കോഴിക്ക് കൂവാൻ അവകാശമുണ്ട്; നിയമം പാസാക്കി ഫ്രാൻസ്
Saturday, December 9, 2023 1:17 AM IST
പാരീസ്: പൂവൻകോഴിക്കു കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പുവരുത്തി ഫ്രഞ്ച് പാർലമെന്റ് നിയമം പാസാക്കി. കൂവലിന്റെയും കുരയുടെയും പേരിൽ ഗ്രാമപ്രദേശങ്ങളിലെ കർഷകരെ കേസിൽ കുടുക്കുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം.
നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കർഷകർക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാർഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്റെ ദുർഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്. അഞ്ഞൂറോളം പേർ നിലവിൽ ഇത്തരം കേസുകൾ നേരിടുന്നുണ്ട്.
നിയമപ്രകാരം പുതിയ താമസക്കാർ വരുന്നതിനു മുന്പേ പ്രദേശത്തു നടക്കുന്ന കാർഷികവൃത്തികളുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിക്കാനാവില്ല.
പൗരന്മാരെ തീറ്റിപ്പോറ്റാൻ അധ്വാനിക്കുന്ന കർഷകരെ അനാവശ്യ നിയമനടപടികളിലേക്കു വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കാനാണു നിയമമെന്ന് വകുപ്പു മന്ത്രി എറിക് ഡുപോണ്ട് മോറേറ്റി പറഞ്ഞു.