ഇസ്രേലി സേന ഗാസയ്ക്കു കുറുകേ റോഡ് നിർമിച്ചു
Monday, March 11, 2024 1:16 AM IST
ടെൽ അവീവ്: വടക്കൻ ഗാസയ്ക്കു കുറുകേ ഇസ്രയേൽ പുതിയ റോഡ് നിർമിച്ചു. സൈനിക നീക്കം സുഗമമാക്കുന്നതിനുവേണ്ടിയാണു റോഡെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത പലസ്തീനികൾ മടങ്ങിയെത്തുന്നതു തടയലാണു ലക്ഷ്യമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. യുദ്ധം അവസാനിച്ചശേഷവും ഇസ്രേലി സേന ഗാസയിൽ തുടരുമെന്നതിന്റെ സൂചനകൂടിയാകാം ഇത്.
യുദ്ധാനന്തര ഗാസയുടെ പൂർണ സുരക്ഷ ഇസ്രയേലിനായിരിക്കുമെന്നാണ് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, വെസ്റ്റ്ബാങ്കിലെ പലസ്തീൻ അഥോറിറ്റി ഗാസ ഭരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്.
കിഴക്കു-പടിഞ്ഞാറായി കിടക്കുന്ന റോഡ് കടൽത്തീരംവരെയുണ്ട്. ഗാസയ്ക്കും ഇസ്രയേലിനും ഇടയിലുള്ള ഇരുന്പുവേലിയിൽനിന്നാണ് ആരംഭിക്കുന്നത്. ഗാസയിലെ സാധാരണ റോഡുകളേക്കാൾ വീതി കൂടുതലാണ്. നിരപ്പാക്കാത്ത പ്രതലത്തിലൂടെ ടാങ്കുകൾ പോലുള്ള കവചിത സൈനിക വാഹനങ്ങൾക്ക് എളുപ്പം സഞ്ചരിക്കാനാകും.
ഒക്ടോബറിൽ ആരംഭിച്ച റോഡ് നിർമാണം മാർച്ച് ആദ്യമാണു തീർന്നത്. ഇതിനു സമീപത്തുള്ള കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തി. ഹൈവേ 749 എന്ന കോഡ് നാമത്തിലാണ് റോഡ് അറിയിപ്പെടുന്നതെന്നും പറയുന്നു. ഗാസയെ തെക്കും വടക്കുമായി വിഭജിക്കുന്ന വിധത്തിലാണ് റോഡ് കിടക്കുന്നത്.
അഭയാർഥി ക്യാന്പിൽ ആക്രമണം; 13 പേർ മരിച്ചു
കയ്റോ: സെൻട്രൽ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ വതികളും കുട്ടികളും അടക്കം 13 പേർ കൊല്ലപ്പെട്ടു.
വടക്കൻ ഗാസയിൽ പോഷകാഹാരക്കുറവുമൂലം അമ്മയും കുഞ്ഞും മരിച്ചു. ഇതോടെ, ഗാസയിൽ സ്ഥിരീകരിക്കപ്പെട്ട പട്ടിണിമരണസംഖ്യ 25 ആയി.
ഗാസയിൽ ഇസ്രേലി സേന നടത്തുന്ന ആക്രമണങ്ങളിൽ 30,800നു മുകളിൽ പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ജനസംഖ്യയുടെ അഞ്ചിലൊന്നും പട്ടിണിയുടെ വക്കിലാണെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പു നല്കുന്നു.