പുടിൻ സൗദിയിലും യുഎഇയിലും സന്ദർശനം നടത്തി
Thursday, December 7, 2023 1:38 AM IST
അബുദാബി: യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ ലോകത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടി അബുദാബിയിലെത്തി.
യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായെദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ പുടിൻ പിന്നീട് റിയാദിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി.
എണ്ണ ഉത്പാദനം, യുക്രെയ്നിലെയും ഗാസയിലെയും യുദ്ധം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചർച്ച. എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടും ആഗോളവിപണിയിൽ വില കുറയുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് പുടിന്റെ സന്ദർശനം.
ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പുടിൻ പങ്കെടുത്തോയെന്നതിൽ വ്യക്തതയില്ല. സന്ദർശനം പൂർത്തിയാക്കി ഇന്നലെത്തന്നെ അദ്ദേഹം മോസ്കോയിലേക്കു മടങ്ങി.
യുക്രെയ്നിൽനിന്ന് അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് തട്ടിക്കൊണ്ടുപോകുക വഴി യുദ്ധക്കുറ്റം ചെയ്ത പുടിനെതിരേ ഇന്റർനാഷണൽ ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ഭയന്ന് അദ്ദേഹം അപൂർവമായേ വിദേശ സന്ദർശനം നടത്താറുള്ളൂ.
യുക്രെയ്ൻ യുദ്ധത്തിനുശേഷം സഖ്യരാജ്യങ്ങളായ ചൈനയിലും ഇറാനിലും മാത്രമാണ് സന്ദർശനം നടത്തിയിട്ടുള്ളത്. ഇന്നു മോസ്കോയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായി പുടിൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.