യുദ്ധം ഒന്പതാം മാസത്തിലേക്ക്: ആക്രമണം തുടർന്ന് ഇസ്രയേൽ
Saturday, June 8, 2024 12:29 AM IST
കയ്റോ: ഗാസാ യുദ്ധം ഒന്പതാം മാസത്തിലേക്കു കടന്ന ഇന്നലെ ഇസ്രേലി സേന ശക്തമായ ആക്രമണം തുടർന്നു. കഴിഞ്ഞദിവസം 35 പേർ കൊല്ലപ്പെട്ട യുഎൻ സ്കൂൾ ഉൾപ്പെടുന്ന നുസെയ്റത്ത് അഭയാർഥി ക്യാന്പ് ഇന്നലെയും ആക്രമിക്കപ്പെട്ടു.
ഗാസ സിറ്റി, ദയിർ അൽ ബലാ, റാഫയിലെ അൽ സുൽത്താൻ മേഖല എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ഇസ്രേലി കരസേനയ്ക്കു പുറമേ വ്യോമസേനയും നാവികസേനയും ആക്രമണത്തിൽ പങ്കുചേർന്നു.
ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികൾ ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണം നടത്തി 1,194 പേരെ വധിക്കുകയും 251 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിനു മറുപടിയായിട്ടാണ് ഇസ്രേലി സേന ഗാസയിൽ ആക്രമണം ആരംഭിച്ചത്. ഇതുവരെ 36,654 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളിൽ നൂറിലധികം പേരെ നേരത്തേ മോചിപ്പിച്ചിരുന്നു. ഗാസയിൽ അവശേഷിച്ച 120 ബന്ദികളിൽ 41 പേർ മരിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ അനുമാനം.
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമെങ്കിലും ഇതിനുള്ള പല ഉപാധികളും അംഗീകരിക്കാൻ ഹമാസും ഇസ്രേലി സർക്കാരും തയാറല്ല. ഖത്തറും ഈജിപ്തും മധ്യസ്ഥശ്രമങ്ങളിൽ പങ്കാളികളാണ്. ഒരാഴ്ച മുന്പ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മൂന്നു ഘട്ടമായി യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു.