ഗാസയിൽ പോരാട്ടം കടുപ്പിച്ച് ഇസ്രയേൽ
Thursday, December 7, 2023 1:38 AM IST
ജറൂസലെം: ഇസ്രയേൽ-ഹമാസ് യുദ്ധം മൂന്നാം മാസത്തിലേക്കു കടക്കവേ ഗാസയിൽ ഹമാസ് തീവ്രവാദികൾക്കെതിരേ പോരാട്ടം കടുപ്പിച്ച് ഇസ്രയേൽ. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും വടക്കൻ മേഖലയിലെ ജബലിയ, ഷേജായിയ എന്നിവിടങ്ങളിലും ഇസ്രേലി ടാങ്കുകൾ സജ്ജമായിട്ടുണ്ട്. ജബലിയയിൽ നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു.
ലബനനിലേക്കും ഇസ്രേലി സേന ആക്രമണം രൂക്ഷമാക്കി, ടാങ്കുകളും പീരങ്കിയും ഉപയോഗിച്ചാണ് ഹിസ്ബുള്ള ഭീകരരെ നേരിടുന്നത്. വ്യോമാക്രമണവും നടത്തിവരുന്നു.
മധ്യഗാസയിൽ 24 മണിക്കൂറിനിടെ 73 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ നൂറിലേറെ പേരെ അൽ-അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രേലി ആക്രമണം കടുത്തതോടെ ഗാസയിലേക്ക് അവശ്യസാധനങ്ങളുടെ നീക്കം അവതാളത്തിലായി.
ഖാൻ യൂനിസിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രേലി സേന ആവശ്യപ്പെട്ടിട്ടുണ്ട്. റാഫയിലേക്കു പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസ് നേതാക്കൾ താവളമാക്കിയ ഖാൻ യൂനിസാണ് ഇസ്രേലി സേന പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ ജനിൻ അഭയാർഥി ക്യാന്പിൽ നടത്തിയ റെയ്ഡിൽ രണ്ടു തുരങ്കങ്ങളും മൂന്നു ബോംബ് നിർമാണ ലാബുകളും കണ്ടെത്തിയെന്നും നിരവധി സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തുവെന്നും ഇസ്രേലി സേന അറിയിച്ചു.
വടക്കൻ ഗാസയിലെ ഒരു ക്ലിനിക്കിൽനിന്നും ഒരു സ്കൂളിൽനിന്നുമായി മിസൈലുകളും ലോഞ്ചറുകളും ഉൾപ്പെടെ ഹമാസിന്റെ വൻ ആയുധശേഖരം കണ്ടെത്തിയതായി ഐഡിഎഫ് അറിയിച്ചു.
ഗാസയിൽ ഇതുവരെ 16,248 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയിൽ ഹമാസിന്റെ പക്കലുള്ളത് 138 ബന്ദികളാണ്.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്നലെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ഗാസയിൽ സാധാരണക്കാർ ഇരയാകുന്നതു കുറയ്ക്കണമെന്ന് കിഷിദ ആവശ്യപ്പെട്ടു.