ഗാസയിൽ രൂക്ഷ ആക്രമണം; മരണം 15,000 പിന്നിട്ടു
Sunday, December 3, 2023 1:28 AM IST
ടെൽ അവീവ്: വെടിനിർത്തൽ തകർന്നതിന്റെ രണ്ടാം ദിനമായ ഇന്നലെയും ഇസ്രേലി സേന ഗാസയിൽ വർധിതശക്തിയോടെ ആക്രമണം നടത്തി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു. വീടുകളും മൂന്നു മോസ്കുകളും തകർന്നതായി പലസ്തീൻ ജനത പറഞ്ഞു.
വ്യോമ, കര, നാവിക സേനകൾ 400 ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പറഞ്ഞു. ഒട്ടനവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടു. വെള്ളി, ശനി ദിവസങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യവകുപ്പ് അറിയിച്ചു. ഗാസയിലെ മൊത്തം മരണസംഖ്യ 15,207 ആയെന്നാണ് അറിയിപ്പ്.
യുദ്ധം പുനരാരംഭിച്ചതോടെ ഗാസയിലെ പലസ്തീൻ ജനതയുടെ ദുരിതം വർധിച്ചതായി ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും ഈജിപ്തിനോടു ചേർന്ന റാഫയിലും വൻതോതിൽ ബോംബാക്രമണം നടന്നിരുന്നു.
വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്തവർ തിങ്ങിക്കൂടുന്നതു തെക്കൻ ഗാസയിലാണ്. ഖാൻ യൂനിസിലുള്ളവർ കൂടുതൽ തെക്കോട്ടു നീങ്ങണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഖാൻ യൂനിസിലുള്ളവർ കൈയിൽ കിട്ടിയതെല്ലാമെടുത്ത് പലായനം തുടങ്ങിയിട്ടുണ്ട്.
വടക്കൻ ഗാസയിലും ഇസ്രേലി സേന ശക്തമായ ആക്രമണം തുടരുകയാണ്. ഇസ്ലാമിക് ജിഹാദ് ഭീകരർ കമാൻഡ് സെന്റർ ആയി ഉപയോഗിച്ച മോസ്കിൽ നടന്ന ഏറ്റുമുട്ടലിൽ ഒട്ടേറെ പേരെ വകവരുത്തിയതായി ഇസ്രേലി സേന പറഞ്ഞു.
ഇതിനിടെ, ഗാസയോടു ചേർന്ന തെക്കൻ ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണം ഇന്നലെയും തുടർന്നു. ഇസ്രേലി ഭാഗത്ത് ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നവംബർ 24മുതൽ ഏഴു ദിവസം നീണ്ട വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ തകരുകയായിരുന്നു. ഇതിൽ ഇസ്രയേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്നു. ഉടൻ വീണ്ടും വെടിനിർത്തൽ ഉണ്ടാകില്ലെന്നാണു സൂചന. മധ്യസ്ഥ ചർച്ചകൾക്കായി ഖത്തറിലുണ്ടായിരുന്ന ഇസ്രേലി പ്രതിനിധിസംഘത്തെ ഇന്നലെ തിരിച്ചുവിളിച്ചു.
യുദ്ധം പുനരാരംഭിച്ചശേഷമുള്ള ആദ്യ സഹായം ഇന്നലെ ഗാസയിലെത്തി. ട്രക്കുകളെ ഇസ്രയേൽ തടഞ്ഞതായി നേരത്തേ ഗാസാവൃത്തങ്ങൾ ആരോപിച്ചിരുന്നു. ഇതിനിടെ ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയ ഓഫ്റ കെയ്ദർ എന്ന എഴുപതുകാരിയുടെ മരണം ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ഗാസയിൽ മരിച്ച ബന്ദികളുടെ എണ്ണം ഏഴായി.
വിപ്ലവഗാർഡുകൾ കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഇറാനിലെ വിപ്ലവാർഗ് അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസിനടുത്തായിരുന്നു ആക്രമണം.