ഇന്തോനേഷ്യയിൽ അഗ്നിപർവതം തീതുപ്പി
Monday, January 22, 2024 12:31 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ മെരാപി അഗ്നിപർവതം തീതുപ്പി. ചാരവും പുകയും രണ്ടു കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചു. അഗ്നിപർവതത്തിന് ഏഴ് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കരുതെന്ന് പ്രദേശവാസികൾക്കു മുന്നറിയിപ്പു നല്കി. അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവ പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
ജനനിബിഡമായ ജാവാ ദ്വീപിൽ സ്ഥിതിചെയ്യുന്ന മെരാപി, ഇന്തോനേഷ്യയിലെ ഏറ്റവും സജീവ അഗ്നിപർവതമാണ്. അഗ്നിപർവതത്തിന് പത്തു കിലോമീറ്റർ ചുറ്റളവിൽ രണ്ടരലക്ഷം പേർ വസിക്കുന്നുണ്ട്. 2010ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ച് 347 പേർ മരിച്ചിരുന്നു.