ഫ്രാൻസിൽ ജയിലുദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ
Thursday, May 16, 2024 12:36 AM IST
പാരീസ്: വടക്കൻ ഫ്രാൻസിൽ ജയിൽ വകുപ്പിന്റെ വാഹനങ്ങൾ ആക്രമിച്ച് അക്രമികൾ രക്ഷപ്പെടുത്തിയ തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ. കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനും നിരവധി കേസുകളിൽ പ്രതിയുമായ മുഹമ്മദ് അംറ എന്നയാളാണു രക്ഷപ്പെട്ടത്.
അർധസൈനിക വിഭാഗത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണു തെരച്ചിൽ. നോർമാണ്ടിയിലെ റൂവനിൽ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ടു ജയിൽ ഓഫീസർമാർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്കു മടക്കിക്കൊണ്ടുവന്ന ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തെ രണ്ടു വാഹനങ്ങളിലെത്തിയ തോക്കുധാരികൾ ആക്രമിക്കുകയും പ്രതിയെ മോചിപ്പിച്ചു കടന്നുകളയുകയുമായിരുന്നു. അക്രമികൾ രക്ഷപ്പെട്ട കാർ പിന്നീട് അഗ്നിക്കിരയായ നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
കുറ്റവാളികളെ പിടികൂടാനായി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ ജയിൽ ഓഫീസർമാരുടെ യൂണിയൻ ഇന്നലെ പണിമുടക്കിന് അഹ്വാനം നൽകിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങി 18 ഓളം കേസുകളിൽ പ്രതിയാണ് 30 കാരനായ മുഹമ്മദ് അംറ.
കവർച്ചയ്ക്കിടെ കൊലപാതകം നടത്തിയതിനാണ് നിലവിൽ ഇയാൾ ശിക്ഷ അനുഭവിച്ചുവന്നിരുന്നത്. മാർഷെല്ലെ സിറ്റിയിലെ കുപ്രസിദ്ധ അധോലോക സംഘവുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.