അലബാമയിൽ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നു
Friday, January 26, 2024 5:28 AM IST
മോണ്ട്ഗോമറി: അമേരിക്കൻ സംസ്ഥാനമായ അലബാമയിൽ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നു. കെന്നത്ത് എവുജിൻ സ്മിത്ത് എന്ന അന്പത്തിയെട്ടുകാരനെയാണ് സൗത്ത് അലബാമ ജയിലിൽ വധശിക്ഷയ്ക്കു വിധേയനാക്കുക.
നൈട്രജൻ വാതകം ഉപയോഗിക്കുന്നത് ഏറ്റവും വേദനാരഹിതമായ രീതിയാണെന്ന് അധികൃതർ പറയുന്പോൾ അതിക്രൂരമെന്നാണു വിമർശകരുടെ വാദം. മുഖത്ത് റെസ്പിറേറ്റർ മാസ്ക് ധരിപ്പിച്ച് നൈട്രജൻ വാതകം കയറ്റിവിടുകയാണു ചെയ്യുക.
ഓക്സിജന്റെ അഭാവത്താൽ ഉടൻ മരണം സംഭവിക്കും. 2022ൽ സ്മിത്തിനെ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. 1982നുശേഷം ആദ്യമായാണ് വധശിക്ഷയ്ക്കു പുതിയ രീതി അവലംബിക്കുന്നത്. 1982ൽ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കിത്തുടങ്ങി. അമേരിക്കയിൽ വധശിക്ഷയ്ക്ക് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഈ രീതിയാണ്.
1988ൽ എലിസബത്ത് സെന്നറ്റ് എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് സ്മിത്തിനെ വധശിക്ഷയ്ക്കു വിധിച്ചത്. ഭാര്യയെ കൊലപ്പെടുത്താൻ എലിസബത്തിന്റെ ഭർത്താവാണ് സ്മിത്തിനെയും മറ്റൊരാളെയും ഏർപ്പാടാക്കിയത്. ഇരുവർക്കും 1000 ഡോളർ വീതം നല്കി.
പാസ്റ്ററായ ഭർത്താവ് കടക്കെണിയിലായിരുന്നു. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനാണ് എലിസബത്തിനെ കൊല്ലാൻ ഭർത്താവ് വാടകക്കൊലയാളികളെ നിയോഗിച്ചത്.