വെടിനിർത്തൽ ചർച്ചയ്ക്കായി സിഐഎ മേധാവി പാരീസിൽ
Monday, January 29, 2024 2:38 AM IST
പാരീസ്: ഗാസയിൽ രണ്ടാമത്തെ വെടിനിർത്തലിനുള്ള ചർച്ചകൾ ഊർജിതമെന്നു റിപ്പോർട്ടുകൾ. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ മേധാവി വില്യം ബേൺസ് ഉന്നതതല ചർച്ചകൾക്കായി ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ എത്തിയിട്ടുണ്ട്.
ഇസ്രേലി ചാരസംഘടന മൊസാദിന്റെ മേധാവി ഡേവിഡ് ബാർണിയ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി, ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി അബ്ബാസ് കമാൽ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും.
ബന്ദികളെ മോചിപ്പിക്കുന്നതിനു പകരം വെടിനിർത്തുന്ന കാര്യമാണു പരിഗണിക്കുക. ഇതിന്റെ വിശദാംശങ്ങളാണു വില്യം ബേൺസും മറ്റുള്ളവരും ചർച്ചചെയ്യുക.
ഇതിനിടെ, ഗാസയിൽ തുടരുന്ന ഇസ്രേലി ആക്രമണത്തിൽ 165 പേർകൂടി കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. 190 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ മൊത്തം മരണസംഖ്യ 26,422 ആണ്. ഇതിൽ 11,000 പേർ കുട്ടികളും 7,500 പേർ വനിതകളും ആണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.