ദോഹയിൽ സീറോമലബാർ ആരാധനക്രമം: രജതജൂബിലി ആഘോഷങ്ങൾക്കു തുടക്കം
Tuesday, January 30, 2024 2:05 AM IST
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ സീറോമലബാർ റീത്തിൽ വിശുദ്ധ കുർബാന ആരംഭിച്ചതിന്റെ രജതജൂബിലി ആഘോഷങ്ങൾക്കു തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം മെസൈമീറിലെ ഐഡിസിസി കോംപ്ലക്സിലുള്ള സെന്റ് തോമസ് പള്ളിയില്‍ വികാരി ഫാ. നിർമൽ വേഴാപറന്പിൽ നിർവഹിച്ചു.
തുടർന്ന് വികാരി ജൂബിലി വർഷത്തിന്റെ ആപ്തവാക്യമായ “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ’’ മർക്കോസ് 16:15 (പോകുവിൻ പ്രഘോഷിക്കുവിൻ) വെളിപ്പെടുത്തുകയും ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു. വിശുദ്ധ കുർബാനമധ്യേ ഫാ. ഷാജി മാത്യു വാഴയിൽ വചനസന്ദേശം നൽകി.
വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി കത്തിച്ച തിരിയിൽനിന്നു തിരികൾ ഇടവകയിലെ വാർഡ് യൂണിറ്റ് പ്രസിഡന്റുമാർക്ക് കൈമാറി. ഇടവകയിലെ ഓരോ കുടുംബത്തിലേക്കും തിരികൾ യൂണിറ്റ് അടിസ്ഥാനത്തിൽ പിന്നീട് നൽകും. നേരത്തേ വികാരി ഫാ. നിർമൽ വേഴാപറന്പിൽ, അസി. വികാരി ഫാ. ബിജു മാധവം എന്നിവരുടെ കാർമികത്വത്തിൽ പതാക ഉയർത്തി. തുടർന്ന് തിരികളേന്തി പ്രദക്ഷിണവും നടന്നു.
ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളെക്കുറിച്ച് പാരിഷ് കൗൺസിൽ സെക്രട്ടറി ക്ലാരൻസ് ഇലവുത്തിങ്കൽ ലഘുവിവരണം നൽകി.
ഉദ്ഘാടനച്ചടങ്ങിലും വിശുദ്ധ കുർബാനയിലും ഖത്തറിലുള്ള സീനിയർ സീറോമലബാർ കമ്യൂണിറ്റി നേതാക്കളായ ജോസ് പുരയ്ക്കൽ, ക്ലാരൻസ് ഇലവുത്തിങ്കൽ, ജോയ് ആന്റണി, പ്രതീഷ് ബെൻ, ജൂബിലി കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, ട്രസ്റ്റി റോയ് പി. ജോർജ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.