ഇന്ത്യാ ബഹിഷ്കരണം പറയുന്നവർ ആദ്യം ഭാര്യയുടെ സാരി കത്തിക്കണം: ഹസീന
Tuesday, April 2, 2024 12:45 AM IST
ധാക്ക: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ നേതാക്കൾ ആദ്യം അവരുടെ ഭാര്യമാരുടെ ഇന്ത്യൻ സാരി കത്തിച്ചു കളയണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഭരണകക്ഷിയായ അവാമി ലീഗിന്റെ സമ്മേളനത്തിലാണ് ഹസീന പ്രതിപക്ഷ ബിഎൻപിക്കെതിരേ ആഞ്ഞടിച്ചത്.
ഹസീനയെ അധികാരത്തിലിരിക്കാൻ സഹായിക്കുന്നു എന്നാരോപിച്ചാണ് ബിഎൻപി നേതാക്കൾ ‘ഇന്ത്യ ഔട്ട്’ കാന്പയിൻ ആരംഭിച്ചിരിക്കുന്നത്. ബിഎൻപി നേതാവ് രാഹുൽ കബീർ റിസ്വി അടുത്തിടെ പ്രതീകാത്മകമായി തന്റെ കാഷ്മീരി ഷാൾ റോഡിൽ വലിച്ചെറിഞ്ഞിരുന്നു.
ബിഎൻപി ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച മന്ത്രിമാരും അവരുടെ ഭാര്യമാരും സാരികൾ വാങ്ങി ബംഗ്ലാദേശിൽ കൊണ്ടുവന്ന് വിൽക്കാറുണ്ടായിരുന്നുവെന്ന് ഹസീന ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളുടെ ഭാര്യമാർക്ക് എത്ര ഇന്ത്യൻ സാരികളുണ്ട്. എന്തുകൊണ്ടാണ് അവയെല്ലാമെടുത്ത് കത്തിച്ചു കളയാത്തത്. ഇന്ത്യയിൽനിന്നു വരുന്ന സുഗന്ധ വ്യഞ്ജനങ്ങളും ഉള്ളി, വെളുത്തുള്ളി, ഗരം മസാല മുതലായവയും പ്രതിപക്ഷ നേതാക്കളുടെ വീട്ടിലുണ്ടാകരുതെന്നും ഹസീന പറഞ്ഞു.
വർഷാദ്യം നടന്ന തെരഞ്ഞെടുപ്പിൽ ഹസീന തുടർച്ചയായി നാലാംവട്ടം അധികാരം നിലനിർത്തിയ പശ്ചാത്തലത്തിലാണ് ബിഎൻപി പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ബിഎൻപി ബഹിഷ്കരിച്ചിരുന്നു.