വെടിനിർത്തൽ അവസാനിച്ചു ; ഗാസയിൽ വീണ്ടും ബോംബിംഗ്
Saturday, December 2, 2023 1:09 AM IST
ടെൽ അവീവ്: ഏഴു ദിവസത്തെ വെടിനിർത്തലിനുശേഷം ഹമാസ് ഭീകരരും ഇസ്രേലി സേനയും ഏറ്റുമുട്ടൽ പുനരാരംഭിച്ചു. ഇസ്രേലി സേന ഇന്നലെ ഗാസയിലുടനീളം വ്യോമാക്രമണം നടത്തി. ഗാസയോടു ചേർന്ന ഇസ്രേലി പ്രദേശങ്ങളിൽ ഹമാസിന്റെ റോക്കറ്റാക്രമണം ഉണ്ടായി. ഗാസയിൽ ഇന്നലെ 109 പേർ മരിച്ചതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു.
നവംബർ 24ന് ആരംഭിച്ച വെടിനിർത്തൽ ഇന്നലെ രാവിലെ ഏഴിനാണ് അവസാനിച്ചത്. ഓരോ ദിവസവും മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറുന്പോഴാണു വെടിനിർത്തൽ തുടരാൻ ഇസ്രയേൽ സമ്മതിച്ചിരുന്നത്.
ഇന്നലെ നിശ്ചിത സമയത്തിനുള്ളിൽ ഹമാസ് പട്ടിക നല്കിയില്ല. സമയം തീരുന്നതിനു മുന്പായി ഗാസയിൽനിന്ന് ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണവുമുണ്ടായി. പിന്നാലെ ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങളിൽ ഇസ്രേലി വ്യോമാക്രമണം നടന്നു.
ഹമാസ് ഭീകരർ 50ലധികം റോക്കറ്റുകൾ തൊടുത്തുവെന്ന് ഇസ്രേലി സേന അറിയിച്ചു. ഇസ്രേലി വ്യോമസേന ഗാസയിലെ 200ലധികം ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തി.
വടക്കൻ ഗാസയിൽ സ്ഫോടനങ്ങളും വെടിയൊച്ചകളും നിരന്തരം മുഴങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രേലി സേനയ്ക്കെതിരേ ആക്രമണം പുനരാരംഭിക്കാനുള്ള നിർദേശം മേൽത്തട്ടിൽനിന്നു ലഭിച്ചതായി ഹമാസ് വൃത്തങ്ങൾ അറിയിച്ചു. ഗാസയോടു ചേർന്ന ഇസ്രേലി പ്രദേശങ്ങളിൽ റോക്കറ്റ് ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സൈറൺ മുഴങ്ങി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ളവർ കൂടുതൽ തെക്കോട്ടു നീങ്ങണമെന്നാവശ്യപ്പെടുന്ന ലഘുലേഖകൾ ഇസ്രേലി വ്യോമസേന വിതറി.
ഗാസയിൽ വീണ്ടും ആക്രമണം തുടങ്ങിയതിൽ യുഎൻ അടക്കമുള്ള സഹായ ഏജൻസികൾ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഇതിനിടെ, വെടിനിർത്തൽ വീണ്ടും യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ ഊർജിതമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഖത്തറും ഈജിപ്തുമാണു മധ്യസ്ഥത വഹിക്കുന്നത്. വ്യാഴാഴ്ച ഇസ്രേലി, പലസ്തീൻ നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, വെടിനിർത്തൽ തുടരണമെന്നും ഇസ്രേലി സേന ആക്രമണം പുനരാരംഭിച്ചാൽ പലസ്തീൻ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബർ ഏഴിനു ഹമാസ് ഭീകരർ ഇസ്രയേലിൽ ഭീകരാക്രമണം നടത്തി 1200 പേരെ വധിക്കുകയും 240ലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണു യുദ്ധം തുടങ്ങിയത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഗാസയിൽ 6,000 കുട്ടികൾ അടക്കം 14,800 പേരാണു കൊല്ലപ്പെട്ടത്.
വെടിനിർത്തൽ കാലയളവിൽ 110 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. പകരമായി 240 പലസ്തീനികൾ ഇസ്രേലി ജയിലിൽനിന്നു മോചിതരായി. വ്യാഴാഴ്ച എട്ടു ബന്ദികളെ ഹമാസും 30 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു. ഇനിയും 137 ബന്ദികളെ വിട്ടുകിട്ടാനുണ്ടെന്ന് ഇസ്രയേൽ പറയുന്നു. കൂടാതെ കാണാതായ ഏഴു പേരുമുണ്ട്.