കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു
Saturday, May 4, 2024 2:05 AM IST
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22 പേർ മരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 90 പേരെ കാണാതായെന്നും 1,65,000 പേർ ഭവനരഹിതരായെന്നും സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തുണ്ട്.
ഒരു മാസമായി തുടരുന്ന മഴക്കെടുതിയിലും ഉരുൾപൊട്ടലിലുമായി വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പ്രളയക്കെടുതിക്കു പുറമെ ടാൻസാനിയൻ തീരം ലക്ഷ്യമാക്കി വീശിയടിച്ചേക്കാവുന്ന ‘ഹിദായ’ ചുഴലിക്കൊടുങ്കാറ്റ് മറ്റൊരു ഭീഷണിയാകുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്.
കഴിഞ്ഞ തിങ്കളാഴ്ച നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ വടക്കുള്ള മായ് മാഹിയുവിൽ താത്കാലിക ഡാം തകർന്ന് നിരവധി ഗ്രാമീണർ മരിച്ചിരുന്നു. ഈ ദുരന്തത്തിൽപ്പെട്ട 52 പേരുടെ മൃതദേഹം കണ്ടെത്തി. 49 പേരെ ഇനിയും കണ്ടെത്താനുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 178 ഡാമുകളുടെ പരിസരത്തുള്ള എല്ലാവരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നാലു പതിറ്റാണ്ടായി തുടർന്നുവന്ന കനത്ത വരൾച്ചയെത്തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കനത്ത മഴയും പ്രളയക്കെടുതിയും ഉണ്ടായിത്തുടങ്ങിയത്. കഴിഞ്ഞ വർഷം കെനിയയിലും സൊമാലിയയിലും എത്യോപ്യയിലുമുണ്ടായ പ്രളയക്കെടുതിയിൽ 300 പേരാണു മരിച്ചത്.