ബാൾട്ടിമോർ പാലം: അവശിഷ്ടങ്ങൾ സ്ഫോടനത്തിൽ നശിപ്പിച്ചു
Wednesday, May 15, 2024 1:38 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചു തകർന്ന ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചു.
തിരക്കേറിയ ചരക്കുപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനും, പാലത്തിന്റെ അവശിഷ്ടങ്ങൾപതിച്ച് അനങ്ങാൻ കഴിയാതിരുന്ന ഡാലി കപ്പലിനെ സ്വതന്ത്രമാക്കാനും ഉദ്ദേശിച്ചായിരുന്നു തിങ്കളാഴ്ചത്തെ നടപടി. കപ്പലിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർ സുരക്ഷിതരാണ്.
പറ്റാപ്സ്കോ നദിക്കു കുറുകെയുള്ള പാലം തകർന്നത് മാർച്ച് 26നാണ്. കേടായി നിയന്ത്രണം നഷ്ടമായ ഡാലി കപ്പൽ പാലത്തിലിടിക്കുകയായിരുന്നു. 4000 ടൺ അവശിഷ്ടങ്ങളാണ് നദിയിലും കപ്പലിലുമായി പതിച്ചത്. സംഭവത്തിൽ ആറു നിർമാണത്തൊഴിലാളികൾ മരിച്ചു.
കപ്പലിലെ 21 ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. അപകടത്തെത്തുടർന്ന് ബാൾട്ടിമോർ തുറമുഖത്തുനിന്നുള്ള കയറ്റുമതി നിലച്ചിരുന്നു.