മഡഗാസ്കറിൽ ആൻഡ്രി രാജൊലിനയ്ക്ക് മൂന്നാമൂഴം
Sunday, November 26, 2023 1:51 AM IST
ആന്റാനാനാരിവൊ: ദ്വീപുരാജ്യമായ മഡഗാസ്കറിൽ ആൻഡി രാജൊലിന മൂന്നാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 59 ശതമാനം വോട്ട് ലഭിച്ചു.
ക്രമക്കേട് ആരോപിച്ചു പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. അതിനാൽത്തന്നെ 46 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗാണിത്.
തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയിൽ ആശങ്ക പ്രകടിപ്പിച്ച് എതിർസ്ഥാനാർഥികളായിരുന്ന പത്തുപേരും വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിക്കുകയും സ്ഥാനാർഥിത്വം പിൻവലിക്കുകയും ചെയ്തിരുന്നു.
മഡഗാസ്കർ-ഫ്രഞ്ച് ഇരട്ട പൗരത്വം ചൂണ്ടിക്കാട്ടി ആൻഡ്രി രാജൊലിനയെ സ്ഥാനാർഥിത്വത്തിൽനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷപാർട്ടികൾ കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
ആൻഡ്രി രാജൊലിന തെരഞ്ഞെടുക്കപ്പെട്ടത് ഇനി ഭരണഘടനാ കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. 49കാരനായ ആൻഡ്രി വ്യവസായികൂടിയാണ്.