് വീതം വർധിക്കുകയാണ്.
ഇന്ത്യക്കു പുറമെ ഈജിപ്ത്, മലേഷ്യ, പാക്കിസ്ഥാൻ, ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, സെനഗൽ, ടുണീഷ്യ, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണു മരിച്ചത്.