അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
Friday, April 19, 2024 4:03 AM IST
സിഡ്നി: പള്ളിയിൽ ബൈബിൾ ക്ലാസിനിടെ തന്നെ ആക്രമിച്ച കൗമാരക്കാരനോടു ക്ഷമിക്കുന്നതായി സിഡ്നിയിലെ അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേൽ.
കൗമാരക്കാരന്റെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന ബിഷപ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് അക്രമിയോടു ക്ഷമിക്കുന്നതായി അറിയിച്ചത്.
ഈ പ്രവൃത്തി ചെയ്തവരോട് താൻ ക്ഷമിക്കുന്നുവെന്നും വിശ്വാസികൾ ശാന്തരായിരിക്കണമെന്നും താൻ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നാലു മിനിറ്റ് ദൈർഘ്യമുള്ള സന്ദേശത്തിൽ പറയുന്നു.
“പോലീസുമായി സഹകരിക്കണം. ഈശോയെപ്പോലെ നിങ്ങളും പ്രവർത്തിക്കണം. കർത്താവായ ഈശോ ഒരിക്കലും നമ്മെ യുദ്ധം ചെയ്യാൻ പഠിപ്പിച്ചിട്ടില്ല. അവിടന്ന് ഒരിക്കലും പ്രതികാരം ചെയ്യാൻ പഠിപ്പിച്ചിട്ടില്ല.’’-ബിഷപ് പറഞ്ഞു.
സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം.
ബിഷപ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി തലയിൽ പലവട്ടം കുത്തുകയായിരുന്നു. തത്സമയ സംപ്രേഷണത്തിലൂടെ പള്ളിക്കു പുറത്തുള്ള വിശ്വാസികളും ആക്രമണം നേരിട്ടു കണ്ടു.
ബിഷപ്പിനുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് പള്ളിയിലേക്ക് ഒഴുകിയെത്തിയ വിശ്വാസികളും പോലീസും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാനാഹ്വാനവുമായി ബിഷപ് മാർ മാറി ഇമ്മാനുവൽ രംഗത്തെത്തിയത്.
ആക്രമണം മതപ്രേരിതമായ തീവ്രവാദ പ്രവർത്തനമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ബിഷപ്പിനെയും നാലു വിശ്വാസികളെയും കത്തികൊണ്ടു കുത്തിയ പതിനാറുകാരനെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റങ്ങളൊന്നും ഇതുവരെ ചുമത്തിയിട്ടില്ല. പ്രതിയുടെ മതവും വെളിപ്പെടുത്തിയിട്ടില്ല.